ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് (EIU) ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
അഞ്ച് മേഖലകളിലെ സുരക്ഷിതത്വം കണക്കിലെടുത്താണ് 2021ലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ഡിജിറ്റൽ, ഹെൽത്ത്, ഇൻഫ്രാസ്ട്രക്ച്ചർ, പേർസണൽ, എൻവയൺമെന്റ് എന്നീ മേഖലകളിൽ 100ൽ 82.4 പോയിന്റുകൾ നേടി ഡെന്മാർക്കിന്റെ തലസ്ഥാനമായ കൊപ്പെൻഹേഗനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സുരക്ഷതമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ രണ്ട് ഓസ്‌ട്രേലിയൻ നഗരങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
സിഡ്‌നിയ്ക്ക് നാലാം സ്ഥാനമാണെങ്കിൽ, മെൽബൺ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്.
ലോകത്തെ 60 നഗരങ്ങളാണ് ഈ വർഷം ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിൻറെ സേഫ് സിറ്റീസ് ഇൻഡക്സിലുള്ളത്.
കനേഡിയൻ നഗരമായ ടൊറൻറ്റോയ്ക്കാണ് രണ്ടാം സ്ഥാനം. സിംഗപ്പൂരിന് മൂന്നാം സ്ഥാനവും, ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങൾ:
- കൊപ്പെൻഹേഗൻ
- ടൊറൻറ്റോ
- സിംഗപ്പൂർ
- സിഡ്നി
- ടോക്കിയോ
- ആംസ്റ്റർഡാം
- വെല്ലിംഗ്ടൺ
- ഹോംഗ്‌കോംഗ്
- മെൽബൺ
- സ്റ്റോക്ക്ഹോം
കൊറോണവൈറസ് ബാധിച്ചിരിക്കുന്നത് ആരോഗ്യ സുരക്ഷയെ മാത്രമല്ലെന്നും, എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും EIU പ്രോജക്ക്റ്റ് ഡയറക്ടർ പ്രതിമ സിംഗ് ചൂണ്ടിക്കാട്ടി.
EIU ന്റെ ഈ പുതിയ റിപ്പോർട്ട് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരുകൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണെന്ന് പ്രതിമ പറഞ്ഞു.
ലാഗോസ്, കെയ്‌റോ, കറാച്ചി തുടങ്ങിയവയാണ് സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങൾ.
2019ൽ ടോക്കിയോ ആയിരുന്നു ഒന്നാം സ്ഥാനത്ത്. സിഡ്‌നിയ്ക്ക് അഞ്ചാം സ്ഥാനവും മെൽബണ് പത്താം സ്ഥാനവുമായിരുന്നു.