ക്വീൻസ്ലാൻറ് ആരോഗ്യ സംവിധാനങ്ങളിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും ആത്മീയ പിന്തുണ നൽകാനായി 2020ൽ ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് ഒരു രൂപരേഖ പുറത്തുവിട്ടിരുന്നു. ഇവിടെ എല്ലാ മതവിഭാഗങ്ങളുടെയും ചിഹ്നങ്ങൾ പ്രതിഷ്ഠിക്കാനാണ് പദ്ധതി.
ആശുപത്രികളിലെ രോഗികൾക്കും സന്ദർശകർക്കും ആത്മീയ പിന്തുണ നൽകാനായി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മതങ്ങളുടെ ചിഹ്നങ്ങൾ ആശുപത്രിയിലെ ബഹുവിശ്വാസ കേന്ദ്രത്തിലാണ് വച്ചിരിക്കുന്നത്. രോഗികൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാൻ മത പുരോഹിതന്റെ സഹായവും ഇവർക്ക് ആവശ്യപ്പെടാൻ അനുവാദമുണ്ട്.
നൂസ ടെമ്പിൾ ഓഫ് സാത്താൻ നേതാവ് ബ്രദർ സാമവേൽ ഡെമ ഗോർഗോൺ ചികിത്സക്കായി സൺഷൈൻ കോസ്റ്റ കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇവിടുത്തെ ബഹു വിശ്വാസ ആരാധനാലയം ശ്രദ്ധിച്ചതെന്നും ഇതേതുടർന്ന് സാത്താനിസം കൂടി ഇതിൽ ഉപ്പെടുത്തണമെന്ന് ആശുപത്രിയോട് അഭ്യർത്ഥിക്കുകയായിരുന്നെന്നും ടെംപിളിന്റെ സ്ഥാപകരിൽ ഒരാളായ ട്രെവർ ബെൽ പറഞ്ഞു.
ആശുപത്രി ഈ ആവശ്യം അംഗീകരിക്കാൻ പെട്ടെന്ന് തന്നെ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് സാത്താനിസത്തിന്റെ ചിഹ്നമായ പെന്റാഗ്രാം കൂടി ഇവിടെ ഉൾപ്പെടുത്തിയത്.
ആശുപത്രിയിൽ എത്തുന്ന സാത്താൻ വിശ്വാസികൾക്ക് ആത്മീയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്ന് നൂസ ടെമ്പിൾ അവരുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇതിന് പുറമെ, സാത്താൻ വിശ്വാസികൾക്ക് ആവശ്യമായ സമയത്ത് ആത്മീയ പിന്തുണ നൽകാനായി ഒരു ആത്മീയ നേതാവിന്റെ സഹായവും ലഭ്യമാക്കാൻ ആശുപത്രിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് നൂസ ടെംപിൾ ഓഫ് സാത്താന്റെ ട്രെവർ ബെൽ പറഞ്ഞു.
എന്നാൽ ആശുപത്രിയിൽ സാത്താനിസം പ്രോത്സാഹിപ്പിക്കുന്നതിനോടുള്ള മറ്റ് മതവിശ്വാസികളുടെ പ്രതികരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തെക്കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല.
ഇത് മത സ്വന്തന്ത്യ്രത്തിന്റെ ചെറിയ വിജയമാണെങ്കിലും പ്രധാനപ്പെട്ട ഒന്നായതിനാൽ ഈ വിജയം ആഘോഷിക്കുകയാണ് തങ്ങളെന്ന് സാത്താൻ വിശ്വാസികൾ പറഞ്ഞു.
ക്വീൻസ്ലാന്റിലെ സർക്കാർ സ്‌കൂളുകളിൽ മതപഠനം നിർത്തലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്കൂളികളിൽ സാത്താനിസം പഠിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കുകയാണ് നൂസ ടെമ്പിൾ ഓഫ് സാത്താൻ.
ഇതിനായി സാത്താനിക് ടെംപിളിന്റെ ഫേസ്ബുക്കിലെ 5,000 അംഗങ്ങളോട് ഇവരുടെ മക്കളെ സാത്താനിസ്റ്റുകളായി സ്കൂളുകളിൽ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം സാത്താനിസം മുൻനിർത്തി മുൻനിര മതവിശ്വാസങ്ങളെ തടസപെടുത്തുകയും ഇവയുടെ പ്രവർത്തനങ്ങളെ വെല്ലുവിളിക്കുകയുമാണ് ഇതുവഴി ചെയ്യുന്നതെന്ന് സിഡ്‌നിയിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ മുതിർന്ന മുൻ മിനിസ്റ്റർ മൈക്ക് ഹെർകുക് പറഞ്ഞു.