ഇന്ത്യയിലുള്ള അമ്മ മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലേക്ക് പോയതാണ് 47കാരനായ ഗോവിന്ദ് എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് ശേഷം ഏപ്രിൽ അവസാനം കൊവിഡ് ബാധിച്ച ഗോവിന്ദ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 16 നാണ് ഇദ്ദേഹം മരണമടഞ്ഞത്.
സിഡ്‌നിയിൽ ട്രിന സോളാർ എന്ന സ്ഥാപനത്തിന്റെ ഓസ്‌ട്രേലിയയിലെ മാനേജർ ആയി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഗോവിന്ദ്.
ഇദ്ദേഹത്തിന്റെ ഭാര്യയോടും രണ്ട് പെണ്മക്കളോടും ട്രിന സോളാർ അനുശോചനം രേഖപ്പെടുത്തി.
ട്രിന സോളാറിന് ഒരു തീരാ നഷ്ടമാണ് ഗോവിന്ദിന്റെ മരണമെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊണ്ടുക്കുമെന്നും കമ്പനി അറിയിച്ചു.
കൊവിഡ് ബാധയെത്തുടർന്ന് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഒരു ഓസ്‌ട്രേലിയക്കാരൻ മരിച്ചിരുന്നു. സിഡ്‌നി സ്വദേശിയും പെര്മനെന്റ് റെസിഡന്റുമായ, 59കാരനാണ് കൊവിഡ് ബാധിച്ച കഴിഞ്ഞ ദിവസം ഡൽഹിയിൽ മരിച്ചത്.

Trina Solar paid tribute to the 47-year-old Sydney businessman in a Facebook post. Source: Facebook
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി മൂന്നാം ദിവസമാണ് ഇദ്ദേഹത്തിന്റെ മരണം. കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
രണ്ടാഴ്ച നീണ്ട വിലക്ക് മെയ് 15ന് അവസാനിക്കുകയും ഇന്ത്യയിൽ കുടുങ്ങിക്കിടന്ന കുറച്ചുപേരെ തിരിച്ചെത്തിക്കുകയും ചെയ്തു.
എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ചിലർ കൊവിഡ് പോസിറ്റീവ് ആയതോടെ പകുതിയോളം പേരെ കയറ്റാതെയാണ് വിമാനം തിരിച്ചെത്തിയത്.
ഇത് വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നെത്തിയവർ ഡാർവിനിലെ ഹൊവാഡ് സ്‌പ്രിംഗ്‌സ് ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയാണ്. ഇതിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.