സിഡ്‌നിയിലെ ബർവുഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ബ്രിന്ദ വെയിൻമാൻ,ഡാറിൽ വെയിൻമാൻ എന്നീ ജി പി മാർ നൽകിയ വാക്സിനേഷനുകളിലാണ് ആരോഗ്യ വകുപ്പ് പിഴവുകൾ കണ്ടെത്തിയത്
ഇവർ ഉപയോഗിച്ച വാക്സിനുകൾ കാലഹരണപ്പെട്ടവയോ, തെറ്റായ രീതിയിൽ സൂക്ഷിച്ചിരുന്നവയോ ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
അതിനാൽ ഈ ജിപി മാർ നൽകിയ വാക്സിനുകൾ ഫലപ്രദമല്ലെന്നും ഈ കാലയളവിൽ ഇവരിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവർ വീണ്ടും വാക്സിൻ എടുക്കേണ്ടിവരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
2010 മുതൽ വാക്‌സിനെടുത്ത ആയിരക്കണക്കിന് പേരെ ബാധിക്കും.
ഇതുവരെ 3000 ത്തോളം പേരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സിഡ്‌നി പബ്ലിക് ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോക്ടർ ലീന ഗുപ്ത അറിയിച്ചു. ഇവരോട് പുതിയ ജി പിയെ കണ്ട് വീണ്ടും വാക്സിൻ എടുക്കുന്നതിനെക്കുറിച്ച് ഉപദേശം തേടണമെന്ന് അറിയിച്ചിട്ടുണ്ട്
എന്നാൽ വാക്സിൻ എടുത്തവരുടെ കൃത്യമായ എണ്ണമോ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളോ ക്ലിനിക്കിൽ ലഭ്യമല്ലെന്ന് ഡോക്ടർ ലീന ഗുപ്ത വ്യക്തമാക്കി. 2010 മുതൽ ഈ ക്ലിനിക്കിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ എത്രയും വേഗം ഡോക്ടർമാരെ കാണണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ആരോപിതരായ ഡോക്ടർമാരിൽ ഡാറിൽ വെയിൻമാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ മരിച്ചു. ബ്രിന്ദ വെയിൻമാൻ കഴിഞ്ഞ മാസം പ്രാക്ടീസ് അവസാനിപ്പിച്ചു.
സംഭവത്തെപ്പറ്റി മെഡിക്കൽ കൗൺസിലും ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് കെയർ കംപ്ലയിന്റ്സ് കമ്മീഷനും കൂടുതൽ അന്വേഷണം നടത്തും.
ക്ലിനിക്കിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് 1800 959 939 എന്ന നമ്പരിൽ അധികൃതരെ ബന്ധപ്പെടാം . www.slhd.nsw.gov.au/publichealthnotices എന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.