വിവിധ സാങ്കേതിക മേഖലകളിൽ ലോകത്തിലെ ഏറ്റവും സമർത്ഥരായ വ്യക്തികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഗ്ലോബൽ ടാലന്റ് ഇൻഡിപെൻഡൻറ് വിസ (GTI) എന്ന പദ്ധതി.
ഏഴു സാങ്കേതിക രംഗങ്ങളിൽ വൈദഗ്ധ്യമുള്ളവർക്ക് അതിവേഗത്തിൽ വിസ അനുവദിക്കുന്നതിനായാണ് കഴിഞ്ഞ നവംബറിൽ ഈ പദ്ധതി തുടങ്ങിയത്.
ഒരു വർഷം കൊണ്ട് 7148 പേർക്ക് ഈ വിസ അനുവദിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
വിസ അപേക്ഷയ്ക്കുള്ള താൽപര്യ പത്രം (Expression of Interest) നൽകി മാസങ്ങൾക്കുള്ളിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റിന്റെ അടിസ്ഥാനത്തിൽ വിസ അപേക്ഷയ്ക്കായി ക്ഷണം ലഭിച്ചാൽ, അർഹരായവർക്ക് ആഴച്കൾക്കുള്ളിൽ തന്നെ PR ലഭിക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ രേഖകൾ വ്യക്തമാക്കി.

GTI program aims to attract talented and highly skilled technologists working in one of the seven designated ‘future-focused’ sectors. Source: Pixabay
ഈ വർഷം ജനുവരി മുതൽ ജൂൺ മാസം വരെ 230 ഇന്ത്യാക്കാർക്കാണ് ഇത്തരത്തിൽ അതിവേഗ വിസ ലഭിച്ചിരിക്കുന്നത്.
ജൂലൈ ഒന്നു മുതൽ ഒക്ടോബർ വരെ 415 ഇന്ത്യൻ പൗരൻമാരെ കൂടി വിസ അപേക്ഷ നൽകാനായി ക്ഷണിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഇതുവരെ ഈ വിസ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്നാമത്തെ വിഭാഗമാണ് ഇന്ത്യൻ പൗരൻമാർ.

GTI വിസയ്ക്കായി 2020 ഒക്ടോബർ വരെ ലഭിച്ച അപേക്ഷകളും, അതിൻമേലുള്ള തീരുമാനവും... Source: Department of Home Affairs
ഇറാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഏറ്റവുമധികം GTI വിസ ലഭിച്ചിരിക്കുന്നത്.
എന്താണ് ‘അതിവേഗ’ ടാലന്റ് വിസ?
ഓസ്ട്രേലിയൻ കുടിയേറ്റ സംവിധാനത്തിൽ ഇപ്പോൾ ഏറ്റവും വേഗത്തിൽ അനുവദിക്കുന്ന പെർമനന്റ് റെസിഡന്റ്സി വിസയാണ് ഗ്ലോബൽ ടാലന്റ് ഇൻഡിപെൻഡന്റ് വിസകൾ.
ഭാവിയിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ഏഴ് മേഖലകളിൽ നിന്നുള്ള അതി വിദഗ്ധരെയാണ് ഈ വിസ ലൿയം വയ്ക്കുന്നത്.
കാർഷിക സാങ്കേതിക വിദ്യ (AgTech), സൈബർ സുരക്ഷ, ഊർജ്ജ-മൈനിംഗ് സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതികവിദ്യ (FinTech), ആരോഗ്യസാങ്കേതിക വിദ്യ (MedTech), ഡാറ്റാ സയൻസ്, സ്പേസ് ആൻറ് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നീ മേഖലകളിലാണ് ഈ വിസ അനുവദിക്കുക.
ഓസ്ട്രേലിയയിൽ വർഷം 1,53,000 ഡോളറിൽ കൂടുതൽ ശമ്പളമുള്ള ജോലി കിട്ടാൻ സാധ്യതയുണ്ട് എന്ന് തെളിയിക്കുന്നവർക്കാണ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുക.
അപേക്ഷിക്കുന്ന മേഖലയിൽ ഓസ്ട്രേലിയയിൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനം നോമിനേറ്റ് ചെയ്യുകയും വേണം.
നിർദ്ദിഷ്ട മേഖലയിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങളുള്ളവർക്കാണ് വിസ ലഭിക്കുന്നത്.
മേഖലയിലെ വൈദഗ്ധ്യം തെളിയിക്കുകയും, ഓസ്ട്രേലിയൻ സമൂഹത്തിൽ നിർണ്ണായക സംഭാവനകൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുകയും വേണം.
എന്നാൽ, സാധാരണ രീതിയിൽ ഓസ്ട്രേലിയൻ PR ലഭിക്കാൻ ആവശ്യമായ പല നിബന്ധനകളും ഈ വിസയ്ക്ക് ബാധകമല്ല.
പ്രായപരിധി, സ്കിൽസ് അസസ്മെന്റ്, ഇംഗ്ലീഷ് പരീക്ഷ തുടങ്ങിയ നിബന്ധനകളാണ് ബാധകമല്ലാത്തത്.
അതിനെക്കാളെല്ലാമുപരി, താൽപര്യപത്രം സമർപ്പിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ തീരുമാനമറിയാനും കഴിയും.
ഡാറ്റാ സയൻസ് മേഖലയിലാണ് ഏറ്റവുമധികം താൽപര്യ പത്രങ്ങൾ ഈ വിസയ്ക്കായി ലഭിച്ചിരിക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.