മെൽബണിലെ ക്രെയ്‌ഗിബേണിൽ തിങ്കാളാഴ്ച രാത്രിയാണ് സംഭവം. ക്രെയ്‌ഗിബേണിലെ ഇന്ത്യൻ റെസ്റ്റോറന്റിന് മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്ത് നിന്ന് സുഹൃത്തുമായി സംസാരി്ക്കുകയായിരുന്നു വനിത് ബൻസാൽ. വനിതിന്റെ നാല് വയസ്സുകാരനായ മകൻ ഇതേ കാറിനുള്ളിൽ ഉറക്കത്തിലായിരുന്നു.
റെസ്റ്റോറന്റിന് മുന്നിൽ സ്റ്റാർട്ട് ചെയ്തിട്ട കാറിനടുത്തേക്ക് മറ്റൊരു വാഹനം പാഞ്ഞു വന്നു. ഇതിൽ നിന്നും മോഷ്ടാവ് വനീതിന്റെ കാറിലേക്ക് കയറുകയും വാഹനവുമായി കടന്നു കളയുകയുമായിരുന്നു. കാറിനുള്ളിൽ ഉറങ്ങിക്കിടന്ന നാല് വയസ്സുകാരനുമായാണ് മോഷ്ടാവ് കാർ തട്ടിയെടുത്തത്.
തന്റെ കാർ തട്ടിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട വനിത് സുഹൃത്തുക്കളുമൊത്ത് കാറിനെ പിന്തുടർന്നു. നിമിഷങ്ങൾക്കകം സമീപപ്രദേശത്തെ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
നോക്കി നിൽക്കെ തന്റെ കുട്ടിയും കാറും തട്ടിക്കൊണ്ട് പോകുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് വനിത്. കാർ മോഷണം പോയതായി മനസ്സിലായ ഉടൻ തന്നെ കാറിനെ പിന്തുടരുകയായിരുന്നുവെന്ന് വനീത് ബൻസാൽ നയൻ ന്യൂസിനോട് പറഞ്ഞു. കുട്ടി ഇപ്പോൾ സുരക്ഷിനാണെന്നും വനിത് പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികളും കാറിന് സമീപത്തെത്തിയിരുന്നു. കുട്ടി നിർത്താതെ കരയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഉടൻ തന്നെ പൊലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ ഇത് വരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന തെളിവുകളോ ഡി എൻ എ യോ കാറിൽ നിന്ന് ലഭിക്കുമോ എന്നറിയാൻ പൊലീസ് കാർ പിടിച്ചെടുത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള കുറ്റകൃത്യം കുട്ടികളെ പരോക്ഷമായി ബാധിക്കുമെന്ന് ഡിറ്റക്റ്റീവ് സീനിയർ കോൺസ്റ്റബിൾ ടിം ഗിബ്‌സൺ പറഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.