കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പു വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന സിഡ്‌നി നഗരവും സമീപ പ്രദേശങ്ങളും വീണ്ടും കൊവിഡ് ബാധയുടെ ആശങ്കയിലാണ്.
ഒറ്റ ദിവസം കൊണ്ട് 16 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ഗ്രേറ്റര്‍ സിഡ്‌നി മേഖലയില്‍ നിയന്ത്രണങ്ങളും നിലവില്‍ വന്നു.
ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും സിഡ്‌നിയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സിഡ്‌നിയിലെ ഏഴു സബര്‍ബുകളെ ഫെഡറല്‍ സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
- സിഡ്‌നി
- വേവര്‍ലി
- റാന്‍ഡ്വിക്ക്
- കാനഡ ബേ
- ഇന്നര്‍ വെസ്റ്റ്
- ബേസൈഡ്
- വൂലാര
ജൂണ്‍ 30 വരെയാണ് ഇവയെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങളുമായി മറ്റു സംസ്ഥാനങ്ങള്‍
സിഡ്‌നിയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തി പൂര്‍ണമായി അടയ്ക്കാനാണ് ചില സംസ്ഥാനങ്ങളുടെ തീരുമാനം. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ
അതിര്ത്തി നിയന്ത്രണത്തിന്റെ കാര്യത്തില്‍ കടുത്ത നിലപാട് തുടരുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ ന്യൂ സൗത്ത് വെയില്‍സുമായി അതിര്‍ത്തി അടയ്ക്കുന്നതായി പ്രഖ്യാപിച്ചു.
NSWനെ ഇതു വരെ ലോ റിസ്‌ക് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മീഡിയം റിസ്‌ക് ആയിരിക്കുകയാണെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്ക്ഗവന്‍ പറഞ്ഞു.
സിഡ്‌നിയെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവനുമാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ NSWക്കാര്‍ക്ക് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് പ്രവേശനമുണ്ടാകില്ല.
പ്രത്യേക ഇളവ് നേടിയാല്‍ മാത്രമേ യാത്ര അനുവദിക്കൂ. അങ്ങനെ എത്തിയാലും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്‌റൈനും പരിശോധനയും നിര്‍ബന്ധമായിരിക്കും.
സൗത്ത് ഓസ്‌ട്രേലിയ
ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ സൗത്ത് ഓസ്‌ട്രേലിയയും തീരുമാനിച്ചു.
ഉടന്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു.
സൗത്ത് ഓസ്‌ട്രേലിയക്കാര്‍ക്ക് NSWല്‍ നിന്ന് തിരിച്ചെത്താന്‍ അനുവാദമുണ്ടാകും. പ്രത്യേക ഇളവുകള്‍ ലഭിച്ചവര്‍ക്കും യാത്ര ചെയ്യാം.
ക്വീന്‍സ്ലാന്റ്
സിഡ്‌നിയിലെ ഹോട്ട്‌സ്‌പോട്ടുകളുമായി അതിര്‍ത്തി അടയ്ക്കാനാണ് ക്വീന്‍സ്ലാന്റിന്റെ തീരുമാനം.
ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഏഴു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ക്വീന്‍സ്ലാന്റിലേക്ക് പ്രവേശിക്കാനാവില്ല.
നാളെ മുതല്‍ തിരിച്ചെത്തുന്ന ക്വീന്‍സ്ലാന്റുകാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
സ്‌കൂള്‍ അവധിക്കാലം തുടങ്ങാനിരിക്കെയാണ് ഈ അതിര്‍ത്തി നിയന്ത്രണം എന്നത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലിക്കാും.
വിക്ടോറിയ
സിഡ്‌നിയിലെ ഏഴു പ്രദേശങ്ങളെയും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ യാത്രാ പെര്‍മിറ്റ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് വിക്ടോറിയയില്‍ പ്രവേശനമുണ്ടാകില്ല.
വൊളംഗോംഗിനെ ഓറഞ്ച് സോണായും പ്രഖ്യാപിച്ചു. ഇവിടെ നിന്നെത്തുന്നവര്‍ പരിശോധന നടത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.
ടാസ്‌മേനിയ
ബുധനാഴ്ച വൈകിട്ട് നാലു മണി മുതലാണ് ഇത്.
ജൂണ്‍ 11നു ശേഷം ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ടാസ്‌മേനിയയില്‍ പ്രവേശനം അനുവദിക്കില്ല.
തിരിച്ചെത്തുന്ന ടാസ്‌മേനിയക്കാര്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്യേണ്ടി വരും.
NT
ഗ്രേറ്റര്‍ സിഡ്‌നിയെ പൂര്‍ണമായും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കാനാണ് നോര്‍തേണ്‍ ടെറിട്ടറി സര്ക്കാരിന്റെ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറു മണി മുതലാണ് ഇത്.
ഗ്രേറ്റര്‍ സിഡ്‌നിയുടെ ഏതു ഭാഗത്തു നിന്നും എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
ACT
ഏഴ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് സ്‌റ്റേ അറ്റ് ഹോം ഉത്തരവാണ് ACT സര്‍ക്കാര്‍ നല്കിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് നാലു മണി മുതലാണ് ഇത് നിലവില്‍ വന്നത്.