ആറു വർഷം വരെ പഴക്കമുള്ള ഹ്യൂണ്ടായി ടക്സൻ മോഡൽ കാറുകളാണ് തിരികെ വിളിക്കാൻ ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ (ACCC) നിർദ്ദേശിച്ചത്.
2015 മുതൽ 2021 വരെ പുറത്തിറക്കിയ മോഡലുകളിലാണ് എഞ്ചിന് തീപിടിക്കാം എന്ന ആശങ്കയുള്ളത്.
കാറിലെ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ (ABS) ഇലക്ട്രോണിക് സർക്യൂട്ട് ബോർഡിലാണ് തകരാറ്. ഈ ബോർഡിൽ ജലാംശമുണ്ടായാൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയുണ്ടെന്ന് ACCC ചൂണ്ടിക്കാട്ടി.
ഇത് എഞ്ചിൻ കംപാർട്ട്മെന്റിൽ തീപിടിത്തത്തിന് കാരണമാകാം.
കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തിരിക്കുമ്പോൾ പോലും അപകടസാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ഈ ഇലക്ട്രോണിക് സർക്യൂട്ട് ബോർഡിൽ എപ്പോഴും ബാറ്ററി ഊർജ്ജം ഉള്ളതിനാലാണ് അത്.
വാഹനം അപകടത്തിൽപ്പെടാനോ, തീപിടിത്തമുണ്ടായി ഗുരുതരമായ പരുക്കോ മരണമോ തന്നെ സംഭവിക്കാനോ സാധ്യതയുണ്ട് എന്നാണഅ ACCC ചൂണ്ടിക്കാട്ടിയത്.
ആകെ 93,572ലേറെ കാറുകൾക്ക് ഈ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) ഉപയോഗിച്ച് ഈ വാഹനങ്ങൾ തിരിച്ചറിയാം.
ഈ വാഹനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം എന്നാണ് ഉടമകൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾക്കൊ കെട്ടിടങ്ങൾക്കോ സമീപം പാർക്ക് ചെയ്യരുത്.
ഗാരേജിനുള്ളിലും പാർക്ക് ചെയ്യരുത് എന്നാണ് നിർദ്ദേശം.
വാഹനങ്ങളുടെ ഉടമകളെ ഹ്യൂണ്ടായി കമ്പനി നേരിട്ട് ബന്ധപ്പെടുകയും, തൊട്ടടുത്തുള്ള ഡീലറുടെ അടുത്തേക്ക് കാർ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.
വാഹനത്തിന്റെ ABS സര്ക്യൂട്ട് ബോർഡിൽ ഒരു റിലേ കിറ്റ് ഘടിപ്പിക്കുകയായിരിക്കും ചെയ്യുക. ഇതിലൂടെ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനാകുമെന്ന് ACCC അറിയിച്ചു.
സൗജന്യമായിട്ടായിരിക്കും ഇത് ചെയ്യുക.