സിഡ്‌നിയിലെ ടൗൺ ഹാൾ സ്റ്റേഷനിലാണ് വെള്ളിയാഴ്ച രാവിലെ ട്രെയിൻ ബ്രേക്ക് ഡൗൺ ആയത്. ഇതോടെ ടൗൺ ഹാളിനും വടക്കൻ സിഡ്‌നിയ്ക്കും ഇടയിലുള്ള നോർത്ത് ഷോർ ലൈൻ പൂർണമായും അടച്ചിടേണ്ടി വന്നു.
തകരാറുകൾ പരിഹരിച്ചെങ്കിലും ട്രെയിൻ ഗതാഗതം സാധാരണം നിലയിലേക്കെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനുകൾ പലതും വൈകിയോടുന്നു. അതിനാൽ യാത്രക്കാർ നേരത്തെ വീടുകളിലേക്ക് യാത്ര തിരിക്കണമെന്ന് സിഡ്നി ട്രെയിൻസ് അറിയിച്ചു. മാത്രമല്ല അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്രെയിൻ സർവീസ് സാധാരണ നിലയിലേക്ക് എത്തിക്കാൻ റെയിൽ ഓപ്പറേഷൻസ് സെന്റർ ശ്രമിക്കുന്നുണ്ടെന്നുണ്ടെന്നും സിഡ്നി ട്രെയിൻസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ സർവീസുകൾ തകരാറിലായതോടെ യാത്രക്കാർ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും മറ്റും ആവശ്യപ്പെട്ടാണ് യാത്രക്കാർ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
If #sydneytrains refunded me for every delay I probably wouldn't need a tax return.
— Michael Kiossev (@mikeyninety) August 22, 2019
വെള്ളിയാഴ്ച രാവിലെ ട്രെയിൻ ബ്രേക്ക്ഡൗൺ ആയതോടെ യാത്രക്കാർക്ക് വിൻയാർഡിൽ ഇറങ്ങി ട്രെയിൻ സർവീസിന് പകരമായുള്ള ബസ്സിൽ യാത്ര തുടരേണ്ടി വന്നു. രാവിലെ 5.20 നാണ് നോർത്ത് ഷോർ ലൈൻ അടച്ചത്.
ഇത് T1 വെസ്റ്റേൺ ലൈൻ, T2 ഇന്നർ -വെസ്റ്റ്, ലെപ്പിങ്ങ്ടൺ ലൈൻ, T3 ബാങ്ക്സ്‌ടൗൺ, T8 എയർപോർട്ട്, T9 നോർത്തേൺ ലൈൻ എന്നീ ലൈനുകളിൽ ഓടുന്ന ട്രെയിനുകളുടെ സർവീസുകളെയും സാരമായി ബാധിച്ചു.
ഇതോടെ രാവിലെ മുതൽ തൊഴിലിടങ്ങളിലേക്കും വിമാനത്താവളത്തിലേക്കും മറ്റും യാത്ര ചെയ്യാനായി ട്രെയിൻ കാത്തുനിന്നവർ ദുരിതത്തിലായി. ട്രെയിൻ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും എല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു.
പല സ്ഥലങ്ങളിലേക്കും ട്രെയിനിന് പകരമായി ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവിടെയും വൻ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സാധാരണ ബസ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.
ട്രെയിൻ തകരാറിലായതിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സിഡിനി ട്രെയിൻസ് അറിയിച്ചു.
വിമാനത്താവളത്തിലേക്കോ മറ്റ് അത്യാവശ്യ സ്ഥലങ്ങളിലേക്കോ യാത്രകൾ ചെയ്യുന്നവർ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സിഡ്നി ട്രെയിൻസ് മുന്നറിയിപ്പ് നൽകി.