ന്യൂ സൗത്ത് വെയിൽസിൽ 20 വർഷങ്ങൾക്ക് ശേഷമാണ് ഡിസംബർ മാസം ഏറെ നാശനഷ്ടങ്ങൾ വരുത്തിയ ടെന്നീസ് പന്തിന്റെ വലിപ്പത്തിലുള്ള ആലിപ്പഴം വീണത്. ഇത് മൂലം നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇതേത്തുടർന്ന് 81,000 പേരാണ് നഷ്ടപരിഹാരത്തിനായി ദി ഇൻഷുറൻസ് കൗൺസിൽ ഓഫ് ഓസ്ട്രേലിയ (ഐ സി എ) യെ സമീപിച്ചത്. ഇതിൽ കൂടുതലും വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്കാണെന്ന് ഐ സി എ അറിയിച്ചു.
ഐ സി എ യുടെ നിലവിലെ കണക്ക് പ്രകാരം കേടുപാടുകൾ സംഭവിച്ച വീടുകളും വാഹനങ്ങളും നന്നാക്കാനായി 673.9 മില്യൺ ഡോളർ ചിലവഴിക്കേണ്ടി വരും.
അവധിക്കായി വിദേശത്തു പോയവർ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ നഷ്ടപരിഹാരം ചോദിച്ചെത്തുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരികയാണെന്ന് ഐ സി എ വക്താവ് ക്യാമ്പ്ബെൽ ഫുള്ളർ പറഞ്ഞു.
വരും ദിവസങ്ങളിൽ ഇനിയും ഇത് കൂടാനാണ് സാധ്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബർ 22 നാണ് ന്യൂ സൗത്ത് വെയിൽസിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിനൊപ്പമാണ് ആലിപ്പഴം വീണത് . അന്നേ ദിവസം തന്നെ 25,000ത്തിൽ പരം ആളുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐ സി എ യെ സമീപിച്ചത്.