കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും ന്യൂസിലന്റുമായുള്ള അതിർത്തി അടച്ചത്. അതിർത്തി അടച്ച് 400 ദിവസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച ന്യൂസിലന്റിൽ എത്തി.
സിഡ്‌നിയിൽ നിന്നുള്ള ജെറ്റ്സ്റ്റാർ വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ ഓക്‌ലാന്റിൽ എത്തിയത്.
വികാരനിർഭരമായ മുഹൂർത്തങ്ങൾക്കാണ് ഇരു രാജ്യങ്ങളുടെയും വിമാനത്താവളങ്ങൾ സാക്ഷ്യം വഹിച്ചത്.
ഓസ്‌ട്രേലിയയുമായി യാത്രാ ബബ്ബിൾ ഉടൻ സാധ്യമാക്കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആർഡീൻ രണ്ടാഴ്ച മുൻപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയക്കാർക്കായി ന്യൂസിലാന്റ് അതിർത്തി തുറന്നത്.
ഞായറാഴ്ച രാത്രി വെല്ലിംഗ്ടൺ സമയം 11.59നാണ് ഓസ്‌ട്രേലിയയുമായുള്ള യാത്രാ ബബ്ബിൾ തുടങ്ങിയത്.
ഇതോടെ ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലന്റിലേക്ക് ഇനി ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാം.
അൻസാക് ദിനത്തിന് മുന്നോടിയായി ട്രാൻസ്-ടാസ്മാൻ ബബ്ബിൾ സാധ്യമായത് ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
യാത്ര എങ്ങനെ സാധ്യമാകും?
ഓസ്‌ട്രേലിയയിൽ നിന്ന് ക്വാറന്റൈൻ ഇല്ലാതെ ഇനി ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാം. എന്നാൽ പഴയ രീതിയിലായിരിക്കില്ല ഇനിയുള്ള യാത്ര.
യാത്രക്കായി തയ്യാറെടുക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
- ന്യൂസിലന്റിൽ എത്തിയ ശേഷം ന്യൂസിലന്റ് അധികൃതർക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്ന കാര്യം അറിയിക്കണം
- വിമാനത്തിൽ മാസ്ക് ധരിക്കണം
- NZ COVID Tracer ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം
മാത്രമല്ല ഫ്ലൂവോ ജലദോഷമോ ഉള്ളവർക്ക് യാത്രചെയ്യാൻ അനുവാദം നൽകില്ലെന്ന് ജസിന്ത ആർഡീൻ അറിയിച്ചു.
രോഗവ്യാപനം തടയാനുള്ള കരുതൽ നടപടികൾ എന്ന നിലയിൽ വിമാനത്താവളങ്ങളിൽ ശരീര താപനില പരിശോധന നടത്തുമെന്നും, ഓസ്‌ട്രേലിയയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ വച്ച് മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരുമായി സമ്പർക്കം പുലർത്താൻ അനുവദിക്കില്ലെന്നും ജസിന്ത വ്യക്തമാക്കി.
ക്വണ്ടസ്, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലന്റ് എന്നീ വിമാനകമ്പനികൾ ട്രാൻസ് ടാസ്മാൻ ബബ്ബിളിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ ഒക്ടോബർ 31 നു ശേഷം മാത്രമേ വിർജിൻ ഓസ്ട്രേലിയ ന്യൂസിലന്റ് സർവീസുകൾ പുനരാരംഭിക്കുകയുള്ളു.
അതേസമയം ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് വാക്‌സിൻ നിർബന്ധമല്ല.
വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടാൽ അതിർത്തി അടയ്ക്കും
കൊറോണബാധ പൊട്ടിപ്പുറപ്പെട്ടാൽ ഉടൻ തന്നെ യാത്രാ ബബ്ബിൾ നിർത്തലാക്കുമെന്നു ജസിന്ത ആർഡീൻ അറിയിച്ചു.
അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിൽ നിന്നെത്തുന്നവർ പെട്ടെന്നുണ്ടാകാവുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറായി വേണം യാത്ര ചെയ്യാനെന്നും ജസിന്ത പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ ക്വാറന്റൈൻ ചെയ്യണ്ടി വന്നാൽ യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും ജസിന്ത സൂചിപ്പിച്ചു.
മറ്റ് രാജ്യങ്ങളുമായി അതിർത്തി തുറക്കുമോ?
മറ്റ് വിദേശ രാജ്യങ്ങളുമായി യാത്രാ ബബ്ബിൾ തുടങ്ങുന്ന കാര്യത്തെക്കുറിച്ച് സർക്കാർ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.
എന്നാൽ കൂടുതൽ രാജ്യങ്ങളുമായി യാത്രാ ബബ്ബിൾ സാധ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിംഗപ്പൂരുമായുള്ള യാത്രാ ബബ്ബിളിനെക്കുറിച്ച് കഴിഞ്ഞയാഴ്ച സർക്കാർ സൂചിപ്പിച്ചിരുന്നു.
വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളുമായി യാത്രാ ബബ്ബിൾ തുടങ്ങുന്ന കാര്യം ചർച്ചയിലാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മൈക്കൽ മക്കോർമാക് എ ബി സി യോട് പറഞ്ഞു.
അതേസമയം മറ്റ് വിദേശ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര അതിർത്തി തുറക്കുന്നതിൽ തിടുക്കം കാട്ടുന്നില്ലെന്നാണ് മോറിസൺ അറിയിച്ചത്.
ഏറെ ശ്രദ്ധയോടെയും സൂക്ഷമതയോടെയുമാകും അതിർത്തി തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.