ശ്രീലങ്കയിൽ നിന്ന് ഏഴു വർഷം മുമ്പ് ബോട്ടിലെത്തിയ ശ്രീലങ്കൻ ദമ്പതികളായ പ്രിയ, നടേശലിംഗം എന്നിവരെയും, ഓസ്ട്രേലിയയിൽ ജനിച്ച ഇവരുടെ രണ്ടു പെൺകുട്ടികളെയുമാണ് ബ്രിഡ്ജിംഗ് വിസ കാലാവധി കഴിഞ്ഞതോടെ തിരിച്ചയക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഇവരെ തിരിച്ചയക്കാനായി മെൽബണിൽ നിന്ന് വിമാനത്തിൽ കയറ്റിയെങ്കിലും, അവസാന നിമിഷം കോടതി സ്റ്റേ അനുവദിച്ചതോടെ കുടുംബം ഡാർവിനിൽ ഇറങ്ങിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ കേസ് അടിയന്തരമായി പരിഗണിച്ചാണ് ഫെഡറൽ കോടതി സ്റ്റേ നീട്ടിയത്.
അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും, അതുവരെ കുടുംബത്തിലെ രണ്ടു വയസുകാരി തരുണിക്കയെ നാടുകടത്തരുത് എന്നുമാണ് കോടതി ഉത്തരവ്.
കുടുംബത്തിലെ മറ്റു മൂന്നംഗങ്ങളുടെയും കാര്യത്തിൽ ഉത്തരവില്ലാത്തതിനാൽ സർക്കാർ എന്തു നടപടിയെടുക്കും എന്ന് വ്യക്തമല്ല. എന്നാൽ രണ്ടു വയസുള്ള ഒരു പെൺകുട്ടിയെ ഓസ്ട്രേലിയയിൽ പാർപ്പിച്ചുകൊണ്ട് കുടുംബത്തിലെ മറ്റംഗങ്ങളെ നാടുകടത്തും എന്നു കരുതുന്നില്ല എന്ന് ഇവരുടെ അഭിഭാഷക പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏറെ നാടകീയമായ രംഗങ്ങൾക്കൊടുവിലായിരുന്നു വ്യാഴാഴ്ച രാത്രി ഇവർ മെൽബണിൽ നിന്ന് വിമാനം കയറിയത്. പ്രിയയെയും നടേശലിംഗത്തെയും ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി നിരവധി പേർ വിമാനത്താവളത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഡാർവിനിലെ ഹോട്ടലിൽ തങ്ങുന്ന ഇവരെ ഓസ്ട്രേലിയക്ക് സംരക്ഷിക്കേണ്ട കടമയില്ലെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ അഭിപ്രായപ്പെട്ടു. ബോട്ടുമാർഗ്ഗം എത്തിയ ഇവർക്ക് ഓസ്ട്രേലിയ അഭയം നൽകേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനു പിന്നാലെയായിരുന്നു ഫെഡറൽ കോടതിയുടെ ഉത്തരവ്.
കോടതി ഉത്തരവിൽ ഏറെ ആശ്വാസമുണ്ടെന്നും ഓസ്‌ട്രേലിയ തങ്ങൾക്ക് അഭയം നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും പ്രിയ എസ് ബി എസ് തമിഴ് പരിപാടിയോട് പറഞ്ഞു.
ബുധനാഴ്‌ച വൈകുന്നേരം നാല് മണിവരെയാണ് കുട്ടിയുടെ നാടുകടത്തൽ കോടതി വൈകിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ കേസിന്മേൽ കോടതി വീണ്ടും വാദം കേൾക്കും.
2012 - 2013 കാലയളവിൽ അഭയാർഥികളായി ശ്രീലങ്കയിൽ നിന്ന് ബോട്ടിൽ ഓസ്‌ട്രേലിയയിൽ എത്തിയതാണ് നടേശലിംഗവും പ്രിയയും. താത്കാലിക ബ്രിഡ്ജിങ് വിസയിൽ രാജ്യത്ത് തങ്ങിയ ഇവരുടെ വിസ കാലാവധി 2018 മാർച്ചിൽ അവസാനിച്ചിരുന്നു. തുടർന്ന് ബ്രിസ്‌ബൈനിലെ ബിലോളയിലുള്ള വീട്ടിൽ നിന്ന് പൊലീസ് ഇവരെ മെൽബണിലെ അഭയാർത്ഥി കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
ഇവർക്ക് എതിരായിട്ടായിരുന്നു ഹൈക്കോടതിയും വിധിച്ചത്. ഓഗസ്റ്റ് 29 വ്യാഴാഴ്ച ആയിരുന്നു ഇവർക്ക് രാജ്യം വിടാനുള്ള സമയപരിധി.
ഓസ്‌ട്രേലിയയിൽ ജനിച്ച നാല് വയസ്സും രണ്ട് വയസ്സും പ്രായമായ പെൺകുട്ടികൾ ഉള്ള ഇവരെ ഓസ്‌ട്രേലിയയിൽ നിന്നും നാടുകടത്തുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടന്നിരുന്നു. ഇവരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കണമെന്നഭ്യർത്ഥിച്ച് പിന്തുണയ്ക്കുന്നവർ കുടിയേറ്റ കാര്യമന്ത്രി ഡേവിഡ് കോൾമാന് നിവേദനം നൽകുകയും ചെയ്തിരുന്നു.
തങ്ങളുടെ കുടുംബത്തിന് എൽ ടി ടി യുമായി നേരത്തെ ബന്ധമുണ്ടായിരുന്നതിനാൽ ശ്രീലങ്കയിൽ എത്തിയാൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്നും അതിനാൽ ഓസ്‌ട്രേലിയ സംരക്ഷണം നൽകണമെന്നുമാണ് നടേശലിംഗത്തിന്റെയും കുടുംബത്തിന്റെയും അഭ്യർത്ഥന.
തമിഴ് കുടുംബത്തിന്റെ നാടുകടത്തൽ തടയുന്നതിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇടപെടണമെന്നാവശ്യപ്പെട്ട് ലേബർ പാർട്ടിയും രംഗത്തെത്തി. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഈ കുടുംബത്തെ രാജ്യത്ത് തങ്ങാൻ അനുവദിക്കണമെന്ന് ലേബർ സെനറ്റർ ക്രിസ്റ്റിന കെനെല്ലി അഭ്യർത്ഥിച്ചു.
ഇവരെ രാജ്യത്ത് തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.