ഈ വർഷം ഏപ്രിൽ 17 മുതലാണ് സ്‌പോൺസേർഡ് പേരന്റ് (താത്കാലിക) സബ്ക്ലാസ്സ് 870 അനുവദിച്ചു തുടങ്ങുന്നത്. ഈ ഗണത്തിൽ ഏതാണ്ട് 15,000 വിസകൾ ഓരോ വർഷവും അനുവദിച്ചു നൽകുമെന്ന് കുടിയേറ്റ കാര്യ മന്ത്രാലയം വ്യക്തമാക്കി.
വിസ നടപ്പിലാകുന്നതോടെ അഞ്ച് വർഷം അടുപ്പിച്ച് മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിൽ തങ്ങാൻ കഴിയും. മക്കളോടും കൊച്ചുമക്കളോടുമൊപ്പം കൂടുതൽ കാലം മാതാപിതാക്കൾക്ക് തങ്ങാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിസ നടപ്പിലാക്കുന്നത്. ഇത് ഓസ്‌ട്രേലിയൻ കുടുംബങ്ങളിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയായശേഷം ഇവർക്ക് രാജ്യത്തു കൂടുതൽ നാൾ തങ്ങാനായി മറ്റൊരു വിസക്ക് കൂടി അപേക്ഷിക്കാവുന്നതാണ്.
അഞ്ച് വര്ഷത്തിനു ശേഷം ചുരുങ്ങിയ കാലത്തേക്ക് ഓസ്‌ട്രേലിയക്ക് പുറത്തുപോകുകയും മറ്റൊരു അഞ്ച് വർഷ വിസക്ക് വീണ്ടും അപേക്ഷിക്കുകയും ചെയ്യാം.
അങ്ങനെ പരമാവധി പത്തു വര്‍ഷം അച്ഛനമ്മമാര്‍ക്ക് തുടര്‍ച്ചയായി ഓസ്‌ട്രേലിയയില്‍ ജീവിക്കാൻ അവസരം നൽകുന്നതാണ് പുതിയ വിസ നിയമം.
നിലവിലുള്ള സന്ദര്‍ശക വിസകള്‍ ഉപയോഗിച്ച് പന്ത്രണ്ട് മാസം മാത്രമേ തുടര്‍ച്ചയായി രാജ്യത്ത് ജീവിക്കാന്‍ കഴിയൂ. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം മാത്രമാണ് വീണ്ടും സന്ദര്‍ശനം നടത്താന്‍ കഴിയുക.
നീണ്ട കാലത്തേക്ക് അച്ഛനമ്മമാർക്ക് രാജ്യത്ത് നിൽക്കാൻ കഴിയുന്ന വിസയുടെ ഫീസും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
മൂന്നു വര്‍ഷ വിസക്ക് ഒരാള്‍ക്ക് 5000 ഡോളറും, അഞ്ചു വര്‍ഷ വിസക്ക് 10,000 ഡോളറും പത്ത് വർഷത്തേക്ക് 20,000 ഡോളറുമാണ് ഫീസ്. സ്പോണ്സർഷിപ്പിനായുള്ള അപേക്ഷയുടെ ഫീസ് 420 ഡോളറാണ്.
എന്നാൽ അച്ഛനമ്മമാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന മക്കളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നൽകുന്ന കടുപ്പമേറിയ വ്യവസ്ഥകളോടെയാണ് നിയമം നടപ്പിലാകുന്നത്.
ഏതെങ്കിലും ഒരു ഓസ്‌ട്രേലിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകളോ, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളോ ഉണ്ടായാൽ അതും സ്‌പോണ്‍സര്‍മാര്‍ തന്നെ വഹിക്കണം.
മാത്രമല്ല ഈ വിസയിൽ എത്തുന്ന മാതാപിതാക്കൾക്ക് ഇവിടെ ജോലി ചെയ്യാൻ അനുവാദം ഇല്ല. കൂടാതെ, ഒരു കുടുംബത്തില്‍ ഒരാളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമേ ഒരേ സമയത്ത് വിസ അനുവദിക്കൂ.
ഈ വ്യവസ്ഥകളിൽ ഏതെങ്കിലും പാലിക്കാത്ത പക്ഷം സ്‌പോൺസർഷിപ്പ് റദ്ദാക്കും. ഈ സാഹചര്യത്തിൽ അച്ഛനമ്മമാർ ഓസ്ട്രേലിയ വിടുകയോ മറ്റൊരു സ്‌പോൺസറെ കണ്ടെത്തുകയും ചെയ്യണമെന്നും കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.
ഒരിക്കൽ സ്‌പോൺസർഷിപ്പ് റദ്ദാക്കുന്ന സ്പോൺസർക്ക് പിന്നീട് അച്ഛനമ്മമാരെ സ്പോൺസർ ചെയ്യാനും കഴിയില്ല.
കഴിഞ്ഞ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം നല്‍കിയിരുന്ന താല്‍ക്കാലിക പേരന്റ് വിസ നിയമമാണിത്.
കഴിഞ്ഞ വർഷ നവംബറിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായ ഈ നിയമം ഈ വർഷം നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.