സൗത്ത് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ ഉള്ള സർക്കർ സ്കൂളുകളിൽ പഠിക്കുന്നവർ നൽകേണ്ട സ്റ്റുഡന്റ് കോൺട്രിബ്യുഷൻ ആണ് സംസ്ഥാന സർക്കാർ ഇളവ് ചെയ്തത്. 2019ൽ ഒരു പ്രൈമറിസ്കൂൾ വിദ്യാർത്ഥി 5,300 ഡോളറും, ഹൈസ്കൂൾ വിദ്യാർത്ഥി 6,400 ഡോളറുമാണ് സ്റ്റുഡന്റ് കോൺട്രിബ്യുഷനായി നൽകേണ്ടിയിരുന്നത്.
ഇതാണ് സർക്കാർ പൂർണ്ണമായും ഇളവ് ചെയ്തിരിക്കുന്നത്. ഇതോടെ 457, 482 എന്നീ വിസകളിൽ ഇവിടേക്കെത്തുന്നവരുടെ കുട്ടികൾക്ക് സൗജന്യമായി സർക്കാർ സ്കൂളുകളിൽ പഠിക്കാം.
2019 അധ്യയനവർഷം ആരംഭിക്കുമ്പോൾ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
ഇതിനായി 350,000 ഡോളറാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്.
പദ്ധതി നടപ്പിലാകുന്നതുവഴി കൂടുതൽ വിദേശ തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മാത്രമല്ല തൊഴിലാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വ്യവസായസ്ഥാപനങ്ങൾക്കും ഇതൊരു ആശ്വാസമാകുമെന്നും പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ജോൺ ഗാർഡ്നർ പറഞ്ഞു .
2017ലാണ് പുതിയ കുടിയേറ്റക്കാർ ഒരു തുക സ്കൂൾ ഫീ ഇനത്തിൽ നൽകണമെന്ന നിയമം നടപ്പിലായത്. 2018 മുതൽ 457 വിസയിലും 482 വിസയിലും സംസ്ഥാനത്തേക്ക് എത്തുന്നവർക്കും ഇത് ബാധകമായിരുന്നു.