കിഴക്കൻ സിഡ്നിയിലുള്ളയാൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
50 വയസിനു മേൽ പ്രായമുള്ള ഇയാൾക്ക് വെള്ളിയാഴ്ച മുതൽ വൈറസ് ബാധയുണ്ടായിരുന്നു എന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് ചൊവ്വാഴ്ച ഇയാൾ പരിശോധന നടത്തിയത്. ബുധനാഴ്ച പോസിറ്റീവ് ഫലം പുറത്തുവന്നു.
എന്നാൽ എങ്ങനെയാണ് ഇയാൾക്ക് രോഗം ബാധിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. ക്വാറന്റൈൻ ഹോട്ടൽ, ആരോഗ്യമേഖല, മുൻനിര കൊവിഡ് പ്രതിരോധരംഗം എന്നിവിടങ്ങളിലും ജോലി ചെയ്യുന്നയാളല്ല ഇത്.
വൈറസിന്റെ ജനിതക പരിശോധന നടത്തിവരികയാണെന്നും, ഹോട്ടൽ ക്വാറന്റൈനിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ വൈറസ് സ്ട്രെയിനുകളാണോ എന്ന കാര്യം ഇതിലൂടെ മനസിലാക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
24 മണിക്കൂറിലാകും ഈ ഫലം ലഭിക്കുക.
ഇയാളുടെ ശരീരത്തിലെ വൈറസിന്റെ തോത് കൂടുതലാണെന്നും, അതിനാൽ രോഗം പടരാനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് പറഞ്ഞു.
അത് ആശങ്കയുണ്ടാക്കുന്നുവെന്നും ഡോ. ചാന്റ് പറഞ്ഞു.
ഇയാളുമായി സമ്പർക്കത്തിലായവരെ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടു വരികയാണ്. വൈറസ്‌ബാധിതൻ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
വൈറസ് ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
വരും ദിവസങ്ങളിൽ കേസുകൾ കൂടാമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ടെന്നും പ്രീമിയർ പറഞ്ഞു.