കൊറോണപ്രതിസന്ധിക്ക് മുമ്പുള്ള കാലത്ത് ഓരോ മൂന്നു മിനിട്ടിലും ഓസ്ട്രേലിയയിൽ ഒരാൾക്ക് വീതം പുതുതായി പെർമനന്റ് റെസിഡൻസി വിസ കിട്ടുന്നു എന്നായിരുന്നു കണക്കുകൾ. എന്നാൽ വർഷം 40,000 ലേറെ PR അപേക്ഷകൾ നിരസിക്കാറുമുണ്ട്.
PR അപേക്ഷകൾ നിരസിക്കാനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ ഇവയാണ്
വിസ വ്യവസ്ഥകളുടെ ലംഘനം
മുമ്പ് ലഭിച്ചിരുന്ന വിസയുടെ വ്യവസ്ഥകൾ ലംഘിച്ചു എന്നതാണ് പെർമനന്റ് റെസിഡൻസി അപേക്ഷ നിരസിക്കാനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നെന്ന് അഡ്ലൈഡിൽ മൈഗ്രേഷൻ ഏജന്റായ മാർക്ക് ഗ്ലാസ്ബ്രൂക്ക് പറയുന്നു.
ഉദാഹരണത്തിന്, സ്റ്റുഡന്റ് വിസയിലുള്ള ഒരാൾക്ക് നിരവധി കാരണങ്ങൾ കൊണ്ട് PR അപേക്ഷ നിരസിക്കപ്പെടാമെന്ന് അദ്ദേഹം എസ് ബി എസ് ഹിന്ദിയോട് ചൂണ്ടിക്കാട്ടി.
അനുവദനീയമായതിൽ കൂടുതൽ സമയം ജോലി ചെയ്യുക, യൂണിവേഴ്സിറ്റിയിൽ കൃത്യമായി ഹാജരാകാതിരിക്കുക, പഠനനിലവാരം പുലർത്താതിരിക്കുക തുടങ്ങിയവയെല്ലാം PR നിരസിക്കുന്നതിലേക്ക് നയിക്കാം.
സന്ദർശക വിസയിലെത്തിയ ഒരാൾ ജോലി ചെയ്തതായി തെളിഞ്ഞാൽ അയാളുടെ PR അപേക്ഷയും നിരസിക്കപ്പെടാം. സന്ദർശക വിസക്കാർക്ക് ജോലി ചെയ്യാൻ അനുമതിയില്ല.
സ്പോൺസേർഡ് തൊഴിൽ വിസയിലുള്ളവർ മറ്റൊരു തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്യുന്നതും പെർമനന്റ് റെസിഡൻസി ലഭിക്കാൻ തടസ്സമാകാം എന്ന് മാർക്ക് ഗ്ലാസ്ബ്രൂക്ക് ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങൾ നൽകുക
പരസ്പര ബന്ധമില്ലാത്തതോ, തെറ്റായതോ ആയ വിവരങ്ങൾ അപേക്ഷക്കൊപ്പം സമർപ്പിച്ചാൽ PR നിരസിക്കാം എന്നു മാത്രമല്ല, അടുത്ത മൂന്നു മുതൽ 10 വരെ വിസ നൽകുന്നതിൽ നിന്ന് വിലക്കാനും സാധ്യതയുണ്ടെന്ന് മാർക്ക് ഗ്ലാസ്ബ്രൂ്ക്ക് പറഞ്ഞു.
പബ്ലിക് ഇന്ററസ്റ്റ് ക്രൈറ്റീരിയ (PIC) 4020 എന്ന വ്യവസ്ഥ പ്രകാരമാണ് ഇത്.
തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക, ഉൾനാടൻ പ്രദേശത്ത് ജീവിച്ച് ജോലി ചെയ്തു എന്ന് വ്യാജ തെളിവുകൾ സമർപ്പിക്കുക, സ്പൗസ് വിസ ലഭിക്കാനായി വ്യാജ വിവാഹ തെളിവുകൾ നൽകുക തുടങ്ങിയവയെല്ലാം ഇത്തരത്തിൽ 10 വർഷം വരെ വിലക്കു കിട്ടാവുന്ന തെറ്റുകളാണ്.
സ്കിൽഡ് കുടിയേറ്റത്തിൽ പോയിന്റ് കിട്ടാനായി തൊഴിൽ വിവരങ്ങൾ തെറ്റായി കാണിച്ചാലും വിസ അപേക്ഷ നിരസിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക
ഓസ്ട്രേലിയയിലെ സാമൂഹ്യ സുരക്ഷാ വിഭാഗത്തിനുമേലുള്ള അമിത ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, വിസ അപേക്ഷകർക്ക് അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ഈ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തവരുടെ വിസ അപേക്ഷകൾ നിരസിക്കാം.
വിസ നൽകിക്കഴിഞ്ഞാൽ അവരുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയൻ പൊതുഖജനാവിൽ നിന്ന് വലിയ തോതിൽ ചെലവുണ്ടാകുമോ എന്ന് കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുക.
എന്നാൽ, ഓസ്ട്രേലിയയിലേക്ക് വരാൻ വിസക്കായി അപേക്ഷിക്കുന്നവർ മാത്രമല്ല ഈ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കേണ്ടത്. അപേക്ഷയിലുൾപ്പെടാത്ത കുടുബാംഗങ്ങളും ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
സ്വഭാവ പരിശോധനയിൽ പരാജയപ്പെടുക
സ്വഭാവ പരിശോധനയിൽ പരാജയപ്പെടുന്നതാണ് ഏറ്റവുമധികം PR അപേക്ഷകൾ നിരസിക്കാനുള്ള ഒരു പ്രധാന കാരണമെന്ന് മൈഗ്രേഷൻ ഏജന്റ് മാർക്ക് ഗ്ലാസ്ബ്രൂക്ക് ചൂണ്ടിക്കാട്ടുന്നു.
ക്രിമിനൽ കേസുകളുണ്ടെങ്കിലോ, ജയിൽ വാസം അനുഭവച്ചിട്ടുണ്ടെങ്കിലോ അപേക്ഷ നിരസിക്കപ്പെടാം.
ഗാർഹിക പീഡനം, കുട്ടികളെ പീഡിപ്പിക്കുക, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ ആരോപണങ്ങൾ ഉണ്ടെങ്കിൽ പോലും അപേക്ഷ നിരസിക്കാൻ കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിന്റെ അപര്യാപ്തത
പല PR വിസകളും അപേക്ഷിക്കുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതം തുടങ്ങാൻ ആവശ്യമായ ഫണ്ട് കൈവശമുണ്ടെന്ന് തെളിവ് നൽകേണ്ടി വരും.
ഇക്കാര്യത്തിൽ പരസ്പരബന്ധമില്ലാത്തതോ, അപര്യാപ്തമോ ആയ വിവരങ്ങൾ സമർപ്പിച്ചാലും, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ കഴിയാതെ വന്നാലും അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട്.
ഓസ്ട്രേലിയൻ സർക്കാരിനോട് സാമ്പത്തി ബാധ്യതകളുള്ളതും PR അപേക്ഷ തള്ളാൻ കാരണമാകാമെന്ന് മാർക്ക് ഗ്ലാസ്ബ്രൂക്ക് പറഞ്ഞു.
തെറ്റായ വിസയ്ക്ക് അപേക്ഷിക്കുക
അപേക്ഷിക്കാനുള്ള വിസ തെരഞ്ഞെടുക്കുന്നതിൽ വരുന്ന പാളിച്ചയാണ് മറ്റു പലരുടെയും അപേക്ഷ തള്ളാൻ കാരണം.
കുടിയേറ്റ നയത്തിൽ സ്ഥിരമായി മാറ്റം വരികയും, മാനദണ്ഡങ്ങൾ ഇടക്കിടെ മാറുകയും ചെയ്യുന്നതിനാൽ വിസ അപേക്ഷകൾ ഏറെ ആശയക്കുഴപ്പം നിറഞ്ഞ നടപടിയാകാം.
നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കുന്നതിലേക്ക് നയിക്കാം.
വിസയ്ക്ക് ആവശ്യമായ യോഗ്യതകളില്ലാത്തപ്പോൾ
ഓരോ പെർമനന്റ് റെസിഡൻസി വിസയ്ക്കും വ്യത്യസ്തമായ യോഗ്യതാ മാനദണ്ഡങ്ങളാകും ഉണ്ടാകുക. നിരവധി മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ വിസ ലഭിക്കൂ.
ഇതിൽ ഏതെങ്കിലും ഒരു യോഗ്യത ഇല്ലെങ്കിൽ പോലും വിസ അപേക്ഷ തള്ളാം എന്നാണ് മാർക്ക് ഗ്ലാസ്ബ്രൂക്ക് ചൂണ്ടിക്കാട്ടുന്നത്.
വിസ അപേക്ഷ നിരസിച്ചാൽ എന്തു ചെയ്യാം?
വിസ അപേക്ഷ സർക്കാർ തള്ളുകയാണെങ്കിൽ അതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യൂണലിനെ സമീപിക്കാൻ കഴിയും.
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ അപ്പീൽ നൽകണം.
ആഭ്യന്തര വകുപ്പിലെ തീരുമാനം തിരുത്താനും, മറ്റൊരു തീരുമാനമെടുക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ട്.
ട്രൈബ്യൂണൽ തീരുമാനത്തിലും തൃപ്തിയില്ലെങ്കിൽ ഫെഡറൽ സർക്യൂട്ട് കോടതിയെയും സമീപിക്കാൻ കഴിയും.