കൊവിഡ് പ്രതിസന്ധിമൂലം ഓസ്‌ട്രേലിയയിൽ നിരവധി രംഗങ്ങളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് വിവിധ രംഗങ്ങളിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് സാധാരണ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ചയിൽ നാല്പത് മണിക്കൂർ എന്ന പരിധിയിൽ കൂടുതൽ ജോലി ചെയ്യാമെന്ന് സർക്കാർ അറിയിച്ചത്.
താഴെ നൽകിയിരിക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസയിലുള്ളവർക്കാണ് തുടർന്നും ഈ ഇളവ് ബാധകമാവുക. കൊവിഡിന്റെ സാഹചര്യത്തിലുള്ള താൽകാലിക മാറ്റമാണിതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
- ഏജ്‌ഡ് കെയർ അംഗീകൃത പ്രൊവൈഡർ അല്ലെങ്കിൽ ഫെഡറൽ സർക്കാർ ഫണ്ടിംഗ് ലഭിക്കുന്ന ഏജ്‌ഡ് കെയർ കേന്ദ്രം (RACS ID അല്ലെങ്കിൽ NAPS ID ഉള്ള കേന്ദ്രം)
- റെജിസ്ട്രേഷനുള്ള നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീം (NDIS) പ്രൊവൈഡർ
- ആരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരം കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്ന സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഇത് ബാധകമാണ്. ആരോഗ്യ സംബന്ധമായ കോഴ്‌സിൽ എൻറോൾ ചെയ്തിട്ടുള്ളവരായിരിക്കണം.
- കാർഷിക രംഗത്തുള്ള ജോലി
- വിനോദസഞ്ചാരം (ടൂറിസം) അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി രംഗം
- കൊവിഡ് നിയന്ത്രണങ്ങൾ ബാധിച്ചിരിക്കുന്ന പ്രദേശത്തുള്ളവർക്ക് ലോക്ക്ഡൗൺ സമയത്ത് സൂപ്പർമാർക്കറ്റുകൾ അല്ലെങ്കിൽ അനുബന്ധ വിതരണ കേന്ദ്രത്തിലുള്ള (ഡിസ്ട്രിബ്യുഷൻ കേന്ദ്രങ്ങൾ) ജോലിക്കായി
ഓസ്ട്രേലിയൻ ആൻഡ് ന്യൂസിലാൻഡ് സ്റ്റാൻഡേർഡ് ഇൻഡസ്ട്രിയൽ ക്ലാസിഫിക്കേഷൻ (ANZSIC) സിസ്റ്റം ഉപയോഗിച്ചാണ് മേഖലകൾ നിർവചിച്ചിരിക്കുന്നത്.
ഇത് താൽക്കാലികമായ മാറ്റമാണെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാർ വെബ്‌സൈറ്റ് സന്ദർശിക്കാനും നിർദ്ദേശമുണ്ട്.
ഈ മേഖലകളിൽ രണ്ടാഴ്ചയിൽ നാല്പത് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസയിലുള്ളവർ ഇക്കാര്യം അറിയിക്കുന്നതിനായി സർക്കാരിനെ ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നാല്പത് മണിക്കൂറിലധികം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെ കോഴ്സ് എൻറോൾമെൻറ് തുടരണമെന്നും, ആവശ്യമായ ഹാജർ നില പാലിക്കേണ്ടതുണ്ടെന്നും നിർദ്ദേശിക്കുന്നു. ഇതിനുപുറമെ കോഴ്‌സിന്റെ പുരോഗതിയും ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.
മേൽ പറഞ്ഞ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ മേഖലകളിൽ നിന്ന് ജോലിക്കായുള്ള ഓഫർ ലഭിച്ചിട്ടുള്ളവർക്കും കോഴ്സ് പൂർത്തിയാകുന്ന സാഹചര്യത്തിൽ COVID-19 പാൻഡെമിക് വിസക്ക് (subclass 408) അർഹതയുണ്ടാകാൻ സാധ്യതയുണ്ട്. സ്റ്റുഡന്റ് വിസയുടെ കാലാവധി തീരുന്നതിന് 90 ദിവസം മുൻപ് അപേക്ഷ നൽകണമെന്നാണ് നിബന്ധന.