സർക്കാരിന്റെ VET FEE-HELP പദ്ധതിയെ ചൂക്ഷണം ചെയ്ത് സ്വകാര്യ കോളേജുകൾ നടത്തിയ ചതിയിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് ലോണാണ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്.
തൊണ്ണൂറു മില്യൺ ഡോളറിന്റെ വായ്പയാണ് സർക്കാർ ഇതുവരെ എഴുതി തള്ളിയിരിക്കുന്നത്. നഷ്ടപരിഹാര തുക ഇനിയും ഉയരുമെന്നാണ് സൂചന.
വഞ്ചിക്കപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് സ്‌കിൽസ് ആൻഡ് വൊക്കേഷണൽ എജ്യൂക്കേഷൻ മന്ത്രി മെക്കെല ക്യാഷ് അറിയിച്ചു.
വൊക്കേഷണൽ എജ്യൂക്കേഷൻ ട്രെയിനിങ് (VET) കോഴ്സുകൾക്ക് സർക്കാർ നേരത്തെ വിദ്യാഭ്യാസ വായ്പ (VET FEE-HELP) നല്‍കിയിരുന്നു. എന്നാൽ സ്വകാര്യ കോളേജുകൾ ഈ പദ്ധതിയെ ചൂഷണം ചെയ്യുന്നത് മനസ്സിലാക്കി 2017 ൽ VET FEE-HELP പദ്ധതി നിർത്തലാക്കി.

Michaelia Cash at Parliament House in Canberra. Source: AAP
പദ്ധതി പ്രകാരം കോഴ്സുകൾ ആരംഭിച്ച പല വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ പഠനത്തിനായി സർക്കാർ നൽകുന്ന VET FEE-HELP ലോണ്‍ കോളേജുകൾ നേടിയെടുക്കുകയും ചെയ്തു. ഇത് അടച്ചുതീര്‍ക്കേണ്ട ബാധ്യത വിദ്യാര്‍ത്ഥികളുടെ മേലായിരുന്നു.
പഠനം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ള പലരെയും പോലും കോളേജുകളുടെ സെയിൽസ് ഏജന്റമാർ വാഗ്‌ദാനം നൽകി കബളിപ്പിക്കുകയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് ലീഗൽ എയ്ഡ് വിഭാഗത്തിലെ ജോ ഇവാൻസ് പറഞ്ഞു. ഇത്തരത്തിൽ പഠനം പൂർത്തിയാക്കാനാവാത്ത അനേകം വിദ്യാർത്ഥികളാണ് കടക്കെണിയിൽ പെട്ടിരിക്കുന്നതെന്ന് .
കബളിക്കപ്പെട്ടവരിൽ കുടിയേറ്റക്കാരും: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
പല കോളേജുകളും പഠന സമയത്ത് സ്വന്തമായി ലാപ്ടോപ്പും പഠനം പൂർത്തിയാവുമ്പോൾ ജോലിയും ഉൾപ്പെടെയുള്ള വാഗ്‌ദാനങ്ങൾ നൽകിയാണ് വിദ്യാർത്ഥികളെ കോഴ്സുകളിൽ ചേർത്തത്.
കബളിക്കപ്പെട്ടവരിൽ കൂടുതലും കുടിയേറ്റക്കാരും, തൊഴിൽ രഹിതരും, ജോലിയ്ക്കായി ശ്രമിക്കുന്നവരുമാണെന്ന് കൺസ്യൂമർ ആക്ഷൻ ലോ സെന്റർ സി ഇ ഒ ജെറാർഡ് ബ്രോഡി പറഞ്ഞു. സെന്റർ ലിങ്ക് ഓഫീസുകളിൽ വരുന്നവരെയും ഉൾനാടൻ പ്രദേശങ്ങളിലുള്ള ആദിമവർഗ്ഗക്കാരെയും ലക്ഷ്യം വച്ച് ഇത്തരം കബളിപ്പിക്കലുകൾ നടന്നതായും അദ്ദേഹം വെളിപ്പെടുത്തി.
എണ്ണായിരത്തോളം വിദ്യാർത്ഥികൾക്കാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സംശയിക്കുന്നവർ VET സ്റ്റുഡന്റ് ലോൺ ഓംബുഡ്സ്മാനെ സമീപിക്കണമെന്ന് ജെറാർഡ് ബ്രോഡി അറിയിച്ചു.
പരാതി കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് http://www.ombudsman.gov.au/How-we-can-help/vslo എന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.