ജയ് ഹോ ഇന്ത്യ!
കോമൺവെൽത്ത് ഗെയിംസിനെത്തിയ എല്ലാ ഇന്ത്യൻ കായികതാരങ്ങൾക്കും വിജയാശംസകൾ നേർന്നാണ് ജയ് ഹോ ഇന്ത്യ എന്ന ഗാനം ഗെയിംസ് വില്ലേജിൽ പുറത്തിറക്കിയത്.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗോൾഡ് കോസ്റ്റ് സിറ്റി കൗൺസിൽ മേയർ ടോം ടെയ്റ്റിന്റെയും സന്ദേശങ്ങളോടെയാണ് ഗാനം തുടങ്ങുന്നത്.
കോമൺവെൽത്ത് ഗെയിംസിന്റെ കമ്മ്യൂണിറ്റി അംബാസഡറും, നർത്തകിയുമായ ഗോൾഡ് കോസ്റ്റ് സ്വദേശി ഡോ. ചൈതന്യ ഉണ്ണിയുടെ ആശയത്തിലാണ് ഈ ഗാനം തയ്യാറാക്കിയത്. ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണൻ, നിഖിൽ മാത്യു, ഇഷാൻ ദേവ് എന്നിവർ ചേർന്ന് ജയ് ഹോ ഇന്ത്യ ആലപിച്ചിരിക്കുന്നു.
പുറത്തിറക്കിയത് ഗെയിംസ് വില്ലേജിൽ
ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും, അത്ലറ്റിക് ടീമിലെ മലയാളി താരങ്ങൾക്കും ഡോ. ചൈതന്യ ഉണ്ണി ഗെയിംസ് വില്ലേജിൽ ഗാനത്തിന്റെ സി ഡി കൈമാറി.
എല്ലാ ഇന്ത്യൻ താരങ്ങൾക്കും വിജയാശംസകൾ നേരുന്നതിനൊപ്പം, കേരളത്തെ കോമൺവെൽത്ത് ഗെയിംസിലെത്തുന്നവർക്കു മുന്നിൽ പരിചയപ്പെടുത്തുന്നത് കൂടിയാണ് ഈ ഗാനം. ഗോൾഡ് കോസ്റ്റ് പോലെ സുന്ദരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കേരളം എന്ന ഗോൾഡ് കോസ്റ്റ് മേയറുടെ സന്ദേശത്തോടെയാണ് ഗാനം തുടങ്ങുന്നത്.

Source: Supplied
കേരള സർക്കാരിന്റെ പിന്തുണയാണ് ഗാനം തയ്യാറാക്കാൻ സഹായകരമായതെന്ന് ഡോ. ചൈതന്യ ഉണ്ണി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കെ എസ് ശൈലേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് ബി ടി അനിൽകുമാറും, സംഗീതം ഇഷാൻ ദേവുമാണ്.

Dr. Chaithanya Unni with Indian boxer M C Mary Kom Source: Supplied