ഓരോ വർഷവും ജൂലൈ ഒന്നിന് നിരവധി പുതിയ നിയമങ്ങളും നിയമമാറ്റങ്ങളും പ്രാബല്യത്തിൽ വരാറുണ്ട്.
ഇത്തവണ ഏറ്റവും പ്രധാന മാറ്റമുണ്ടാകുന്നത് സൂപ്പറാന്വേഷൻ നിക്ഷേപത്തിലാണ്.
സൂപ്പറാന്വേഷനിലേക്ക് തൊഴിലുടമ നൽകുന്ന വിഹിതം വർദ്ധിക്കുന്നതിനൊപ്പം, സൂപ്പർ ഫണ്ടുകൾ താരതമ്യം ചെയ്യുന്നതിനുള്ള പുതിയ ഓൺലൈൻ സംവിധാനവും ജൂലൈ ഒന്നിന് നിലവിൽ വരും.
ജോലി മാറുമ്പോൾ സൂപ്പറാന്വേഷൻ ഫണ്ട് മാറുന്ന രീതി അവസാനിപ്പിക്കുന്നതിനുള്ള നിയമമാറ്റം നവംബറിലും നിലവിൽ വരുന്നുണ്ട്.
സൂപ്പർ വിഹിതത്തിൽ വർദ്ധനവ്
ഓസ്ട്രേലിയയിലെ നിർബന്ധിത സൂപ്പറാന്വേഷൻ വിഹിതം ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഈ ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
നിലവിലെ നിയമ പ്രകാരം ജീവനക്കാരുടെ ശമ്പളത്തിന്റെ 9.5 ശതമാനം തുക സൂപ്പറാന്വേഷൻ അക്കൗണ്ടിലേക്ക് തൊഴിലുടമയുടെ വിവഹിതമായി അടയ്ക്കണം.
ഇത് ജൂലൈ ഒന്നു മുതൽ 10 ശതമാനമായി ഉയരും.
ജോലിയിൽ നിന്ന് വിരമിക്കുമ്പോഴുള്ള സാമ്പത്തിക ശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമമാറ്റം കൊണ്ടുവരുന്നത്.
30 വയസു പ്രായമുള്ള ഒരു ശരാശരി ഓസ്ട്രേലിയക്കാരൻ വിരമിക്കൽ പ്രായമെത്തുമ്പോൾ സൂപ്പറാന്വേഷൻ അക്കൗണ്ടിൽ 80,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ അധികം നിക്ഷേപം ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കും എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
നല്ലൊരുഭാഗം ഓസ്ട്രേലിയൻ തൊഴിലാളികളും ജൂലൈ ഒന്നിനു ശേഷം ഈ മാറ്റം നേരിട്ട് അറിയണമെന്നില്ല. പകരം, അവരുടെ സൂപ്പറാന്വേഷൻ അക്കൗണ്ടിൽ എത്തുന്ന തുക വർദ്ധിക്കും എന്നു മാത്രം.

Source: Getty Images
എന്നാൽ എല്ലാവർക്കും ഇത് പൂർണ സന്തോഷം നൽകുന്ന വാർത്തയായിരിക്കില്ല.
കുറച്ചു പേർക്കെങ്കിലും കൈവശം ലഭിക്കുന്ന ശമ്പളത്തുകയിൽ കുറവുണ്ടാകും.
തൊഴിലുടമയുടെ സൂപ്പറാന്വേഷൻ വിഹിതം കൂടി ശമ്പളപാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്കാകും ഇത്തരത്തിൽ കുറവുണ്ടാകുക.
അതായത്, ഒരാളുടെ വാർഷിക ശമ്പളപാക്കേജ് സൂപ്പർ ഉൾപ്പെടെ 80,000 ഡോളർ എന്നാണെങ്കിൽ (80,000 including super), ഈ ശമ്പളത്തുകയിൽ നിന്നാകും 0.5 ശതമാനം കൂടി അധികമായി സൂപ്പറാന്വേഷൻ നിക്ഷേപത്തിലേക്ക് പോകുക.
അത് കുറച്ചുള്ള ശമ്പളം മാത്രമേ കൈയിൽ കിട്ടുകയുള്ളൂ.
സൂപ്പറാന്വേഷൻ വിഹിതം വരും വർഷങ്ങളിലും ഘട്ടം ഘട്ടമായി കൂടുന്നുണ്ടാകും. വരുന്ന ഓരോ വർഷവും അര ശതമാനം വീതം വർദ്ധിപ്പിച്ച്, 2025 ജൂലൈ ഒന്നു മുതൽ 12 ശതമാനം നിർബന്ധിത സൂപ്പർ വിഹിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മികച്ച സൂപ്പർ കണ്ടെത്താം
സൂപ്പറാന്വേഷൻ രംഗത്ത് ഈ മാറ്റം മാത്രമല്ല ജൂലൈ ഒന്നു മുതൽ വരുന്നത്.
മികച്ച റിട്ടേൺസ് കിട്ടുന്ന സൂപ്പർ ഫണ്ട് ഏതെന്ന് കണ്ടെത്താനുള്ള ഒരു ഓൺലൈൻ സംവിധാനവും ജൂലൈ ഒന്നു മുതൽ സർക്കാർ നടപ്പാക്കുന്നുണ്ട്.
YourSuper എന്ന പേരിലെ ഓൺലൈൻ ടൂളാണ് നടപ്പാക്കുന്നത്.
ഓരോ സൂപ്പർ ഫണ്ടിന്റെയും ഫീസ്, ആനുകൂല്യങ്ങൾ, റിട്ടേൺസ് എന്നിവ താരതമ്യം ചെയ്യാൻ ഇതിലൂടെ കഴിയും.
ഒന്നിലേറെ സൂപ്പർ അക്കൗണ്ടുള്ളവർക്ക് അത് ലയിപ്പിക്കാനും ഇതിലൂടെ കഴിയും.

About a quarter of all super account holders in Australia end up with multiple super funds, paying unnecessary fees Source: Getty Images
ആഴ്ചയിൽ 450 ഡോളറിൽ കുറച്ച് മാത്രം ശമ്പളം നേടുന്നവർക്ക് സൂപ്പറാന്വേഷൻ നിക്ഷേപം നൽകേണ്ടതില്ല എന്ന നിയമവും ജൂലൈ ഒന്നു മുതൽ പിൻവലിക്കാനാണ് പദ്ധതി.
അതായത്, ഇനി മുതൽ എത്ര കുറച്ച് ശമ്പളം കിട്ടുന്നവർക്കും തൊഴിലുടമ സൂപ്പറാന്വേഷൻ വിഹിതം നൽകണം.
പാർട്-ടൈം ജോലി ചെയ്യുന്നവർക്കാകും ഇത് ഏറ്റവുമധികം ഗുണകരമാകുക. സ്ത്രീകൾക്കാകും ഏറ്റവും പ്രയോജനപ്പെടുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗവർണർ ജനറലിന്റെ അന്തിമ അനുമതിക്കായാണ് ഈ നിയമമാറ്റം ഇപ്പോൾ കാത്തിരിക്കുന്നത്.
ജോലി മാറിയാലും സൂപ്പർ മാറില്ല
ഓരോ തവണ ജോലി മാറുമ്പോഴും പുതിയ സൂപ്പറാന്വേഷൻ അക്കൗണ്ട് ഉണ്ടാകുന്ന രീതി നവംബർ ഒന്നു മുതൽ അവസാനിക്കും.
ഒരാൾ ആദ്യ ജോലിക്ക് കയറുമ്പോൾ തുടങ്ങുന്ന സൂപ്പർ അക്കൗണ്ട് തന്നെ ജീവിതകാലം മുഴുവൻ തുടരാൻ കഴിയുന്ന രീതിയിലാണ് ഈ മാറ്റം.
നിലവിൽ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ സൂപ്പർ അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെങ്കിൽ തൊഴിലുടമയ്ക്ക് താൽപര്യമുള്ള സൂപ്പർ ഫണ്ടിൽ പുതിയ അക്കൗണ്ട് തുടങ്ങി നിക്ഷേപം നടത്താൻ കഴിയും.
എന്നാൽ, നിങ്ങളുടെ നിലവിലുളള സൂപ്പർ ഫണ്ടിൽ മാത്രമേ പുതിയ തൊഴിലുടമയും നിക്ഷേപം നടത്താൻ പാടുള്ളൂ എന്നാണ് നവംബർ മുതലുള്ള മാറ്റം.
അതേസമയം, നിങ്ങൾക്ക് പുതിയൊരു ഫണ്ട് നിർദ്ദേശിക്കണമെങ്കിൽ അത് സാധിക്കുകയും ചെയ്യും.