ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന കൊവിഡ് വാക്സിൻ പരീക്ഷണം വിജയിച്ചാൽ ഓസ്ട്രേലിയയിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിന് സർക്കാർ കരാർ ഒപ്പുവച്ചിരുന്നു.
സൗജന്യമാക്കുന്നതോടൊപ്പം ഈ വാക്സിൻ എടുക്കുന്നത് നിർബന്ധിതമാക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഈ വാക്‌സിൻ എടുക്കുന്നതിൽ ഓസ്‌ട്രേലിയയിലെ കത്തോലിക്കാ വിശ്വാസികൾക്ക് ധാർമികമായ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിഡ്നി ആർച് ബിഷപ്പ് ആന്തണി ഫിഷർ രംഗത്തെത്തിയത്.
ഗർഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ ഭാഗം (HEK-293) ഉപയോഗിച്ചാണ് ഓക്സ്ഫോർഡ് സർവ്വകലാശാല ഈ വാക്‌സിൻ വികസിപ്പിക്കുന്നതെന്നും, കത്തോലിക്കാ വിശ്വാസമനുസരിച്ച് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
സിഡ്‌നിയിലെ ആംഗ്ലിക്കൻ ആർച് ബിഷപ്പുമായും, ഓസ്‌ട്രേലിയയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ബിഷപ്പുമായും ചേർന്നാണ് ഇദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ലോകത്താകെ 167 വാക്‌സിനുകളുടെ ഗവേഷണം നടക്കുന്നുണ്ടെന്നും, ഇതിൽ പലതിലും ഗർഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ കോശം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. അതിനാൽ മറ്റൊരു വാക്‌സിൻ കൂടി ലഭ്യമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ആർച് ബിഷപ്പ് ആവശ്യപ്പെട്ടു.
ഈ വാക്‌സിൻ വിജയിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ ധാർമ്മികമായ ആശങ്ക കണക്കിലെടുക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചടുത്തോളം പ്രധാനമാണെന്നും അതുകൊണ്ട് തന്നെ ധാർമ്മിക ആശങ്ക ഉയർത്താത്ത മറ്റൊരു വാക്‌സിനു വേണ്ടി കൂടി സമാനമായ ഉടമ്പടി തയ്യാറാക്കുന്ന കാര്യം പരിഗണിക്കണന്നുമാണ് കത്തിലെ ആവശ്യം.
എന്നാൽ ഇത് ആരോഗ്യ മേഖലയിൽ സ്ഥിരമായി ഗവേഷണത്തിനായി ഉപയോഗിക്കുന്നതാണെന്ന് മൊണാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയന്സസിലെ പ്രൊഫസർ കോളിൻ പൗട്ടൻ പറഞ്ഞു.
ലോകത്തിലെ വാക്സിൻ പരീക്ഷണങ്ങളിൽ ഏറ്റവുമധികം മുന്നേറിയിട്ടുള്ള ഒന്നാണ് ഓക്സ്ഫോർഡ് വാക്സിനെന്നും, അതിനാലാണ് അത് ലഭ്യമാക്കുന്നതിനായി കരാർ ഒപ്പുവച്ചതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞിരുന്നു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ആസ്ട്ര സെനെക്ക എന്ന മരുന്നു നിർമ്മാണ കമ്പനിയുമായാണ് സർക്കാർ കരാർ ഒപ്പുവച്ചത്. വാക്സിൻ പരീക്ഷണം പൂർണവിജയമായാൽ ഓസ്ട്രേലിയയിൽ തന്നെ അതിന്റെ ഉത്പാദനം തുടങ്ങുന്നതിനാണ് കരാർ.
ഓക്സ്ഫോർഡ് വാക്സിനെന്നല്ല, ഏതെങ്കിലും ഒരു വാക്സിൻ വിജയകരമാകുമെന്ന് ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നും അതിനാൽ മറ്റ് നിരവധി വാക്സിൻ പരീക്ഷണ സ്ഥാപനങ്ങളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.