ട്വൻറി ട്വൻറിയിലെ ലോക ഒന്നാം നന്പർ ടീം, സ്പിന്നിനെതിരെയുള്ള ഏറ്റവും മികച്ച ബാറ്റിംഗ് നിര, സ്വന്തം നാട്ടിൽ കളിക്കുന്നതിൻറെ മേധാവിത്വം - ഇന്ത്യയുടെ ഈ അവകാശവാദങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് പൊളിഞ്ഞുവീണു.
പന്തു കുത്തിത്തിരിയുന്ന നാഗ്പൂരിലെ പിച്ചിൽ, മൂന്നു സ്പിന്നർമാർ ചേർന്നാണ് ധോണിയെയും കൂട്ടരെയും 79 റൺസിന് കൂടാരം കയറ്റിയത്. വെറും അഞ്ചു മത്സരം മാത്രം കളിച്ചു പരിചയമുള്ള മിച്ചൽ സ്റ്റാൻറ്നർ നാലു വിക്കറ്റും, അത്രയും മാത്രം മത്സരപരിചയമുള്ള, ലുധിയാനയിൽ ജനിച്ച ഇസ് സോധി മൂന്നു വിക്കറ്റുമെടുത്തപ്പോൾ, ആദ്യ ഓവറിൽ ആഞ്ഞടിച്ച ഓഫ് സ്പിന്നർ നേഥൻ മക്കല്ലം രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
127 റൺസെന്ന താരതമ്യേന ചെറിയ ടോട്ടൽ പിന്തുടർന്ന ഇന്ത്യയെ, ശിഖർ ധവാനെ വിക്കറ്റിനു മുന്നിൽ കുടുക്കിയാണ് മക്കല്ലം ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ചത്. പരിചയസന്പന്നരായ പേസ് ബൌളർമാർ ടിം സൌത്തിയെയും ട്രെൻറ് ബൌൾട്ടിനെയും പുറത്തിരുത്തിയ ക്യാപ്റ്റൻറെ തീരുമാനം ശരിയാണെന്ന് മൂന്നാം ഓവറെടെ പൂർണ്ണമായും തെളിഞ്ഞു. ഒറ്റ ഓവറിൽ രോഹിത് ശർമ്മയെയും സുരേഷ് റെയ്നയെയും പുറത്താക്കി സ്റ്റാൻറ്നർ വരവറിയിച്ചു.
23 റൺസെടുത്ത വിരാട് കോലിയും 30 റൺസെടുത്ത ധോണിയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, ഇസ് സോധിയുടെ ആദ്യ പന്തിൽ അനാവശ്യ ഡ്രൈവിന് ശ്രമിച്ച കോലി കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി.
അതി മനോഹരമായ ഒരു ക്യാച്ചിലൂടെ ധോണിയെ മക്കല്ലം തിരിച്ചയച്ചതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
പിന്നെ, ചടങ്ങുപോലെ അവസാന വിക്കറ്റും വീണപ്പോൾ, കീവികൾക്ക് അവിശ്വസനീയമായ വിജയം. ഇന്ത്യയ്ക്കെതിരെ ഇതുവരെ കളിച്ച ഒരു T20 മത്സരത്തിലും തോറ്റിട്ടില്ല എന്ന റെക്കോർഡും കീവികൾ കാത്തുസൂക്ഷിച്ചു.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻറിനു വേണ്ടി മാർട്ടിൻ ഗുപ്തിൽ ആദ്യ പന്തിൽ തന്നെ അശ്വിനെ സൈറ്റ് സ്ക്രീനിലക്ക് സിക്സർ പറത്തിയാണ് തുടങ്ങിയത്. ആശിഷ് നെഹ്റയും, ജസ്പ്രീത് ബംറയും അശ്വിനും സുരേഷ് റെയ്നയും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെയാണ് ന്യൂസിലൻറിനെ ഏഴു വിക്കറ്റിന് 126 റൺസ് എന്ന നിലിയൽ ഒതുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.
ഇനി ഗ്രൂപ്പിൽ ഓസ്ട്രേലിയയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും നേരിടാനുള്ള ഇന്ത്യയ്ക്ക്, സെമി ഫൈനലിലേക്ക് കടക്കണമെങ്കിൽ മികച്ച പോരാട്ടം തന്നെ വേണ്ടിവരും.
ഇന്നത്തെ മത്സരങ്ങളിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെയും വെസ്റ്റിൻറീസ് ഇംഗ്ലണ്ടിനെയും നേരിടും.

