കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വ്യാപാരമേഖലയെയാണ്.
ടോയ്‌ലറ്റ് പേപ്പറിന്റെ ക്ഷാമത്തില്‍ തുടങ്ങിയ വ്യാപാരമേഖലയിലെ പ്രതിസന്ധി, മറ്റു പല ഉത്പന്നങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ടോയ്‌ലറ്റ് പേപ്പറിനു പുറമേ ടിഷ്യൂ, അരി, പാസ്ത എന്നിവയൊന്നും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്.
സൂപ്പര്‍മാര്‍ക്കറ്റ് അലമാരകളില്‍ അവശ്യസാധനങ്ങള്‍ വീണ്ടും സ്റ്റോക്ക് ചെയ്യുന്നതിന് ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും, ഇത് കണക്കിലെടുത്താണ് രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുന്നതെന്നും കുടിയേറ്റകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഫെഡറല്‍ മന്ത്രി അലന്‍ ടഡ്ജ് അറിയിച്ചു.
വിദേശത്തു നിന്ന് വിദ്യാര്‍ത്ഥി വിസയിലെത്തിയിട്ടുള്ളവര്‍ക്ക് നിലവില്‍ ആഴ്ചയില്‍ 20 മണിക്കൂറാണ് ജോലി ചെയ്യാന്‍ കഴിയുക.
എന്നാല്‍ വൂള്‍വര്‍ത്സും കോള്‍സും ഉള്‍പ്പെടെയുള്ള പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയും. എത്ര സമയം വരെ കൂടുതലായി ജോലി ചെയ്യാം എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
സൂപ്പര്‍ മാര്ക്കറ്റുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റു സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഈ വ്യവസ്ഥയുടെ പരിധിയില്‍ വരണമെങ്കില്‍ അവര്‍ ആഭ്യന്തര വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജനങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി അലന്‍ ടഡ്ജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
താല്ക്കാലികമായാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആവശ്യമാണെങ്കില്‍ മറ്റു താല്ക്കാലിക വിസകളിലുള്ളവര്‍ക്കും ഇത്തരത്തില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കും.
സൂപ്പര്‍മാര്‍ക്കറ്റുകളെ സഹായിക്കുന്നതിന് പുറമേ, വിദ്യാര്‍ത്ഥികള്‍ക്കും ഇത് സഹായകരമാകുമെന്ന് ഫെഡറല്‍ വിദ്യാഭ്യാസമന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും, അതിന് ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.