ന്യൂ സൗത്ത് വെയിൽസിൽ പലയിടത്തും തുടരുന്ന കനത്ത മഴയും കാറ്റുമാണ് സിഡ്നി വിമാനത്താവളത്തിൻറെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
സുരക്ഷാ ആശങ്ക കണക്കിലെടുത്ത് റൺവേകളുടെ പ്രവർത്തനം താൽക്കാലികമായി പരിമിതപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥ മോശമാവുകയാണെങ്കിൽ രണ്ട് റൺവേകൾ അടച്ചിടും.അവശേഷിക്കുന്ന ഒരു റൺവേ ഉപയോഗിച്ചാകും പ്രാദേശിക, അന്താരാഷ്ട്ര സർവ്വീസുകൾ പ്രവർത്തനം തുടരുക.
നിലവിൽ സിംഗിൾ റൺ ഓപ്പറേഷൻസ് നിർബന്ധമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ 49 ആഭ്യന്തര വിമാന സർവ്വീസുകളും, രണ്ട് അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.
വിർജിൻ, ക്വാണ്ടാസ്, ജെറ്റ്‌സ്റ്റാർ, റെക്‌സ് തുടങ്ങിയ കമ്പനികളുടെ സർവ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതിൽ അധികവും.
വിമാനങ്ങൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിനാളുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. സ്കൂൾ അവധിക്കാലവും, പൊതു അവധിയും ആഘോഷിക്കുന്നതിനായി യാത്ര പുറപ്പെട്ടവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ ഭൂരിഭാഗവും.
വിമാനം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യാത്രക്കാർ തങ്ങളുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സിഡ്‌നി എയർപോർട്ട് അറിയിച്ചു.
തൊഴിലാളികളുടെ കുറവും വിമാനത്താവളത്തിൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സിഡ്നി വിമാനത്താവളത്തിൽ മാത്രം നൂറു കണക്കിന് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്കൂൾ അവധിക്കാലമെത്തുന്നതോടെ വിമാനത്താവളത്തിലെ തിരക്ക് കഴിഞ്ഞ തവണത്തതിനേക്കാൾ വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
തിരക്ക് കണക്കിലെടുത്ത് ആഭ്യന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപും, അന്താരാഷ്ട്ര യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.
ബുധനഴ്ച രാത്രി മുതൽ ന്യൂസൗത്ത് വെയിൽസിലെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥ മുന്നറിയിപ്പും നില നിൽക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ടുള്ളമോർ മേഖല ഒറ്റപ്പെട്ടു. വാറൻ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡബോ, പീക്ക് ഹിൽ തുടങ്ങിയ മേഖലകളിലും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.