മെയ് ഒൻപതിന് ഫെഡറൽ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ, പേരന്റ് വിസ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് എസ് ബി എസ് ഇന്നലെ പുറത്തുവിട്ടത്.
ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർക്കുന്നവരുടെ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന ഒരു താത്കാലിക വിസ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് കുടിയേറ്റ കാര്യ സഹമന്ത്രി അലക്സ് ഹോക് എസ് ബി എസ് നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്.
വര്‍ഷം 15,000 പേര്‍ക്കായിരിക്കും ഈ വിസക്കായി അപേക്ഷിക്കാന്‍ കഴിയുക.
നിയമം പാര്‍ലമെന്റില്‍ പാസാകുകയാണെങ്കില്‍ ഈ വര്‍ഷം നവംബറോടെ വിസ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അറിയേണ്ട കാര്യങ്ങൾ
1 . ഈ വിസ പ്രകാരം പരമാവധി പത്തു വർഷമാണ് മാതാപിതാക്കൾക്ക് ഇവിടെ താങ്ങാൻ കഴിയുക
2 . ഇതിന്റെ ചിലവ് $20,000 ആക്കാനാണ് പദ്ധതി
3 . ഈ വിസയിൽ എത്തുന്ന മാതാപിതാക്കൾക്ക് ഇവിടെ പെര്മനെന്റ് റെസിഡൻസി ലഭ്യമാകില്ല
4 . മാതാപിതാക്കൾക്ക് പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് എടുക്കുകയും അതിന്റെ ചിലവ് മക്കൾ വഹിക്കുകയും ചെയ്യേണ്ടതാണ്
5. ഈ വിസയിൽ ഇവിടേക്കെത്തുന്ന മാതാപിതാക്കൾക്ക് രാജ്യത്തു ജോലി ചെയ്യാൻ അനുവാദമില്ല
10 വർഷ വിസ ആവശ്യമില്ലാത്തവർക്ക് മൂന്ന് വർഷ വിസക്കും അഞ്ചു വർഷ വിസക്കും അപേക്ഷിക്കാവുന്നതാണ്. മൂന്ന് വർഷ വിസക്ക് 5,000 ഡോളറും അഞ്ച് വർഷ വിസക്ക് 10,000 ഡോളറുമാണ് ചിലവ്. ഇത് ഒറ്റ തവണ മാത്രമേ പുതുക്കാൻ അനുവാദമുള്ളൂ . അതും ഇതേ ചിലവിൽ അഞ്ച് വർഷത്തേക്ക് മാത്രം.
സ്പോൺസർ ചെയ്യാൻ
ഓസ്‌ട്രേലിയൻ പൗരത്വമുള്ളവർ, ഓസ്‌ട്രേലിയൻ പെര്മനെന്റ് റസിഡന്റ്, യോഗ്യതയുള്ള ന്യൂസിലാൻഡ് പൗരത്വമുള്ളവർ എന്നിവർക്ക് മാത്രമേ മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് താത്കാലിക വിസയിൽ സ്പോൺസർ ചെയ്യുവാൻ അനുവാദമുള്ളൂ.