ആറു കോടി ഡോളർ മുടക്കി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പരസ്യം ചെയ്തിട്ടും ഒറ്റ സീറ്റു പോലും നേടാനാവാതെ വ്യവസായഭീമൻ ക്ലൈവ് പാമറുടെ യൂണൈറ്റഡ് ഓസ്ട്രേലിയ പാർട്ടി.
രണ്ടു പ്രമുഖ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവിനേക്കാൾ കൂടുതലായിരുന്നു യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടിയുടെ പരസ്യച്ചെലവ്.
രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും ഇന്റർനെറ്റിലും മാത്രമല്ല, റോഡുവക്കിലും ഷോപ്പിംഗ് സെന്ററുകളിലുമുള്ള പരസ്യബോർഡുകളിലുമെല്ലാം UAPയുടെ മഞ്ഞ നിറത്തിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നിറഞ്ഞിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്ക്ക് നിയന്ത്രണമുള്ള ദിവസങ്ങളിൽ പോലും ഇന്റർനെറ്റിൽ UAPയുടെ പരസ്യം സജീവമായിരുന്നു.

A billboard featuring Australian businessman and former politician, Clive Palmer is seen on Vulture Street in Brisbane Source: AAP
ഇത്രയും പരസ്യം നൽകിയിട്ടും ക്ലൈവ് പാമറുടെ പാർട്ടിക്ക് ആകെ നേടാനായത് 3.4 ശതമാനം വോട്ടുകൾ മാത്രമാണ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ മാത്രമല്ല, സെനറ്റിൽ പോലും പാർട്ടിക്ക് ഒരു സീറ്റും നേടാൻ ആവശ്യമുള്ള വോട്ടു കിട്ടിയിട്ടില്ല.
ക്ലൈവ് പാമറുടെ രാഷ്ട്രീയ ജീവിതം തന്നെ ഇതോടെ അവസാനിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എന്നാൽ, ലിബറൽ സഖ്യത്തിന്റെ വിജയത്തിൽ താൻ നിർണായക പങ്കുവഹിച്ചു എന്ന് ഇതിനകം തന്നെ ക്ലൈവ് പാമർ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ലേബർ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു എന്നാണ് പാമറുടെ വാദം.
പാമറുടെ നെഗറ്റീവ് പ്രചാരണം ലേബർ പാർട്ടിയെ ബാധിച്ചെന്ന് ലേബർ ഉപനേതാവ് ടാനിയ പ്ലിബർസെകും സമ്മതിച്ചു.
ലഭിച്ചിട്ടുള്ള ഓരോ വോട്ടിനും 1500 ഡോളർ വീതം ക്ലൈവ് പാമർ ചെലവാക്കിയിട്ടുണ്ടെന്നാണ് എ ബി സി തെരഞ്ഞെടുപ്പ് വിദഗ്ധൻ ആന്റണി ഗ്രീൻ ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പബ്ലിക് ഫണ്ടിംഗ് നിലനിൽക്കുന്ന ഓസ്ട്രേലിയയിൽ, ലഭിക്കുന്ന ഓരോ വോട്ടിനും 2.75 ഡോളർ വീതമായിരക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നൽകുക.