കാലിഫോർണിയയിലാണ് സംഭവം. സാൻ ഡിയഗോയിലെ പാട്രിക് ഹെൻറി ഹൈസ്കൂളിൽ 25 മിനിട്ട് ദൈർഘ്യമുള്ള ക്ലാസിനിടെയാണ് വിദ്യാർത്ഥിനി മൂത്രപ്പുരയിൽ പോകാൻ അനുവാദം ചോദിച്ചത്.
എന്നാൽ ക്ലാസിനിടെ ഇടവേളകളില്ല എന്ന സ്കൂൾ നയത്തിൽ ഉറച്ചുനിന്ന അധ്യാപിക, പകരം ക്ലാസിനടുത്തുള്ള ഒരു ചെറിയ മുറിയിലേക്ക് പോകാൻ കുട്ടിയോട് നിർദ്ദേശിച്ചു. അവിടെയുള്ള ഒരു ബക്കറ്റിൽ മൂത്രമൊഴിക്കാനും അത് സിങ്കിൽ ഒഴിച്ചുകളയാനുമായിരുന്നു അധ്യാപികയുടെ ഉത്തരവ്.
ഈ സംഭവത്തെത്തുടർന്ന് മറ്റു കുട്ടികൾ കളിയാക്കിയതോടെ 14കാരി മാനസികമായി തകർന്നു. വിഷാദരോഗത്തിന് അടിപ്പെട്ട ഈ പെൺകുട്ടി, ആത്മഹത്യ ചെയ്യാനും ശ്രമിച്ചതായി പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടു തവണ സ്കൂൾ മാറേണ്ടിയും വന്നു.
സംഭവം നടന്ന് അഞ്ചു വർഷത്തിനു ശേഷമാണ് പെൺകുട്ടിക്ക് 12.5 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്. ഇതിനു പുറമേ 41,000 ഡോളർ ആശുപത്രി ചെലവിനത്തിലും സ്കൂൾ അധികൃതർ നൽകണം.