റാപിഡ് ആന്റിജൻ ടെസ്റ്റ്: സ്വയം പരിശോധന നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

വീട്ടിൽ തന്നെ സ്വയം കൊവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപിഡ് ആന്റിജൻ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ശരിയായ രീതിയിൽ പരിശോധനാ കിറ്റ് ഉപയോഗിക്കുന്നത് കൃത്യമായ ഫലം ലഭിക്കാൻ സഹായിക്കും. റാപിഡ് ആന്റിജൻ പരിശോധന എങ്ങനെ നടത്താമെന്ന് അറിയാം...

Woman swabs her nose for a rapid antigen test.

Rapid antigen tests can be done anywhere. Source: Getty Images

കൊവിഡ് പരിശോധന നടത്തുന്നതിനായി റാപിഡ് ആന്റിജൻ കിറ്റുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഫാർമസിയിൽ നിന്നും നിങ്ങൾക്ക് ലഭ്യമാണ്.

PCR പരിശോധനയുടെ ഫലം ലഭിക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിൽ, വെറും 15 മിനിറ്റിൽ റാപിഡ് ആന്റിജൻ പരിശോധനാ ഫലം ലഭിക്കും.

നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കാൻ ചില മുൻകരുതലുകൾ സഹായിക്കും.

എന്താണ് റാപിഡ് ആന്റിജൻ പരിശോധന

കൊവിഡ് -19-ന് കാരണമാകുന്ന SARS-CoV-2 വൈറസിൽ നിന്നുള്ള പ്രോട്ടീനുകളെ സാമ്പിളിൽ നിന്ന് റാപിഡ് ആന്റിജൻ ടെസ്റ്റ് കണ്ടെത്തുന്നു. മൂക്കിൽ നിന്നുള്ള സ്വാബ് അല്ലെങ്കിൽ ഉമിനീർ സാമ്പിൾ നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ശേഖരിക്കാം.

ആർക്ക് വേണമെങ്കിലും എവിടെ വച്ച് വേണമെങ്കിലും നടത്താവുന്ന പരിശോധനയാണ് റാപിഡ് ആന്റിജൻ ടെസ്റ്റ്.

PCR പരിശോധനയുടെ ഫലം ലഭിക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുമെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലം 15 മിനിറ്റിൽ അറിയാം.
PCR പരിശോധനയിൽ വൈറസിന്റെ ജനതിക അംശം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകരാണ് ഇതിന്റെ സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ലാബിൽ പരിശോധച്ചതിന് ശേഷമാണ് ഫലം ലഭിക്കുക.

PCR പരിശോധനകളുടെ അത്രയും കൃത്യമല്ല റാപിഡ് ആന്റിജൻ പരിശോധന. തെറ്റായ പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും ലഭിക്കാനുള്ള സാധ്യതകളുണ്ട്.

രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ പരിശോധന നടത്തുകയോ രോഗബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്നതിന് ഏഴ് ദിവസത്തിനുള്ളിൽ പരിശോധന നടത്തുകയോ ചെയ്യുകയാണെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനാ ഫലം കൂടുതൽ കൃത്യമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

എന്തുകൊണ്ട് റാപിഡ് ആന്റിജൻ പരിശോധന നടത്തണം

നിങ്ങൾക്ക് രോഗബാധയുണ്ടോ എന്ന് പെട്ടെന്ന് അറിയണമെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് സഹായമാകും. ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിൽ ഒരു പാർട്ടിയുടെ ഭാഗമായി പ്രായമേറിയവർ ഉൾപ്പെടെ (രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ) കുറച്ചുപേർ വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നേരത്തെ സ്വയം പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാൻ കഴിയും.

കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിക്ക് ഉടൻ PCR പരിശോധന നടത്താനുള്ള സാഹചര്യമില്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധന സഹായിക്കും.

ഏത് പരിശോധനാ കിറ്റ് ഉപയോഗിക്കണം

ഓസ്‌ട്രേലിയയിൽ വില്പന അനുവദിച്ചിട്ടുള്ള റാപിഡ് ആന്റിജൻ കിറ്റുകളും ഇവയുടെ ഉപയോഗം വീട്ടിൽ നിന്നാകാം എന്ന് തെറാപ്പ്യുട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) വെബ്‌സൈറ്റിൽ അംഗീകരിച്ചിട്ടുള്ളവയ്ക്കും മാത്രമാണ് അനുവാദമുള്ളത്.

പ്രധാനമായും രണ്ട് തരത്തിലാണ് ഇവ ലഭ്യം. മൂക്കിൽ നിന്നുള്ള സ്വാബ് ഉപയോഗിച്ച് പരിശോധന നടത്തുന്ന കിറ്റുകൾ അല്ലെങ്കിൽ ഉമിനീർ പരിശോധിക്കുന്നവ.

മൂന്ന് ലെവലിലുള്ള സെന്സിറ്റിവിറ്റി ഓരോ അംഗീകൃത കിറ്റിനും TGA നൽകിയിട്ടുണ്ട്. ''സ്വീകാര്യമായ സെൻസിറ്റിവിറ്റി'' "ഉയർന്ന സെൻസിറ്റിവിറ്റി" കൂടാതെ ''വളരെ ഉയർന്ന സെൻസിറ്റിവിറ്റി''.

''വളരെ ഉയർന്ന സെന്സിറ്റിവിറ്റി'' ഉള്ള കിറ്റുകൾ SARS-CoV-2 കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സാധ്യതയുണ്ട്. ഈ കിറ്റുകൾ മൂക്കിൽ നിന്നുള്ള സ്വാബ് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത.

എങ്ങനെയാണ് പരിശോധന നടത്തുന്നത്?

പരിശോധനാ കിറ്റുകളിൽ ആവശ്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരിക്കും (വീഡിയോ ലിങ്കിലേക്ക് നയിക്കുന്ന QR കോഡും). നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ചാൽ കൃത്യമായ ഫലം ലഭിക്കാൻ സാധ്യത കൂടുന്നു.

പരിശോധനാ കിറ്റനുസരിച്ച് മൂക്കിലെ സ്രവങ്ങളുടെയോ ഉമിനീരിന്റെയോ ഒരു സാമ്പിൾ ശേഖരിക്കുന്നു. ഇത് നിങ്ങൾ രാസപദാർത്ഥത്തിൽ വയ്ക്കുന്നു.

ഇതിന് ശേഷം നിങ്ങളുടെ സാമ്പിൾ അടങ്ങിയ രാസ ലായനി തുള്ളികൾ ഒരു ഇൻഡിക്കേറ്റർ ഉപകരണത്തിൽ ഒഴിക്കുന്നു -  ഒരു ഗർഭ പരിശോധന (പ്രെഗ്നൻസി ടെസ്റ്റ്) പോലെ. പരിശോധനാ ഫലം നിറം മാറുന്നതിലൂടെ വ്യക്തമാകുന്നു. 

കൃത്യമായ ഫലം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

അംഗീകൃത പരിശോധനാ കിറ്റുകൾ വീട്ടിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് TGA വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിലയിരുത്തിയ ശേഷം തയ്യാറാക്കിയിരിക്കുന്നവയാണ് ഇവ.

  • കാലാവധി കഴിഞ്ഞോ എന്ന് പരിശോധിക്കുക. കാലാവധി കഴിഞ്ഞ കിറ്റുകൾ ഉപയോഗിക്കരുത്
  • ചില കിറ്റുകൾ ഉപയോഗത്തിന് 30 മിനിറ്റ് മുൻപ് റൂം ടെമ്പറേച്ചറിൽ ആയിരിക്കണം. അതുകൊണ്ട് മുൻ‌കൂർ തയ്യാറെടുപ്പ് ആവശ്യമാണ്.
  • മൂക്കിൽ നിന്നുള്ള സ്വാബാണ് എടുക്കുന്നതെങ്കിൽ സാമ്പിൾ എടുക്കുന്നതിന് മുൻപ് മൂക്ക് ചീറ്റുക. ഉമിനീരെടുക്കുന്ന സാഹചര്യത്തിൽ സാമ്പിൾ എടുക്കുന്നത്തിന് 10 മിനിറ്റ് മുൻപ് വരെ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
  • സാമ്പിൾ മലിനമാകാതെ നോക്കണം. ഏത് പരിശോധനയാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിലും നിങ്ങൾ ഉപയോഗിക്കുന്ന മേശയും നിങ്ങളുടെ കൈയും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
  • സ്വാബ് എടുക്കാനായി മൂക്കിലേക്ക് ഇടുന്ന അറ്റം കൈകൊണ്ട് തൊട്ട് മലിനമാക്കരുത് 
  • ഇൻഡിക്കേറ്റർ ഉപകരണത്തിൽ രാസ ലായനി തുള്ളികൾ അധികമായി ഒഴിക്കുന്നത് ഒഴിവാക്കുക.
  • നിർദ്ദേശിച്ചിരിക്കുന്ന സമയത്തിന് തന്നെ ഫലം അറിയുക. ഇതിന് ശേഷം ഫലം ശരിയാകണമെന്നില്ല.

വ്യത്യസ്ത വരകൾ എന്താണ് അർത്ഥമാക്കുന്നത്?

രണ്ട് വരകളാണ് (ഇൻഡികേറ്ററിൽ തെളിഞ്ഞ് വരുന്ന വരകൾ) പ്രധാനം. ഒന്ന് C എന്ന വരയാണ്. പരിശോധന കൃത്യമായി നടക്കുന്നുണ്ടോ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റൊന്ന് T അല്ലെങ്കിൽ Ag.

C എന്ന വര തെളിഞ്ഞില്ലെങ്കിൽ പരിശോധന അസാധുവാണ്. പരിശോധനാ കിറ്റിന്റെ കാലാവധി കഴിഞ്ഞതായിരിക്കാം അല്ലെങ്കിൽ പരിശോധന ശരിയായ രീതിയിൽ ചെയ്തില്ല എന്നാണ് ഇതിന്റെ അർത്ഥം.

C എന്ന വര തെളിഞ്ഞ് വരികയും T അല്ലെങ്കിൽ Ag തെളിഞ്ഞ വരാതിരിക്കുകയും ചെയ്താൽ ഫലം നെഗറ്റീവാണ് (നിങ്ങൾക്ക് കൊവിഡ് രോഗം ഉണ്ടാകാൻ സാധ്യത കുറവാണ്).

രണ്ട് വരകളും തെളിഞ്ഞാൽ ഫലം പോസിറ്റീവാണ്. (നിങ്ങൾക്ക് കൊവിഡ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്).
 Both the C and T lines need to show up for a positive COVID result.
Both the C and T lines need to show up for a positive COVID result. Source: AAP

ഇനിയെന്ത് ചെയ്യണം ?

നിങ്ങൾക്ക് നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യവുമാണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ നെഗറ്റീവ് ഫലം ലഭിക്കുകയും രോഗ ലക്ഷണങ്ങൾ ഉള്ള സാഹചര്യവുമാണെങ്കിൽ PCR പരിശോധന നടത്തി ഉറപ്പാക്കുക. അതുവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.

ഫലം പോസിറ്റീവാണെങ്കിൽ എത്രയും വേഗം PCR പരിശോധന നടത്തി ഫലം സ്ഥിരീകരിക്കുക. അതുവരെ സ്വയം ഐസൊലേറ്റ് ചെയ്യുക.


Share

Published

Updated

By SBS Malayalam
Source: The Conversation, SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service