സിഡ്‌നിയിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് 16 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതോടെ ബോണ്ടായ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 31 ആയി.
ഇതേതുടർന്ന് ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
വീട് സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, സിഡ്‌നിയിലെ ഏഴ് സബർബുകളിൽ ഉള്ളവർക്ക് സർക്കാർ യാത്രാ വിലക്കും ഏർപ്പെടുത്തി.
നിയന്ത്രണങ്ങൾ ബുധനാഴ്ച (ഇന്ന്) വൈകിട്ട് നാല് മണി മുതൽ പ്രാബല്യത്തിൽ വരും.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ
- സിഡ്നി, വേവേർലി, റാൻഡ്വിക്ക്, കാനഡ ബേ, ഇന്നർ വെസ്റ്റ്, ബേസൈഡ്, വൂളാരാ എന്നിവിടങ്ങളിൽ ഉള്ളവർ അവശ്യകാര്യങ്ങൾക്കല്ലാതെ മെട്രോ മേഖലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ല
- കെട്ടിടത്തിനകത്തും പുറത്തും നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ വീണ്ടും നടപ്പാക്കും
- ഹോസ്പിറ്റാലിറ്റി മേഖലയിലും, നിശാ ക്ലബുകളിലും നൃത്തം അനുവദിക്കില്ല
- വിവാഹത്തിന് 20 പേർക്ക് നൃത്തം ചെയ്യാം
- കെട്ടിടത്തിന് പുറത്തുള്ള പരിപാടികളിൽ 50 ശതമാനം പേർ മാത്രമേ പാടുള്ളു
- നൃത്തം-ജിം ക്ലാസ്സുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ഇവിടെ മാസ്ക് നിർബന്ധമാണ്
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇപ്പോൾ നടപ്പാക്കുന്നില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജെക്ലിയൻ അറിയിച്ചു.
സിഡ്‌നിയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം ഒരു ബർത്ഡേ പാർട്ടിയുമായി ബന്ധമുള്ളതാണ്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
നരേലൻ വെയിലിലുള്ള ഒരു ചൈൽഡ് കെയറിൽ പോകുന്ന കുട്ടിയാണിത്. ഇതേതുടർന്ന് ചൈൽഡ് കെയർ വൃത്തിയാക്കാനായി അടച്ചു.