കാലാവസ്ഥാ വ്യതിയാനത്തിൽ സർക്കാർ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ വിദ്യാർത്ഥികൾ പഠിപ്പു മുടക്കി പ്രതിഷേധിച്ചിരുന്നു. ഈ സമരത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അപലപിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച വിദ്യാർത്ഥികൾ വീണ്ടും പഠിപ്പു മുടക്കി പ്രതിഷേധിച്ചത്.
ലോക വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ആഗോളതാപനത്തിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും താപനില വർധിപ്പിക്കുന്ന എണ്ണ, ഗ്യാസ്, കൽക്കരി തുടങ്ങിയവയുടെ ഉപയോഗം കുറച്ച്, പാരമ്പര്യേതര ഊർജ്ജം ഉപയോഗിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകൾ ഏന്തിയായിരുന്നു വിദ്യാർഥികൾ സമരത്തിനെത്തിയത്
വിവിധ സംസ്ഥാനങ്ങളിൽ പാർലമെന്റിലേക്ക് നടന്ന പ്രതിഷധ പ്രകടനങ്ങളിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

Students at the Sydney climate strike Source: Jennifer Scherer
അഡ്ലൈഡിലാണ് തലസ്ഥാന നഗരികളിലെ ആദ്യത്തെ പ്രതിഷേധ മാർച്ച് നടന്നത്. പാർലമെന്ററിലേക്ക് രാവിലെ 11 മണിയോടെയായിരുന്നു മാർച്ച്. പിന്നീട് മെൽബൺ, സിഡ്നി, കാൻബറ, ഹൊബാർട്ട്, ബ്രിസ്‌ബൈൻ എന്നിവിടങ്ങളിലും പ്രതിഷേധ റാലികൾ നടന്നു.
പ്രധാന നഗരങ്ങൾക്ക് പുറമെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളും പതിനായിരങ്ങൾ പങ്കെടുത്ത ഈ പ്രതിഷേധ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ജീലോങ്, ബൈറൺ ബേ, കോഫ്സ് ഹാർബർ, കെയിൻസ്, ടൗൺസ്‌വിൽ എന്നിവിടങ്ങളിലുമാണ് മാർച്ച നടന്നത്.

Source: AAP
അതേസമയം, പ്രതിഷേധത്തെ വിവിധ മുതിർന്ന രാഷ്ട്രീയ നേതാക്കൾ എതിർത്തു. പഠിപ്പുമുടക്കിയല്ല തെരുവിലിറങ്ങേണ്ടത് മറിച്ച് വാരാന്ത്യത്തിലാണ് ഇത്തരം സമരങ്ങൾക്ക് പദ്ധതിയിടേണ്ടതെന്ന് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പാലാഷേ പറഞ്ഞു. പഠന സമയത്ത് സ്കൂൾ ബഹിഷ്കരിക്കുന്നത് ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ഡാൻ ടെഹാൻ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യം നൽകുന്ന അവകാശമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രതിപക്ഷ നേതാവ് മൈക്കിൾ ഡാലെ പറഞ്ഞു. സ്വതന്ത്ര എം പി ജൂലിയ ബാങ്ക്‌സും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇതിനിടെ കാലാവസ്ഥാ വ്യതിയാനത്തിൽ നടപടി ആവശ്യപ്പെട്ട് ആദ്യമായി സമരം ചെയ്ത ഗ്രെത തൻബെർഗ് എന്ന 16 കാരിയായ സ്വീഡിഷ് വിദ്യാർത്ഥിനിയെ ഈ വർഷത്തെ സമാധാനത്തിന്റെ നോബൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്തു. മൂന്ന് നോർവീജിയൻ എം പി മാരാണ് ഗ്രെതയെ ഇതിനായി നോമിനേറ്റ് ചെയ്തത്.