സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ നിന്ന് ഫീസിനത്തിലും ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തിലും അനാവശ്യമായി പണം നഷ്ടമാകുന്നത് തടയുന്നതിനു വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
'പ്രൊട്ടക്ടിംഗ് യുവര്‍ സൂപ്പറാന്വേഷന്‍' എന്ന പേരിലുള്ള ഈ നിയമം ജൂലൈ ഒന്നിന് നിലവില്‍ വരും.
തുടര്‍ച്ചയായി 16 മാസം നിക്ഷേപമൊന്നും നടത്താത്ത സൂപ്പറാന്വേഷന്‍ അക്കൗണ്ടുകളെയാണ് ഈ മാറ്റം ബാധിക്കുക.
പ്രധാനമായും രണ്ടു മാറ്റങ്ങളാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്. സൂപ്പര്‍ അക്കൗണ്ടിലെ നിക്ഷേപം 6000 ഡോളറില്‍ കുറവാണെങ്കില്‍ അത് ജൂലൈ ഒന്നിനു ശേഷം ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസിലേക്ക് (ATO) മാറ്റും. സൂപ്പര്‍ നിക്ഷേപത്തിനൊപ്പമുള്ള ഇന്‍ഷ്വറന്‍സുകള്‍ റദ്ദാകും.
ഇന്‍ഷ്വറന്‍സ് ഇല്ലാതാകും
തുടര്‍ച്ചയായി 16 മാസം നിര്‍ജ്ജീവമായിരിക്കുന്ന സൂപ്പറാന്വേഷന്‍ അക്കൗണ്ടുകളുടെ അനുബന്ധ ഇന്‍ഷ്വറന്‍സുകള്‍ ജൂലൈ ഒന്നു മുതല്‍ ഇല്ലാതാകും.
മൂന്നു തരം ഇന്‍ഷ്വറന്‍സുകളാണ് സൂപ്പറാന്വേഷന്‍ അക്കൗണ്ടുകള്‍ക്ക് ഒപ്പമുള്ളത്. ലൈഫ് ഇന്‍ഷ്വറന്‍സ്, ടോട്ടല്‍ ആന്റ് പെര്‍മനന്റ് ഡിസെബിലിറ്റി ഇന്‍ഷ്വന്‍സ് (TPD), ഇന്‍കം പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സ് (IP) എന്നിവ.
ജീവഹാനി ഉണ്ടായാല്‍ കുടുംബത്തിനോ മറ്റ് നോമിനികള്‍ക്കോ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതാണ് ലൈഫ് ഇന്‍ഷ്വറന്‍സ്. ഗുരുതരമായ രോഗങ്ങളോ, സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാവുകയാണെങ്കില്‍ ചികിത്സയ്ക്കും ഭാവി ജീവിതത്തിനും വേണ്ടിയുള്ളതാണ് TPD.
രോഗം മൂലമോ വൈകല്യം മൂലമോ കുറച്ചുകാലത്തേക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആ കാലാവധിയില്‍ ശമ്പളം നല്‍കുന്നതിനുള്ളതാണ് ഇന്‍കം പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 75 ശതമാനം വരെയാണ് പരമാവധി ഇങ്ങനെ ലഭിക്കുന്നത്.
സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ നിന്നാണ് ഈ ഇന്‍ഷ്വറന്‍സുകളുടെ പ്രീമിയം തുക ഈടാക്കുന്നത്.

Superannuation Source: Getty Images
എന്നാല്‍ 16 മാസം തുടര്‍ച്ചയായി സൂപ്പറാന്വേഷന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുടമയില്‍ നിന്നോ, അയാളുടെ തൊഴിലുടമയില്‍ നിന്നോ നിക്ഷേപം ഒന്നും ലഭിക്കുന്നില്ലെങ്കില്‍ ഈ ഇന്‍ഷ്വറന്‍സുകള്‍ റദ്ദാക്കും.
കുറച്ചുകാലത്തിനു ശേഷം വീണ്ടും നിക്ഷേപം നടത്തുമ്പോള്‍ ഇന്‍ഷ്വറന്‍സ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടിവരും. മാത്രമല്ല, ഇടവേളയുണ്ടായ ആ കാലഘട്ടത്തില്‍ പുതിയതായി രോഗങ്ങള്‍ എന്തെങ്കിലും പിടിപെട്ടിട്ടുണ്ടെങ്കില്‍ അതിന് പരിരക്ഷ ലഭിക്കാനും സാധ്യത കുറവാണ്.
നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?
തുടര്‍ച്ചയായി 16 മാസം സൂപ്പര്‍ നിക്ഷേപം ഇല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് ഒഴിവാക്കാം എന്നുള്ളതാണ് ഒരു മാര്‍ഗ്ഗം. ഇത് സ്വമേധയാ സംഭവിക്കും.
ഇന്‍ഷ്വറന്‍സ് തുടരണമെന്നുണ്ടെങ്കില്‍ ജൂലൈ ഒന്നിന് മുമ്പ് സൂപ്പറാന്വേഷന്‍ കമ്പനിയെ ബന്ധപ്പെടണം. നിങ്ങളുടെ അക്കൗണ്ടില്‍ പ്രീമിയം അടയ്ക്കാന്‍ ആവശ്യമായ ഫണ്ട് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും, ഇന്‍ഷ്വറന്‍സ് തുടരാന്‍ സൂപ്പറാന്വേഷന്‍ കമ്പനിയോട് രേഖാമൂലം ആവശ്യപ്പെടുകയും വേണം.
ഫണ്ട് ATOയിലേക്ക് മാറ്റും
16 മാസമായി നിര്‍ജ്ജീവമായിരിക്കുന്ന സൂപ്പറാന്വേഷന്‍ ഫണ്ടില്‍ 6000 ഡോളറില്‍ താഴെ മാത്രമേ നിക്ഷേപത്തുക ഉള്ളൂവെങ്കില്‍ ജൂലൈ ഒന്നിനു ശേഷം അത് ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസിന്റെ അക്കൗണ്ടിലേക്ക് മാറ്റും.
സൂപ്പര്‍ ഫണ്ടില്‍ നിന്ന് തുടര്‍ന്നും ഫീസ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്.
നിങ്ങള്‍ക്ക് സജീവമായ (സ്ഥിരമായി നിക്ഷേപം നടത്തുന്ന) മറ്റൊരു സൂപ്പറാന്വേഷന്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ATO തന്നെ ഈ തുക അതിലേക്ക് മാറ്റും. 28 ദിവസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കും.
സൂപ്പറാന്വേഷന്‍ പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ATO യില്‍ നിന്ന് നിങ്ങള്‍ക്ക് ആ പണം തിരികെ ലഭിക്കുന്നതാണ്. നാണയപ്പെരുപ്പത്തിന് അനുസൃതമായിട്ടുള്ള പലിശയും ATOയില്‍ നിന്ന് ലഭിക്കും.
വിശദാംശങ്ങള്‍ timetocheck.com.au വെബ്‌സൈറ്റില്‍ നിന്ന് അറിയാവുന്നതാണ്.
ആരും അറിഞ്ഞില്ല
30 ലക്ഷം ഓസ്‌ട്രേലിയക്കാരെയെങ്കിലും ബാധിക്കുന്നതാകും ഈ മാറ്റമെന്നാണ് കരുതുന്നത്. എന്നാല്‍ പകുതിയിലേറെ ഓസ്‌ട്രേലിയക്കാരും ഇത്തരമൊരു മാറ്റം വരുന്ന കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്ന് അസോസിയേഷന്‍ ഓഫ് സൂപ്പറാന്വേഷന്‍ ഫണ്ട്‌സ് ഓസ്‌ട്രേലിയ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
സൂപ്പറാന്വേഷന്‍ കമ്പനിയില്‍ നിന്നു വരുന്ന കത്തുകളും ഇമെയിലുകളും അവഗണിക്കുന്നതാണ് നിയമമാറ്റം അറിയാതെ പോകാന്‍ പ്രധാന കാരണമെന്നാണ് അസോസിയേഷന്‍ സി ഇ ഒ ഡോ. മാര്‍ട്ടിന്‍ ഫാഹി എസ് ബി എസിനോട് ചൂണ്ടിക്കാട്ടിയത്.
മാത്രമല്ല, സൂപ്പറാന്വേഷന്‍ അക്കൗണ്ടിനൊപ്പം ഇന്‍ഷ്വറന്‍സ് കവറേജും ഉണ്ട് എന്ന കാര്യവും നല്ലൊരു ഭാഗം പേര്‍ക്കും അറിയില്ല.

Source: AAP
85 ശതമാനം ഓസ്‌ട്രേലിയക്കാരുടെയും സൂപ്പറാന്വേഷനൊപ്പം ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുണ്ട്. പക്ഷേ ഇതില്‍ മൂന്നില്‍ ഒരാള്‍ക്കു വീതം അത്തരമൊരു ഇന്‍ഷ്വറന്‍സിന്റെ കാര്യം അറിയുകയേ ഇല്ല. അതിന്‌റെ പ്രീമിയം സൂപ്പറാന്വേഷനില്‍ നിന്നു പോകുന്നു എന്ന കാര്യവും അവര്‍ക്ക് അറിയില്ല.
എനിക്കും അറിയില്ല - എന്തു ചെയ്യാന്‍ കഴിയും?
സൂപ്പര്‍ ഫണ്ടിനൊപ്പം ഇന്‍ഷ്വറന്‍സ് ഉണ്ടോ എന്ന കാര്യം അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഇതാണ്.
- myGov അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ATO അക്കൗണ്ട് അതില്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യുക. അവിടെ നിന്ന് സൂപ്പര്‍ അക്കൗണ്ടുകള്‍ പരിശോധിക്കാം
- നിങ്ങള്‍ക്ക് എത്ര സൂപ്പര്‍ അക്കൗണ്ടുകള്‍ ഉണ്ട് എന്ന കാര്യം അവിടെ അറിയാന്‍ കഴിയും. വേണമെങ്കില്‍ അക്കൗണ്ടുകള്‍ പരസ്പരം ലയിപ്പിക്കാനും കഴിയും.
- നിര്‍ജ്ജീവമായ (16 മാസം) സൂപ്പര്‍ ഫണ്ടുണ്ടെങ്കില്‍ അതിനൊപ്പം ഇന്‍ഷ്വറന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുക
- ഈ ഇന്‍ഷ്വറന്‍സ് തുടരണമെങ്കില്‍ സൂപ്പറാന്വേഷന്‍ കമ്പനിയെ നേരില്‍ ബന്ധപ്പെടുക.
സൂപ്പറാന്വേഷന്‍ കമ്പനികളില്‍ നിന്നും ATO യില്‍ നിന്നും വരുന്ന കത്തുകളും ഇമെയില്‍ സന്ദേശങ്ങളുമെല്ലാം പതിവായി പരിശോധിക്കുന്നതാണ് ഇത്തരം നിയമമാറ്റങ്ങള്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഏറ്റവും നല്ലതെന്നും ATO സൂചിപ്പിക്കുന്നു.