ഓസ്ട്രേലിയ ദിനം എന്ന പേരിൽ ജനുവരി 26 ആഘോഷിക്കുമ്പോൾ, ഈ മണ്ണിന്റെ യഥാർത്ഥ ഉടമകളായ ആദിമവർഗ്ഗക്കാരും ടോറസ് സ്ട്രൈറ്റ് ഐലന്റ് ജനതയും പ്രതിഷേധ ദിനമായാണ് കാണുന്നത്.
1938 മുതൽ ഇത് “വിലാപത്തിന്റ ദിനം” (Day of Mourning) ആയാണ് ആദിമവർഗ്ഗവിഭാഗങ്ങൾ ആചരിച്ചിരുന്നത്.
സമീപകാലത്തായി ജനുവരി 26നെ “അധിനിവേശ ദിന”മെന്നും (Invasion Day), “അതിജീവന ദിന”മെന്നും (Survival Day) വിളിക്കാറുണ്ട്.
സ്വന്തം മണ്ണിൻമേലുള്ള പരമാധികാരം കവർന്നെടുക്കപ്പെട്ട ദിവസം എന്ന നിലയിലാണ് ആദിമവർഗ്ഗ വിഭാഗങ്ങൾ ജനുവരി 26നെ ഇത്തരത്തിൽ കാണുന്നത്.
ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെയും, ടോറസ് സ്ട്രൈറ്റ് ഐലന്റ് വിഭാഗക്കാരുടെയും അവകാശപ്പോരാട്ടങ്ങളുടെ കാതലായ വിഷയം തന്നെ “പരമാധികാര”മാണ് (sovereignty). അതേസമയം, എങ്ങനെയാണ് പരമാധികാരത്തെ വിലയിരുത്തേണ്ടതെന്ന കാര്യത്തിൽ ആദിമവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ഇന്നത്തെ ഓസ്ട്രേലിയയിൽ ആദിമവർഗ്ഗ വിഭാഗങ്ങളെ എങ്ങനെയൊക്കെ അംഗീകരിക്കണം എന്ന് നടക്കുന്ന ചർച്ചകളെ നയിക്കുന്നതും ഈ വ്യത്യസ്ത അഭിപ്രായങ്ങളാണ്.
അംഗീകാരം, ഉടമ്പടി, ശബ്ദം, സത്യം എന്നിവയാണ് ആദിമവർഗ്ഗവിഭാഗങ്ങൾ ആവശ്യപ്പെടുന്നത്.
അംഗീകാരം
ഈ ഭൂമിയുടെ യഥാർത്ഥ ഉടമകൾക്ക് ഇന്നത്തെ ഓസ്ട്രേലിയയിൽ അർഹമായ അംഗീകാരം നൽകണം എന്ന വാദമാണ് ഇത്.
ഇതിനുള്ള ഒരു മാർഗ്ഗമായി പറയുന്നത് ഓസ്ട്രേലിയൻ ഭരണഘടനയിൽ ലഭിക്കേണ്ട അംഗീകാരമാണ്. 1980കൾ മുതൽ നടന്നുവരുന്ന വിദഗ്ധ സമിതി പരിശോധനകളുടെയും, സെനറ്റ് അന്വേഷണങ്ങളുടെയും, ഭരണഘടനാ സമിതി വിലയിരുത്തലുകളുടെയും റിപ്പോർട്ടുകളും ശുപാർശകളുമെല്ലാം ഇതിനായുണ്ട്.
ഇത്തരം ചർച്ചകളിൽ നിലവിൽ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്നത് വുളുരു സ്റ്റേറ്റ്മെന്റ് ഫ്രം ദ ഹാർട്ട് എന്ന രേഖയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ആദിമവർഗ്ഗ പ്രതിനിധികളുമായി നടത്തിയ തുടർച്ചയായ ചർച്ചകളുടെ ആകെത്തുകയാണ് അത്.
പാർലമെന്റിൽ ഈ ശബ്ദം കേൾപ്പിക്കുന്നതിനായി കൂടുതൽ ജനപിന്തുണ നേടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് ‘ഫ്രം ദ ഹാർട്ട്’ എന്ന പ്രചാരണ പരിപാടിയുടെ ഡയറക്ടർ ഡീൻ പാർക്കിൻ പറഞ്ഞു.

ശബ്ദം
ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരെ ഭരണഘടനയിൽ അംഗീകരിക്കുക എന്നതിലൂടെ അവർക്ക് ശബ്ദം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ആദിമവർഗ്ഗവിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കാനും, തീരുമാനങ്ങളെ സ്വാധീനിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യം.
ആദിമവർഗ്ഗ വിഭാഗങ്ങളുടെ ശബ്ദം സർക്കാരിൽ എത്തിക്കാൻ കഴിയുന്ന ഒരു പ്രതിനിധി സമിതിയാകും ഇതിന് ഉചിതം എന്നാണ് ആദിമവർഗ്ഗ വകുപ്പ് മന്ത്രി കെൻ വ്യാറ്റിന്റെ അഭിപ്രായം. പാർലമെന്റിൽ നിലപാടുകൾ എത്തിക്കുന്നതിനെക്കാൾ കൂടുതൽ ഗുണകരമാകുക ഭരണത്തിലുള്ള സർക്കാരിലും രാഷ്ട്രീയപാർട്ടിയിലും നിലപാടുകൾ എത്തിക്കുന്നതാകും എന്നതാണ് കെൻ വ്യാറ്റിന്റെ അഭിപ്രായം.

എന്നാൽ, ഭരണഘടനാപരമായ അംഗീകാരത്തിനു പകരം ഇത്തരമൊരു സംവിധാനം രൂപീകരിക്കുന്നത് നിരാശാജനകവും, ദൗർഭാഗ്യകരവുമായിരിക്കും എന്നാണ് ആദിമവർഗ്ഗ പ്രതിനിധിയായ ഡാനി ലാർകിൻ പറയുന്നത്.
ഭരണഘടനാ റെഫറണ്ടത്തിലൂടെ ഇത് പാർലമെന്റിലെത്തിച്ചാൽ, അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് തീരുമാനങ്ങൾ മാറ്റുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഉടമ്പടി
ചർച്ചയാകുന്ന മറ്റൊരു പ്രധാന വിഷയാണ് ഉടമ്പടി. ബ്രിട്ടീഷുകാർ എത്തുന്നതിന് മുമ്പേ ഈ നാടിന്റെ ഉടമകൾ ആദിമവർഗ്ഗ വിഭാഗക്കാരായിരുന്നു എന്ന് സമ്മതിച്ചുകൊണ്ട് സർക്കാരുമായി ഒരു ഉടമ്പടി രൂപീകരിക്കണം എന്നതാണ് ഇതിന്റെ കാതൽ.

യഥാർത്ഥ ഉടമകളിൽ നിന്ന് ഈ ഭൂമി പിന്നീട് കൈക്കലാക്കിയതാണ് എന്ന് സമ്മതിക്കലും ഉടമ്പടിയിലെ ആവശ്യമാണ്.
പാർലമെന്റിൽ ശബ്ദം എത്തിക്കുന്നതിനെക്കാൾ ആദ്യം ചെയ്യേണ്ടത് ഇത്തരമൊരു ഉടമ്പടിയാണ് എന്നാണ് പലരും ആവശ്യപ്പെടുന്നത്. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുള്ള ഉടമ്പടികളാണ് അവരുടെ ആവശ്യം.
അനുരഞ്ജനത്തിന്റെയും സത്യം തുറന്നുപറയുന്നതിന്റെയും തുടക്കമാകും ഇതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂസിലാന്റിലും, അമേരിക്കയിലും, കാനഡയിലും ഭൂമിയുടെ യഥാർത്ഥ ഉടമകൾക്ക് അംഗീകാരം നൽകിയത് ഇങ്ങനെയാണെന്നും അവർ വാദിക്കുന്നു.
ഈ നിലപാടുമായി 2017ലെ വുളുരു ഉച്ചകോടിയിൽ നിന്ന് നിരവധി ആദിമവർഗ്ഗ പ്രതിനിധികൾ ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു.
നിലവിൽ വിക്ടോറിയയിലെ ഗ്രീൻസ് സെനറ്ററായ ലിഡിയ തോർപ്പ് അതിലൊരാളാണ്.

എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി മാത്രേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പാടുള്ളൂ എന്നാണ് അവർ പറയുന്നത്.
ആദിമവർഗ്ഗ വിഭാഗങ്ങളിലെ പല യുവതീയുവാക്കളും ഉടമ്പടി എന്ന ആശയത്തെയാണ് പിന്തുണയ്ക്കുന്നത്. ഭരണഘടനാ പരമായ റെഫറണ്ടം എന്നത്, ഇത്രകാലവും എതിർത്ത ബ്രിട്ടീഷ് കോളനിവാഴ്ചയുമായുള്ള ഒത്തുപോകലാകും എന്നാണ് അവരുടെ വാദം.
ആദിമവർഗ്ഗ ശബ്ദം ഉറപ്പാക്കുന്നതിനായി സർക്കാർ മൂന്ന് ഉപദേശകസമിതികളെ നിയോഗിച്ചിട്ടുണ്ട്. ദേശീയ തലത്തിലും, പ്രാദേശിക തലങ്ങളിലുമാകും ഈ സമിതികൾ പ്രവർത്തിക്കുക.

