ഓസ്ട്രേലിയയിൽ കൊറോണവൈറസ് സാഹചര്യം നിയന്ത്രണത്തിലാകുകയും, ലോക്ക്ഡൗൺ ഇളവുകൾ തുടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയത്.
വൈറസ് നിയന്ത്രണത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഒരുമിച്ച് നിന്ന സംസ്ഥാന പ്രീമിയർമാർ, അതിർത്തി തുറക്കുന്ന വിഷയത്തിൽ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തി.
പ്രധാനമന്ത്രിയും സംസ്ഥാന പ്രീമിയർമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടുന്ന ദേശീയ ക്യാബിനറ്റിലായിരുന്നു കൊറോണവൈറസ് പ്രതിരോധം സംബന്ധിച്ചുള്ള തീരുമാനങ്ങളെല്ലാമെടുത്തത്. സംസ്ഥാനങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളപ്പോഴും, ദേശീയ ക്യാബിനറ്റിന്റെ നിർദ്ദേശം പാലിച്ച് മാത്രമാണ് സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചത്.
എന്നാൽ, അതിർത്തി തുറക്കുന്ന വിഷയത്തിൽ ഈ സമവായം ഇല്ലാതായിരിക്കുകയാണ്.
പരസ്യമായ വാക്കുതർക്കം
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഇപ്പോഴും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ACT എന്നിവ മാത്രമായിരുന്നു ലോക്ക്ഡൗൺ സമയത്തും അതിർത്തികൾ പൂർണമായും തുറന്നിട്ടിരിുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
രാജ്യത്തിൽ പൊതുവിൽ രോഗബാധയുടെ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ അതിർത്തികൾ തുറക്കണമെന്നാണ് ഫെഡറൽ സർക്കാരും ന്യൂ സൗത്ത് വെയിൽസും ആവശ്യപ്പെടുന്നത്. എന്നാൽ ക്വീൻസ്ലാന്റും വെസ്റ്റേൺ ഓസ്ട്രേലിയയും ഇതിനെ ശക്തമായി എതിർക്കുകയാണ്.
സംസ്ഥാനത്തുള്ളവർക്ക് ക്വീന്സ്ലാന്റിലേക്കുള്ള യാത്ര അനുവദിക്കണമെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സാമ്പത്തിക രംഗത്തിനു തന്നെ ഉത്തേജനം പകരാൻ അതിർത്തികൾ തുറക്കുകയും ടൂറിസം ശക്തമാകുകയും വേണമെന്ന് ബെറെജെക്ലിയൻ പറഞ്ഞു.
അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് രാജ്യത്തിന്റെ മുഴവൻ സാമ്പത്തികരംഗത്തെ ബാധിക്കുകയാണ് ബെറെജെക്ലിയൻ
സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടി ന്യൂ സൗത്ത് വെയിൽസുമായി തർക്കത്തിൽ ഏർപ്പെടുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക്ക്ഗവൻ എന്നും ബെറെജെക്ലിയൻ കുറ്റപ്പെടുത്തി.
എന്നാൽ, ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കൊറോണവൈറസിന്റെ സാമൂഹിക വ്യാപനം ഇപ്പോഴുമുള്ളതിനാൽ ഈ സംസ്ഥാനങ്ങളുമായുള്ള അതിർത്തി തുറക്കാൻ കഴിയില്ല എന്നാണ് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ പ്രഖ്യാപിച്ചത്.
“വൈറസ് പ്രതിരോധത്തിൽ ഏറ്റവും മോശമായി നിൽക്കുന്ന സംസ്ഥാനം ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട” എന്ന് ക്വീൻസ്ലാന്റ് ടൂറിസം മന്ത്രി മാർക്ക് ബെയ്ലിയും പറഞ്ഞു.
“ക്വീൻസ്ലാന്റിൽ ഉള്ളതിനെക്കാൾ 33 മടങ്ങ് അധികം കേസുകളാണ് ഇപ്പോൾ NSWൽ” എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക്ക്ഗവനും രൂക്ഷമായി തന്നെ ന്യൂ സൗത്ത് വെയിൽസിനെതിരെ പ്രതികരിച്ചു.
ഉപദേശിക്കാൻ വേണ്ട അർഹത ന്യൂ സൗത്ത് വെയിൽസ് സർക്കാരിനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ന്യൂ സൗത്ത് വെയിൽസിലായിരുന്നു റൂബി പ്രിൻസസ് കപ്പൽ എത്തിയത്. എന്നിട്ടും അവരാണ് മറ്റു സംസ്ഥാനങ്ങളെ ഉപദേശിക്കുന്നത് മാർക്ക് മക്ക്ഗവൻ
ഓസ്ട്രേലിയയിൽ ആദ്യഘട്ടത്തിൽ ഏറ്റവുമധികം വൈറസ് പടരാൻ കാരണമായത് റൂബി പ്രിൻസ് ക്രൂസ് കപ്പലിൽ നിന്നുള്ള യാത്രക്കാരെ സിഡ്നിയിൽ പരിശോധന കൂടാതെ ഇറങ്ങാൻ അനുവദിച്ചതായിരുന്നു.
ന്യൂ സൗത്ത് വെയിൽസ് സർക്കാർ പറയുന്നത് താൻ ചെവിക്കൊള്ളില്ലെന്നും, സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരുടെ ഉപദേശം മാത്രമേ കേൾക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Crucero Ruby Princess Source: NSW Police
രാഷ്ട്രീയത്തിനപ്പുറം കൂട്ടുകെട്ട്
കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള ഗ്രൂപ്പുകളാണ് സംസ്ഥാനങ്ങൾ തമ്മിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ആദ്യഘട്ടത്തിൽ, സ്കൂളുകൾ അടയ്ക്കണമെന്നും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ശക്തമായി ആവശ്യപ്പെട്ടത് ലിബറൽ പാർട്ടി ഭരിക്കുന്ന NSW ഉം, ലേബർ ഭരിക്കുന്ന വിക്ടോറിയയുമാണ്.
എന്നാൽ സ്കോട്ട് മോറിസൻ നയിക്കുന്ന ഫെഡറൽ ലിബറൽ സർക്കാരിന്റെ നിലപാട് സ്കൂളുകൾ തുറന്നു പ്രവർത്തിക്കണം എന്നായിരുന്നു.
ലോക്ക് ഡൗണിനു ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ആദ്യം തീരുമാനമെടുത്തതും ലേബർ പാർട്ടി ഭരിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയാണ്.
അതിർത്തി തുറക്കുന്ന കാര്യത്തിലും സമാനമാണ് നിലപാടുകൾ.
ലേബർ സംസ്ഥാനങ്ങളായ ക്വീൻസ്ലാന്റ്, വെസ്റ്റേൺ ഓസ്ട്രേലിയ, ലിബറൽ സംസ്ഥാനമായ സൗത്ത് ഓസ്ട്രേലിയ എന്നിവ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
അതിർത്തി കടന്ന് കൂടുതൽ വൈറസ്ബാധയെത്താൻ അനുവദിക്കില്ലെന്ന് സൗത്ത് ഓസ്ട്രേലിയയുടെ ലിബറൽ പ്രീമിയർ സ്റ്റീവൻ മാർഷലും പ്രഖ്യാപിച്ചു.
ലേബർ ഭരിക്കുന്ന നോർതേൺ ടെറിട്ടറിയും, ലിബറൽ ഭരിക്കുന്ന ടാസ്മേനിയയും ഇതേ നിലപാട് തുടരുകയാണ്.

Premier Steven Marshall in Adelaide. Source: AAP
അതിനിടെ, ക്വീന്സ്ലാന്റ്, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി എന്നിവിടങ്ങളിലുള്ളവർക്ക് പരസ്പരം യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലെ ട്രാവൽ ബബിളിനെക്കുറിച്ചും ചർച്ചയുണ്ട്.
ഇത് വരികയാണെങ്കിൽ NSW, വിക്ടോറിയ, ACT എന്നിവയെ ഒഴിച്ചു നിർത്തിയുള്ള ടൂറിസം രംഗമായിരിക്കും തുറക്കുന്നത്.