വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് 'ലവ് സോണിയ' എന്ന ബോളിവുഡ് ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന് തുടക്കമിട്ടത്. മെൽബൺ സിറ്റി കൗൺസിലിന്റെ പിന്തുണയോടെയാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്.
പ്രശസ്ത ബോളിവുഡ് താരം റാണി മുഖർജിയാണ് മേളയിലെ മുഖ്യതിഥി. മേളക്ക് മുന്നോടിയായി റാണി മുഖർജി, വിക്കി കൗശൽ, രാജു ഹിറാനി, ഫ്രയ്ട പിന്റോ തുടങ്ങി പതിനഞ്ചിൽ പരം താരങ്ങൾ പങ്കെടുത്ത മാധ്യമ സമ്മേളനം നടന്നു.
സംസഥാന ഹൗസിങ്, ഡിസബിലിറ്റി ആൻഡ് ഏജിങ് മന്ത്രി മാർട്ടിൻ ഫോളി എം പി സമ്മേളനത്തിൽ പങ്കെടുത്തു. സിനിമയുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മാത്രമല്ല, ഈ വർഷത്തെ മേള മെൽബണിലെ 35,000 ത്തോളം ആളുകളെ ആകർഷിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Bollywood actress Rani Mukherji with Martin Foley MP Source: SBS Malayalam
ഇന്ത്യക്കാരുടെ ഇടയിൽ ഒട്ടും പരിചിതമല്ലാത്ത ടോറെറ്റ്സ് സിൻഡ്രോം എന്ന അസുഖത്തെ ആസ്പദമാക്കി നിർമ്മിച്ച ഹിച്ച്കി പോലൊരു ചിത്രത്തിലൂടെ തിരിച്ചുവരാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് റാണി മുഖർജി മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
മകൾക്കൊപ്പമാണ് ഈ വർഷത്തെ മെൽബൺ സന്ദർശനമെന്നും മെൽബൺ പോലൊരു നഗരത്തിൽ ഇത്തരത്തിലൊരു പരിപാടിക്കായി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും റാണി മുഖർജി കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ചലച്ചിത്ര മേളയിൽ 22 ഇന്ത്യൻ ഭാഷകളിലുള്ള അറുപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇവ മെൽബന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോയ്റ്സ് സിനിമയിലൂടെ പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ഐ എഫ് എഫ് എം ഡയറക്ടർ മിതു ബൗമിക്ക് ലാങ്‌ഹേ അറിയിച്ചു. ഇതിൽ മൂന്ന് മലയാള ചിത്രങ്ങളും ഉൾപ്പെടും.
മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിന്റെ രണ്ടു അധ്യായങ്ങൾ ആധാരമാക്കി നിർമ്മിച്ച ഭയാനകം എന്ന ചിത്രമാണ് ഇതിലൊന്ന്. ഫഹദ് ഫാസിൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, 2018 കേരളം സംസ്ഥാന അവാർഡിന് പ്രത്യേക പരാമർശം ലഭിച്ച ദി സമ്മർ ഓഫ് മിറാക്കിൾസ് (അതിശയങ്ങളുടെ വേനൽ) എന്നീ ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മറ്റ് മലയാള ചിത്രങ്ങൾ.

Source: SBS Malayalam
മലയാളത്തിന് പുറമെ രണ്ടു തെലുങ്ക് ചിത്രങ്ങളും ഒരു തമിഴ് ചിത്രവും പ്രദർശനത്തിനുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 12 നു നടക്കുന്ന അവാർഡ് നിശയിൽ മലയാളി താരം കീർത്തി സുരേഷ് പങ്കെടുക്കും.
72 ആമത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ റാണി മുഖർജി ഇന്ത്യൻ പതാക ഉയർത്തി.
പന്ത്രണ്ടു ദിവസം നീളുന്ന ഈ ചലച്ചിത്ര മേളക്ക് ഓഗസ്റ്റ് 22 നു തിരശീല വീഴും.