മെൽബണിലെ റിസർവോയറിലുള്ള സെന്റ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഫുട്സ്ക്രേയിലുള്ള സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് നടത്തിയതായി തെളിഞ്ഞ ബൽജിത് സിംഗ്, രാകേഷ് കുമാർ, രേഖ അറോറ, മുകേഷ് ശർമ്മ എന്നിവരെയാണ് മെൽബൺ കൗണ്ടി കോടതി ജയിൽശിക്ഷയ്ക്ക് വിധിച്ചത്. ബൽജിത് സിംഗിനെ ആറു വർഷത്തേക്കും, രാകേഷ് കുമാർ, മുകേഷ് ശർമ്മ എന്നിവരെ അഞ്ചു വർഷത്തേക്കുമാണ് ശിക്ഷിച്ചത്. ശിക്ഷയുടെ അവസാന ഒരു വർഷം മാത്രമേ ഇവർക്ക് പരോൾ ലഭിക്കുകയുള്ളൂ.
രേഖ അറോറയെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും അയ്യായിരം ഡോളർ ബോണ്ടിൽ വിട്ടയച്ചു.
ട്രെയിനിംഗ് കോളേജുകളുടെ പേരിൽ വ്യക്തമായ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് ശിക്ഷാ വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ച ഇവർ വളരെ കുറച്ച് ജീവനക്കാരെ മാത്രമാണ് നിയമിച്ചിരുന്നത്. ക്ലാസ് മുറികളും പഠനത്തിനുള്ള മാർഗ്ഗരേഖകളും എല്ലാം തയ്യാറാക്കിയിരുന്നെങ്കിലും വ്യാജ ടൈം ടേബിൾ തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം നൽകാനോ പരീക്ഷകൾ നടത്താനോ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. മാത്രമല്ല പലപ്പോഴും പ്രവേശനം നേടാത്തവരെ പോലും വിദ്യാർത്ഥികളുടെ പട്ടികയിൽ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
2014ലും 2015ലുമായി 2,007,487 ഡോളറാണ് സബ്സിഡിയിനത്തിൽ വിക്ടോറിയൻ സർക്കാരിൽ നിന്ന് ഇവർ നേടിയെടുത്തത്. തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള സബ്സിഡിയാണ് ഇത്.
എന്നാൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെയും, നൽകാത്ത പരിശീലനത്തിന്റെയും പേരിൽ സബ്സിഡി നേടിയെടുത്ത ഈ നടപടി വ്യകത്മായ തട്ടിപ്പാണെന്ന് കോടതി ചൂണ്ടിക്കാട്ടി
അന്വേഷണം അട്ടിമറിക്കാൻ ശ്രമം
തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിച്ചതോടെ ഈ സ്ഥാപനങ്ങളും അവയുടെ മേലധികാരികളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. 2015ൽ തന്നെ ഇവരുടെ ലൈസൻസുകൾ മരവിപ്പിക്കുകയും ചെയ്തു.
2017ലാണ് ഈ ലൈസൻസുകൾ റദ്ദാക്കിയത്.
ഒരുദ്യോഗസ്ഥനെ സ്വാധീനിച്ച് ഓഡിറ്റിംഗ് അട്ടിമറിക്കാമെന്നും, ഓഡിറ്റിംഗിൽ തെറ്റായ രേഖകൾ സമർപ്പിക്കാമെന്നുമുള്ള ഇവരുടെ സംഭാഷണവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതും കോടതി പരിശോധിച്ചു.
ശിക്ഷാവിധിയെ ഓസ്ട്രേലിയൻ സ്കിൽസ് ക്വാളിറ്റി അതോറിറ്റി (ASQA) സ്വാഗതം ചെയ്തു.

