സർക്യൂട് ബ്രേക്കർ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രീമിയർ സ്റ്റീവൻ മാർഷൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ബുധനാഴ്ച അർധരാത്രി മുതൽ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതേതുടർന്ന് ആറ് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ
ഒരു ദിവസം ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദമുള്ളത്. അതും നിശ്ചിത കാരണത്തിന് മാത്രം.
അടുത്ത ആറ് ദിവസത്തേക്ക് സ്കൂളുകൾ, ടേക്ക് എവേ, നിർമാണ മേഖല എന്നിവ അടച്ചിടും. ഇലക്റ്റിവ് സർജറികൾ, കെട്ടിടത്തിന് പുറത്തുള്ള കായിക വിനോദങ്ങൾ എന്നിവ നിർത്തിവയ്ക്കും. യൂണിവേഴ്സിറ്റികൾ, പബുകൾ, കഫേകൾ എന്നിവ അടച്ചിടും. വീടിന് പുറത്തുള്ള വ്യായാമത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വിവാഹങ്ങൾക്കും, സംസ്കാര ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തി. ഏജ്ഡ് കെയർ കേന്ദ്രങ്ങളും ഡിസബിലിറ്റി കേന്ദ്രങ്ങളും ലോക്ക് ഡൗൺ ചെയ്യുമെന്ന് സർക്കാർ അറിയിച്ചു
വീടിന് പുറത്തിറങ്ങുമ്പോൾ കഴിയുന്നതും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്നതും താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്കെത്തുന്ന FIFO ജീവനക്കാർക്കും വിലക്കേർപ്പെടുത്തി.
എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, അർബുദ ചികിത്സകൾ എന്നിവയെ ഇത് ബാധിക്കില്ല.
സൂപ്പർമാർക്കറ്റുകൾ സാധാരണ പോലെ തുടർന്ന് പ്രവർത്തിക്കും.
രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ അത്യാവശ്യമാണെന്നും വൈകിയാൽ വിക്ടോറിയയിലെ നേരിട്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധയതയുണ്ടെന്നും ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പറിയർ വ്യക്തമാക്കി.