സിഡ്‌നിയിലും സമീപപ്രദേശത്തുമാണ് ചൊവ്വാഴ്ച വൈകിട്ട് കനത്തകാറ്റ് ആഞ്ഞടിച്ചത്.
ഹോകിസ്ബറിയിലെ Londonderry Wilberforce, Ebenezer, Agnes Banks, Maroota, South Maroota, Yarramundi, Lower MacDonald, St Albans, Freemans Reach, Wisemans Ferry, Castlereagh, Grose Wold, Canoelands, Oakville എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കാറ്റ് വീശിയത്.
കൂടാതെ ഗ്രെയ്റ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ്, ഹണ്ടർ വാലി, ഇലവാര പ്രദേശങ്ങളിലും ശക്തമായ കാറ്റടിച്ചു. മണിക്കൂറിൽ 106 കിലോമീറ്റര് വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്.
ഇതേതുടർന്ന് 21,000ത്തിലേറെ വീടുകളുടെയാണ് വൈദ്യുതിബന്ധം തകരാറിലായിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതൽ രണ്ട് മണിക്കൂറിൽ സിഡ്നി മെട്രോ പ്രദേശത്ത് നിന്ന് മാത്രം 400 ലേറെ ഫോൺ കോളുകൾ ലഭിച്ചതായി എമർജൻസി വിഭാഗം അറിയിച്ചു. ഇതിൽ അയ്യായിരത്തിലേറെ വീടുകളുടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെത്തുടർന്ന് പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിയ നിലയിലാണ്.
അതിനാൽ പൊട്ടിയ കമ്പികളുടെ സമീപത്തേക്ക് പോകരുതെന്നും ഇവയിൽ നിന്ന് കുറഞ്ഞത് എട്ട് മീറ്റർ അകലം പാലിക്കണമെന്നും ഓസ്ഗ്രിഡ് ട്വീറ്റ് ചെയ്തു.
കാറ്റിന് പുറമെ സിഡ്‌നിയിൽ ശക്തിയേറിയ ഇടിമിന്നലും അനുഭവപ്പെട്ടു. ഇവിടെ 25,000 മിന്നൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് 132 വർഷം പഴക്കമുള്ള ചരിത്രപ്രധാനമായ ഒരു കെട്ടിടത്തിന് തീ പിടിച്ചു.
ആഷ്ഫീൽഡിലുള്ള 1888ൽ പണികഴിപ്പിച്ച ബംഗ്ലാവിനാണ് തീ പിടിച്ചത്.
പത്ത് കിടപ്പ് മുറികളുള്ള കൊട്ടാരത്തിന്റെ ചെമ്പ് കൊണ്ടുള്ള മേൽക്കൂരയാണ് മിന്നലേൽക്കാൻ കാരണമായതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അഗ്നിശമനസേനാംഗങ്ങൾ ഒന്നര മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ അണച്ചത്.
ഗ്രാൻവില്ലിൽ സിഗ്നൽ നൽകുന്ന ഉപകരണത്തിന് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചതിനാൽ സിഡ്നി ട്രെയിൻസിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിന്റെ പടിഞ്ഞാറൻ പ്രദേശത്ത് താപനില 40 ഡിഗ്രിക്ക് മേൽ ഉയരാൻ സാധ്യതയുള്ളതിനാൽ ഇവിടെ സമ്പൂർണ ഫയർ ബാൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ ക്വീൻസ്ലാന്റിലെ ഫ്രേസർ ഐലന്റിൽ പടർന്നു പിടിച്ച കാട്ടു തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ 10 ഹെലികോപ്റ്ററ്ററുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇവിടെ താമസിക്കുന്നവർ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോവാൻ തയ്യാറായിരിക്കണമെന്ന് ക്വീൻസ്ലാൻറ് ഫയർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു.

An aerial image of the K'gari/Fraser Island fire captured on Monday, 30 November, 2020. Source: Queensland Fire and Emergency Services
തീ ഇവിടെയുള്ള K'gari's കിംഗ്‌ഫിഷർ ബേ റിസോർട്ടിലേക്കും വില്ലേജിലേക്കും പടരുന്നതിനാൽ ജനങ്ങൾ പരിസരത്ത് നിന്ന് മാറണമെന്ന് എമർജൻസി വിഭാഗം അറിയിച്ചു.
UNESCO വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച ഫ്രേസർ ഐലന്റിന്റെ 80,000 ഹെക്ടർ പ്രദേശം അഥവാ 50 ശതമാനം ഇതുവരെ കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.