കൊറോണവൈറസ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലെ യാത്രാ വിലക്കിനെ തുടർന്ന് തിരിച്ചെത്താൻ കഴിയാതെ ആയിരക്കണക്കിന് ഓസ്ട്രേലിയൻ പൗരന്മാരും റെസിഡന്റ്സും ഇന്ത്യയിൽ തുടരുന്നുണ്ട്.
ഇവർക്കായി ഏർപ്പെടുത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് 70ഓളം മലയാളികളും ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്.
ചെന്നൈയിൽ നിന്ന് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് തിരിച്ച വിമാനം, തിങ്കളാഴ്ച പുലർച്ചെയോടെ അഡ്ലൈഡിലെത്തി. ആകെ 375ഓളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
നിരവധി കൊച്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കുടുംബങ്ങളും, ഇന്ത്യയിലേക്ക് യാത്ര പോയിരുന്ന ഓസ്ട്രേലിയക്കാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അഡ്ലൈഡ് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ വിമാനജീവനക്കാർ ക്യാബിനിൽ അണുനാശിനി സ്പ്രേ ചെയ്തു. തുടർന്ന് വിമാനത്താവളത്തിൽ തന്നെ എല്ലാ യാത്രക്കാർക്കും പ്രാഥമിക ആരോഗ്യപരിശോധന നടത്തി.
അതിനു ശേഷം അഡ്ലൈഡ് പുൾമാൻ ഹോട്ടലിലാണ് എല്ലാ യാത്രക്കാരെയും പാർപ്പിച്ചിരിക്കുന്നത്. ഇവർ ഇവിടെ 14 ദിവസം സർക്കാർ ചെലവിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും.

Source: Supplied: Tinson Thomas
അതിനു ശേഷമാകും സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയുക.
രണ്ടു ദിവസത്തിനു ശേഷം ആരോഗ്യവകുപ്പ് ജീവനക്കാരെത്തി കൊറോണവൈറസ് പരിശോധന നടത്തുമെന്ന് അറിയിച്ചതായും ഇക്കൂട്ടത്തിലുള്ള ചങ്ങനാശേരി സ്വദേശി ടിൻസൻ തോമസ് പറഞ്ഞു.

Tinson Thomas with wife Nimmy at Chennai airport Source: Supplied: Tinson Thomas
ഈ അനുഭവം മറക്കാനാവില്ല
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ഈ യാത്രയെന്നും ടിൻസൻ തോമസ് പറഞ്ഞു.
“വല്ലാത്തൊരു അനുഭവമായിരുന്നു. ഇനിയൊരിക്കലും അനുഭവിക്കാൻ താൽപര്യമില്ലാത്ത അനുഭവം.”
കേരളത്തിനു പുറമേ, തമിഴ്നാട്, കർണാടകം പോണ്ടിച്ചേരി, ആന്ധ്ര, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളിലുള്ളവരും ചെന്നൈ വഴിയാണ് വന്നത്.

Source: Supplied
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ചെന്നൈയിലേക്ക് ബസ് ഏർപ്പാടാക്കിയിരുന്നു. ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയലയവുമായി സഹകരിച്ച് ബസുകൾക്കു വേണ്ട യാത്രാ പാസ് നൽകിയെന്ന്, ദക്ഷിണേന്ത്യയിൽ ഇത് ഏകോപിപ്പിച്ച ബ്രിസ്ബൈൻ സ്വദേശി കാസ്പർ സൈമൺസൻ പറഞ്ഞു.

Source: Supplied
കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു മിക്ക യാത്രക്കാരുമെന്നും, കുഞ്ഞുങ്ങളെയും കൊണ്ട് പൊലീസ് പരിശോധനയ്ക്ക് ഇടയിലൂടെ യാത്ര ചെയ്യേണ്ടിവന്നത് പലർക്കും പ്രയാസമായിരുന്നുവെന്നും കാസ്പർ ചൂണ്ടിക്കാട്ടി.
വിദേശകാര്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും ഈ യാത്രയുടെ വിവരം അറിയിച്ചെങ്കിലും, പലയിടത്തും പ്രാദേശിക പൊലീസ് അതറിഞ്ഞിരുന്നില്ല.
ഹൈദരാബാദിൽ നിന്നുള്ള ബസ് പൊലീസ് പരിശോധനയെത്തുടർന്ന് ഏറെ മണിക്കൂറുകളാണ് ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടിരുന്നത്. ലോക്ക് ഡൗൺ മൂലമുള്ള പരിശോധനകളായിരുന്നു.
ബംഗളുരുവിൽ നിന്നുള്ള ബസ് പ്രാദേശിക പൊലീസുദ്യാഗസ്ഥർ തടഞ്ഞുവച്ചതോടെ സിറ്റി പൊലീസ് കമ്മീഷണറെ നേരിൽ ബന്ധപ്പെടേണ്ടിവന്നു.
Supported two flights to 🇦🇺 today with @AusHCIndia - JT2846 #Delhi to Melb. and JT2850 #Chennai to Adelaide. 819 aboard both flights, taking total returned from India to 1688. The flights were organised by Simon Quinn & team. Thanks 🇮🇳 for help. @MarisePayne @dfat pic.twitter.com/1qK2kVw6Xx
എന്നാൽ കേരളത്തിൽ ബസിനെ പൊലീസ് തടയുന്ന സംഭവങ്ങളൊന്നുമുണ്ടായില്ലെന്ന് ടിൻസൻ തോമസ് പറഞ്ഞു.
മൂന്നു ബസുകളാണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്. കൊച്ചിയിൽ നിന്നുള്ള ബസിൽ 7,000 രൂപയായിരുന്നു ഒരാൾക്ക് നൽകേണ്ട നിരക്ക്.
അതേസമയം, കൊച്ചിയിലേക്ക് എത്തിച്ചേരുന്നതായിരുന്നു ഏറ്റവും വലിയ സമ്മർദ്ദമെന്ന് പേരു വെളിപ്പെടിുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു യാത്രക്കാരൻ പറഞ്ഞു. കാറിൽ യാത്ര ചെയ്യുമ്പോൾ പല തവണയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.
ഹൈക്കമ്മീഷൻ നൽകിയ യാത്രാ രേഖ ഉണ്ടായിരുന്നെന്നും, പൊലീസിന്റെ ഭാഗത്തു നിന്ന് മോശം അനുഭവം ഉണ്ടായില്ലെന്നും ഈ യാത്രക്കാരൻ അറിയിച്ചു.

Source: Supplied
ഇനിയും തിരിച്ചെത്താനാകാതെ നിരവധി പേർ
ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ നിരവധി ഓസ്ട്രേലിയൻ മലയാളികളാണ് ഇപ്പോഴും കേരളത്തിൽ ഉള്ളത്.
പലരും ആദ്യഘട്ടത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ മടിച്ചുനിന്നവരാണ്. എന്നാൽ ചെന്നൈ-അഡ്ലൈഡ് വിമാനം എത്തിയതോടെ, കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ കഴിയുമോ എന്ന ശ്രമം ഊർജ്ജിതമായിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ചാർട്ടേഡ് സർവീസുകൾ ഉണ്ടാകില്ല എന്നാണ് ഇത് ഏർപ്പെടുത്തിയ മൊണാർട്ട്-സതേൺ അവ് ചാർട്ടർ എന്നീ കമ്പനികളുടെ അറിയിപ്പ്.