മനോഹരമായ ബീച്ചുകൾക്ക് പ്രസിദ്ധമായ ഓസ്‌ട്രേലിയയിൽ സൗജന്യ പ്രവേശനമുള്ള പതിനായിരത്തിലധികം ബീച്ചുകളാണുള്ളത്.
വേനൽക്കാലത്ത് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബീച്ചുകൾ. എന്നാൽ ബീച്ചുകളിലെ അപകട സാധ്യതകളെപ്പറ്റി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കുടിയേറ്റ സമൂഹത്തിന് അപകടസാധ്യത കൂടുതൽ
ഓസ്‌ട്രേലിയൻ കടലുകളിലെ പരിചയക്കുറവ് കുടിയേറ്റക്കാരെയും സന്ദർശകരെയും പലപ്പോഴും അപകടത്തിൽപ്പെടുത്തും.
കടലിൽ പെട്ടെന്നുണ്ടാകുന്ന തിരതള്ളലും ഉൾവലിവും മനസിലാക്കാൻ സാധിക്കാത്തതാണ് പല അപകട മരണങ്ങൾക്കും കാരണം. കഴിഞ്ഞ വർഷം മാത്രം 249 പേരാണ് ഓസ്‌ട്രേലിയൻ ബീച്ചുകളിൽ മുങ്ങിമരിച്ചിട്ടുള്ളത്.
ലൈഫ് ഗാർഡുകളുള്ള ബീച്ചുകൾ തിരഞ്ഞെടുക്കാം
ബീച്ചുകളിൽ നീന്തുമ്പോൾ ലൈഫ് ഗാർഡുകളുള്ള ബീച്ചുകൾ തിരഞ്ഞെടുക്കണമെന്ന് സർഫ് ലൈഫ് സേവിങ് മൾട്ടി കൾച്ചറൽ ഓഫീസർ സ്കോട്ട് ഹാരിസൺ ഓർമ്മിപ്പിക്കുന്നു.
ബീച്ചുകളിൽ മഞ്ഞയും ചുവപ്പും കൊടികളുള്ള സ്ഥലങ്ങൾ മാത്രം നീന്താനായി തിരഞ്ഞെടുക്കുക. മഞ്ഞയും ചുവപ്പും കൊടികൾ ലൈഫ് ഗാർഡുകളുടെ സാമിപ്യമാണ് കാണിക്കുന്നത്.

Lifeguard Flags Source: Flickr
ഈ പ്രദേശങ്ങളിൽ ലൈഫ്ഗാർഡുകളും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുമുണ്ടാകും അതുകൊണ്ടുതന്നെ അപകടം സംഭവിക്കുമ്പോൾ പെട്ടെന്ന് ആളുകളെ രക്ഷിക്കാനും സാധിക്കും.
ബീച്ച് സേഫ് ആപ്ലിക്കേഷനുകൾ
ബീച്ചുകളിലെ ലൈഫ് ഗാർഡ് സുരക്ഷയുടെ കൂടുതൽ വിവരങ്ങൾ ബീച്ച്സേഫ് ആപ്ലിക്കേഷനലുകളിൽ ലഭ്യമാണ്. സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന ഈ ആപ്ലിക്കേഷനിൽ 72 ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.
വിനോദത്തിനായി മീൻപിടിക്കാൻ പോകുമ്പോൾ
വിനോദത്തിനായി മീൻപിടിക്കാൻ പോകുന്നവരും മുൻകരുതലുകൾ എടുക്കണം. പലപ്പോഴും റോക്ക് ഫിഷിങ് അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്.
റോക്ക് ഫിഷിങ്ങിന് പോകുന്നവർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. റോക്ക് ഫിഷിങ്ങിന് പോകുമ്പോൾ മിനുസമുള്ള പ്രതലങ്ങളിൽ തെന്നിപ്പോകാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക ബുഷുകളുള്ള ഷൂകൾ ( cleats) ധരിക്കണം.
മുഴുവൻ സമയവും ലൈഫ് ജാക്കറ്റ് ധരിക്കുന്നതും, സുഹൃത്തുക്കളോട് മീൻപിടിക്കാൻ പോകുന്ന സ്ഥലം കൃത്യമായി അറിയിക്കുന്നതുമുൾപ്പെടെയുള്ള ചെറിയ കാര്യങ്ങൾ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് റോയൽ ലൈഫ് സേവിങ് സൊസൈറ്റി നാഷണൽ മാനേജർ ക്രെയ്ഗ് റോബർട്സ് പറയുന്നു.
നാഷണൽ പാർക്കുകൾ, ഹൈക്കിങ് , ട്രക്കിങ്
മരുഭൂമിയിലും, മലകളിലും, കാടുകളിലുമായി അഞ്ഞൂറിലധികം നാഷണൽ പാർക്കുകൾ ഓസ്‌ട്രേലിയയിലുണ്ട്. യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ സ്ഥലത്തെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Australia has over five hundred national parks spreading across deserts, forests, mountains and water. Source: Nambung National Park (flickr/touropia)
സൗകര്യങ്ങൾ കുറഞ്ഞ ഉൾനാടൻ പ്രദേശങ്ങളിലേക്ക്കുട്ടികളുമായി പോകുമ്പോൾ അവിടുത്തെ സാഹചര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും, അനുയോജ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുമുണ്ട്.
പാർക്കുകൾ സന്ദർശിക്കുമ്പോൾ പാർക്കിന്റെ രീതിയും, പാർക്കിലെ റോഡ് സൗകര്യങ്ങളും ഓൺലൈനിൽ നോക്കി മനസ്സിലാക്കുന്നത് യാത്രയെ കൂടുതൽ സുരക്ഷിതമാക്കുമെന്ന് വിക്ടോറിയ ഗ്രാമ്പിയൻസ് നാഷണൽ പാർക്ക് റേഞ്ചർ റ്റാമി സ്കൂ പറയുന്നു.
അതേസമയം ഓസ്‌ട്രേലിയയിൽ പുതുതായി എത്തിയവർക്ക് പാർക്കുകളെക്കുറിച്ച് അനാവശ്യമായ പേടികൾ ഉണ്ടെന്നും റ്റാമി പറയുന്നു. ഓസ്‌ട്രേലിയൻ നാഷണൽ പാർക്കുകളിൽ വിഷമുള്ള പാമ്പുകളും എട്ടുകാലികളും ധാരാളമുണ്ടെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ വേണ്ട മുൻകരുതലുകളോടെ സന്ദർശിച്ചാൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നല്കുന്നവയാണ് പാർക്കുകളെന്നും റ്റാമി സ്കൂ പറയുന്നു.
ചുട്ടുപൊള്ളുന്ന സൂര്യൻ
തീക്ഷണമായ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുന്ന ഓസ്‌ട്രേലിയയിൽ മുന്നിൽ രണ്ടുപേർക്ക് വീതം ത്വക്കിൽ അർബുദം വരുന്നുണ്ടെന്നാണ് കണക്കുകൾ.
വേനൽക്കാലത്ത് പുറത്തിറങ്ങുന്നത് പരമാവധി രാവിലെകളിലും, വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ഈ സമയങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളുടെ തീക്ഷണത കുറവായിരിക്കും.
പുറത്തു പോകുമ്പോൾ ചർമ്മത്തിന് എല്ലാവിധ സംരക്ഷണവും ഉറപ്പു വരുത്തണം. സൺഗ്ലാസുകളും, ചർമ്മത്തെ മൂടുന്ന വസ്ത്രങ്ങളും, തൊപ്പികളും ധരിക്കുന്നതിനൊപ്പം തന്നെ സൺസ്‌ക്രീനുകളും ഉപയോഗിക്കണമെന്നാണ് കാൻസർ കൗൺസിൽ സി ഇ ഒ പ്രൊഫസസ്സർ സാൻചിയ അറാന്റ ഓർമിപ്പിക്കുന്നത്.
സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ
- പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും സൺ സ്ക്രീനുകൾ പുരട്ടേണ്ടതാണ്.
- സൺ പ്രൊട്ടക്ഷൻ ഫാക്ടർ മുപ്പതോ (SPF 30) അതിൽകൂടുതലോ ഉള്ള സൺ സ്ക്രീനുകൾ ഉപയോഗിക്കണം.
- ഓരോ രണ്ടുമണിക്കൂറിലും സൺസ്ക്രീനുകൾ പുരട്ടണം.
- വെള്ളത്തിൽ ഇറങ്ങുകയോ, വിയർക്കുകയോ ചെയ്യുമ്പോൾ കൂടുതൽ പ്രാവശ്യം സൺ സ്ക്രീനുകൾ പുരട്ടണം.
സാധരണയായി നിറംകുറഞ്ഞവരെ അപേക്ഷിച്ചു ചർമ്മത്തിന് വെളുപ്പുനിറം കൂടുതലുള്ളവർക്കാണ് ത്വക്കിലെ അർബുദങ്ങൾ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ നിറം കുറഞ്ഞവർക്കും ആദിമവർഗ്ഗക്കാർക്കും സ്കിൻ ക്യാൻസറുകൾ വരുന്നത് അപൂർവ്വമല്ലെന്നും സാൻചിയ അറാന്റ മുന്നറിയിപ്പു നൽകുന്നു.
പൊതുവായ നിർദേശങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത് : കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.