സിഡ്‌നിയിൽ നിന്ന് മെൽബണിലേക്ക് 160 ഓളം യാത്രക്കാരുമായി പോയ എക്സ്പ്രസ്സ് പാസ്സഞ്ചർ ട്രെയിൻ (XPT) ആണ് വിക്ടോറിയയിൽ പാളം തെറ്റിയത്.
ട്രെയിനിന്റെ അഞ്ച് ബോഗികൾ മെൽബണിൽ നിന്ന് 45 കിലോമീറ്റർ വടക്കുള്ള വലാൻ സ്റ്റേഷന് സമീപത്ത് വച്ച് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പാളം തെറ്റിയതായി കൺട്രി ഫയർ അതോറിട്ടി അറിയിച്ചു.
സംഭവത്തിൽ കുറഞ്ഞത് രണ്ട് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഡ്രൈവർമാരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
സംഭവത്തെത്തുടർന്ന് മെൽബണിനും സിഡ്‌നിയ്ക്കും ഇടയ്ക്കുള്ള ട്രെയിൻ ലൈനുകൾ അടച്ചു.
പാരാമെഡിക്‌സ് സംഭവസ്ഥലത്തെത്തി ആളുകളെ ചികിത്‌സിക്കുകയാണെന്ന് ആംബുലസ് വിക്ടോറിയ വക്താവ് അറിയിച്ചു. പരിക്കേറ്റ ഒരാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് യാത്രക്കാരുടെ പരിക്കുകൾ നിസാരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. അന്വേഷണം നടത്തിവരുന്നു.