പന്ത്രണ്ട് വര്‍ഷം മുമ്പാണ് മെല്‍ബണ്‍ സ്വദേശി ഉദയ് മോഹന്‍ദാസ് അവയവദാനത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
അടുത്ത ബന്ധുവിനു വേണ്ടി വൃക്ക ദാതാവിനെ തേടുകയായിരുന്നു. യോജിച്ച ഒരു ദാതാവിനെ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ അന്നാണ് ഉദയ് ആദ്യമായി നേരില്‍ കാണുന്നത്.
എന്തുകൊണ്ട് അവയവങ്ങള്‍ ദാനം ചെയ്തുകൂടാ എന്ന, അന്നുമുതല്‍ മനസിലുള്ള ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഉദയിന് കഴിഞ്ഞത് ഇപ്പോഴാണ്. ഒറ്റയ്ക്കല്ല, ഭാര്യ ദീപ്തി ഗോപിനാഥും, മറ്റ് 29 ജോഡി മലയാളി ദമ്പതികള്‍ക്കും ഒപ്പം.
മെല്‍ബണിലെ ഉത്സവ് മലയാളി സമാജ് എന്ന കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 30 ജോഡി മലയാളി ദമ്പതികള്‍ ഒരുമിച്ച് അവയവദാനത്തിന് മുന്നോട്ടു വന്നത്.

Source: Supplied
ഇവര്‍ ഉള്‍പ്പെടെ മൊത്തം 76 പേര്‍ ഈ വേദിയില്‍ അവയവദാനത്തിന് സമ്മതപത്രം നല്‍കി.
തെറ്റായ ധാരണകള്‍ കാരണമാണ് പലരും അവയവ ദാനത്തിന് തയ്യാറാകാത്തതെന്ന് ഉദയ് പറയുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തന്റെ ഭാര്യക്ക് പോലും ആദ്യം എതിര്‍പ്പുണ്ടായിരുന്നെന്നും, എന്നാല്‍ തെറ്റായ ധാരണകള്‍ നീക്കിയപ്പോള്‍ ഭാര്യയും സമ്മതപത്രത്തില്‍ ഒപ്പിടാന്‍ തയ്യാറായി എന്നും അദ്ദേഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഉദയിനെ മാത്രമല്ല, അവയവദാനത്തിന് തയ്യാറായി മുന്നോട്ടുവന്ന മറ്റു പലരെയും വ്യക്തിപരമായ അനുഭവങ്ങളാണ് അതിന് പ്രേരിപ്പിച്ചത്.
കൈവിട്ടുപോയ ജീവിതം തിരികെ പിടിക്കാന്‍ ഒരു അവയവദാതാവിനെ കാത്തിരിക്കുന്ന നിരവധി പേരെ നേരില്‍ കണ്ടിട്ടുള്ളതാണ് നഴ്‌സായ സിസില്‍ മാത്യു കോച്ചേരി.
ആദ്യം ഇതില്‍ പങ്കാളിയാകാന്‍ ഭര്‍ത്താവ് അമലിന് മടിയായിരുന്നുവെന്ന് സിസില്‍ പറയുന്നു. പക്ഷേ മരണശേഷം അവയവങ്ങല്‍ ദാനം ചെയ്യുന്നതുകൊണ്ട് ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാകും എന്ന കാര്യം അമലിനോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹവും തയ്യാറായി എന്നാണ് സിസില്‍ ചൂണ്ടിക്കാട്ടിയത്.
മരണാനന്തരം ഏത് അവയവും ദാനം ചെയ്യാന്‍ തയ്യാറാണ് എന്ന സമ്മതപത്രമാണ് ഇതില്‍ പങ്കെടുത്ത നല്ലൊരു ഭാഗം പേരും നല്‍കിയത്.

Source: Supplied
കണ്ണ്, കരള്‍, വൃക്ക, ഹൃദയം, കോര്‍ണിയ, എല്ല്, തോലി തുടങ്ങിയ ഓരോ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രമോ, അല്ലെങ്കില്‍ എല്ലാ അവയങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രമോ ആണ് നല്‍കാന്‍ കഴിയുന്നത്.
അവയവദാനത്തിന് തയ്യാറായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൃത്യമായി നടപ്പാകും എന്ന വിശ്വാസമാണ് ഇപ്പോള്‍ സമ്മതപത്രം നല്‍കുന്നതിനായി മുന്നോട്ടുവരാന്‍ കാരണമായതെന്ന് സിജോ പുതുശ്ശേരി-ഷിബി പുതുശ്ശേരി ദമ്പതികള്‍ പറയുന്നു.

Source: Supplied
മലയാളികള്‍ മാത്രമല്ല, മാര്‍വ ആദിമവര്‍ഗ്ഗ സമൂഹത്തില്‍ നിന്നുള്ള നാലു പേരും ഉത്സവ് മലയാളി സമാജിന്റെ പരിപാടിയിലെത്തി അവയവദാന രജിസ്റ്ററില്‍ ഒപ്പുവച്ചു.
അവയവം മാറ്റിവയ്ക്കല്‍ മേഖലയില്‍ (ട്രാന്‍സ്പ്ലാന്റ്) നഴ്‌സായി ജോലി ചെയ്തതിന്റെ അനുഭവത്തില്‍ നിന്നാണ് ഉത്സവ് മലയാളി സമാജ് പ്രസിഡന്റ് സീനിയ ജോസഫ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ഉത്സവിന്റെ പ്രവര്‍ത്തനം ഒരു ദശാബ്ദം പിന്നിടുമ്പോള്‍ പൊതുസമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്ന് സീനിയ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Siniya & Benny Source: Supplied