മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്ട്രേലിയൻ പാർലമെന്റിനുള്ളിൽ ബ്രിട്ട്നി ഹിഗിൻസിനെ ബലാത്സംഗം ചെയ്ത അതേ ഉദ്യോഗസ്ഥനെതിരെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു സ്ത്രീകൾ കൂടി ഇന്ന് രംഗത്തെത്തി. ഇതോടെ ആരോപണ വിധേയനായ മുൻ പാർലമെന്റ് ഉദ്യോഗസ്ഥനെതിരെ നാലു പേരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വോളന്റിയറായി പ്രവർത്തിച്ചപ്പോഴാണ് ഇവരിൽ ഒരാൾക്ക് നേരെ ലൈംഗീകാതിക്രമമുണ്ടായത്. സ്കൂൾ പഠനം കഴിഞ്ഞയുടനെയാണ് ഇവർ വോളന്റിയറായി പ്രവർത്തിക്കാനെത്തിയത്. പേര് വെളിപ്പടുത്താൻ തയ്യാറായിട്ടില്ലെങ്കിലും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമപരമായ സത്യവാങ്മൂലവും ഇവർ നൽകിയിട്ടുണ്ട്.
2017ൽ കാൻബറയിലെ ഒരു ബാറിൽ വെച്ച് ഇതേ ആരോപണവിധേയൻ തുടയിൽ തട്ടിയെന്ന് മറ്റൊരു സ്ത്രീയും ആരോപിച്ചു. പാർലമെന്റിൽ ഒപ്പം ജോലി ചെയ്യുന്ന പല പുരുഷന്മാരിൽ നിന്നും ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും പരാതിക്കാരി ABC യോട് പ്രതികരിച്ചു. പേരു വെളിപ്പെടുത്താതിരുന്ന ഇവർ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പാർലമെന്റ് ജീവനക്കാരിയായിരുന്ന ബ്രിട്ട്നി ഹിഗിൻസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു സ്ത്രീയും കഴിഞ്ഞ ദിവസം ഇതേ ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയിരുന്നു.
2019ൽ ഓസ്ട്രേലിയൻ പ്രതിരോധവ്യവസായ മന്ത്രിയുടെ ഓഫീസിൽ വച്ച് മറ്റൊരു ജീവനക്കാരൻ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞയാഴ്ചയാണ് പാർലമെന്റ് ജീവനക്കാരിയായിരുന്ന ബ്രിട്നി ഹിഗിൻസ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ പോലീസിന് പരാതി നൽകുമെന്നും ഹിഗിൻസ് വ്യക്തമാക്കിയിരുന്നു.
സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ ഒന്നിനു പുറകെ ഒന്നായി ലൈംഗീക പരാതികൾ ഉയരുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഹിഗിൻസിന്റെ പരാതി വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.
പാർലമെന്റുമായി ബന്ധപ്പെട്ടുയരുന്ന തുടർച്ചായായ ഇത്തരം സംഭവങ്ങളിൽ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചു. നേരത്തെ ബ്രിട്നി ഹിഗിൻസിന് നേരിട്ട ദുരനുഭവത്തിലും പരാതി കൈകാര്യം ചെയത രീതിയിലും പ്രധാനമന്ത്രി മാപ്പ് പറഞ്ഞിരുന്നു.
തുടർച്ചയായ ആരോപണങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി സൈമൺ ബർമിങ്ഹാം പറഞ്ഞു. പാർലമെന്റ് സുരക്ഷിതമായ ഒരു തൊഴിലിടമായി മാറണമെന്നും ഇരകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് തന്നെ അവർക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബർമിങ്ഹാം പറഞ്ഞു.
പാർലമെന്റിലെ തൊഴിൽ സംസ്കാരത്തെ പറ്റി സ്വതന്ത്ര അവലോകനം നടത്തുന്നതിനായി സർക്കാർ മറ്റ് രാഷ്ട്രീയ കക്ഷികളുമായി ഈ ആഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.