സിഡ്‌നിയിലെ റീജന്റ്സ് പാർക്കിലുള്ള ഹൈന്ദവ ക്ഷേത്രമായ ഭാരതിയെ മന്ദിർ ആണ് ഞായറാഴ്ച്ച രാത്രിയിൽ തല്ലിത്തകർത്ത നിലയിൽ കണ്ടെത്തിയത്. ഇവിടെ ആരാധനക്കായി സൂക്ഷിച്ചിരുന്ന 30 ഓളം വിഗ്രഹങ്ങളും ചിത്രങ്ങളും നശിപ്പിച്ച നിലയിലാണ്.
അമ്പലത്തിനുള്ളിൽ തീപിടുത്തം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ കാർപെറ്റ് കത്തിക്കരിഞ്ഞ അവസ്ഥയിൽ കണ്ടെത്തി.

Source: The Hindu Council of Australia
ഇതേതുടർന്ന് ഇവർ അമ്പലത്തിനകത്ത് പരിശോധന നടത്തുകയായിരുന്നു. അമ്പലം അലങ്കോലപ്പെടുത്തിയ നിലയിലും ഇവിടുത്തെ സാമഗ്രഹികളെല്ലാം ചിതറിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു എന്ന് ഭക്തജനങ്ങൾ പറയുന്നു. കൂടാതെ ആരാധനക്കായി സൂക്ഷിച്ചിരുന്ന ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും നശിപ്പിക്കപ്പെട്ട നിലയിലും വിളക്കിലെ നെയ്യ് ഇവയുടെ മുകളിൽ ഒഴിച്ചിരിക്കുന്നതായും കണ്ടെത്തി.
മാത്രമല്ല, ചുവരിൽ ജീസസ് എന്ന് എഴുതിയിരിക്കുന്നതായും കണ്ടെത്തിയെന്ന് ഇവിടെ പ്രാർത്ഥനക്കായി എത്താറുള്ള ശിവാനി കുമാർ പറഞ്ഞു.
ഏതാണ്ട് 50,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.
അമ്പലത്തിന്റെ പുനർനിർമാണത്തിനായി പൊതുജനങ്ങളിൽ നിന്നും വിശ്വാസികൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സംഭവം അറിഞ്ഞയുടൻ തന്നെ വിശ്വാസികൾ ന്യൂ സൗത്ത് വെയിൽസ് പൊലീസിനെ വിവരമറിയിച്ചു. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇതെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം സിഡ്‌നിയിലെ ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ചതായി ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ പ്രസിഡന്റ് പ്രകാശ് മേഹ്ത അറിയിച്ചു. ഓസ്‌ട്രേലിയ പോലൊരു രാജ്യത്ത് നിന്നും ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് പൂജാരി പണ്ഡിത് പരസ് മഹാരാജ് നിറകണ്ണുകളോടെ പറഞ്ഞു .

Source: Bhartiye Mandir Sydney
സംഭവത്തെ ന്യൂ സൗത്ത് വെയിൽസ് മൾട്ടികൾച്ചറൽ മിനിസ്റ്റർ റേ വില്യംസ് അപലപിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഇത് ഓസ്‌ട്രേലിയയിലെ മൾട്ടികൾച്ചറൽ സംസ്കാരത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.