രാജ്യത്ത് 18 വയസിന് മേൽ പ്രായമായവർക്ക് നൽകാനുള്ള ബൂസ്റ്റർ ഡോസ് വാക്‌സിനാണ് TGA താത്കാലിക അനുമതി നൽകിയിരിക്കുന്നത്.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദ്ദേശിക്കുന്നതെന്ന് TGA അറിയിച്ചു.
നവംബർ എട്ട് മുതലാകും പൊതുജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. എന്നാൽ, ATAGI യുടെ നിർദ്ദേശപ്രകാരമാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരൊക്കെയാണ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കേണ്ടതെന്നും, എന്ന് മുതലാണ് ഇവ വിതരണം ചെയ്യേണ്ടതെന്നുമുള്ള കാര്യങ്ങളിൽ ATAGIയുടെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് സർക്കാർ.
വാക്‌സിൻ വിതരണ പദ്ധതിക്ക് സമാനമായി, ഏജ്ഡ് കെയർ മേഖലയിൽ ആകും ഇത് ആദ്യ നൽകുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
വാക്‌സിന്റെ രണ്ട് ഡോസുകളും വൈറസിൽ നിന്ന് സുരക്ഷാ നൽകുന്നുണ്ടെന്നും, ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നത് വഴി കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുമെന്നും TGA തലവൻ ജോൺ സ്‌കെറിറ്റ് ചൂണ്ടിക്കാട്ടി.
കൊവിഡ് ബൂസ്റ്റർ വാക്‌സിന്റെ കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ അടുത്ത ദേശീയ ക്യാബിനറ്റിൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ജനുവരി ഒന്ന് ആകുമ്പോഴേക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ട് ആറ് മാസം തികഞ്ഞ 16 ലക്ഷം പേർ രാജ്യത്ത് ഉണ്ടാകുമെന്നും സ്‌കെറിറ്റ് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ രോഗപ്രതിരോധശേഷി കുറഞ്ഞവർക്കുള്ള ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അമേരിക്കയിൽ 65 മേൽ പ്രായമായവർക്കും, ബ്രിട്ടനിൽ 50ന് മേൽ പ്രായമായവർക്കും ബൂസ്റ്റർ വാക്‌സിൻ വിതരണത്തിന് അനുമതി ലഭച്ചിട്ടുണ്ട്. കൂടാതെ, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും, മുൻനിര ആരോഗ്യ പ്രവർത്തകർക്കും വിതരണം ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.
Share


