മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്ട്രേലിയയിൽ ആസ്ട്രാസെനക്ക വാക്സിൻ വിതരണം തുടരുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.ആസ്ട്രാസെനെക്ക വാക്സിൻ ഉപയോഗം സംബന്ധിച്ച് ഓസ്ട്രേലിയൻ ആരോഗ്യ അധികൃതർ ആശങ്കകളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു. ഓക്സ്ഫോർഡ്-ആസ്ട്രാസെനക്ക വാക്സിൻ വിതരണം നിർത്തി വെയ്ക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വാക്സിന്റെ സുരക്ഷയിൽ സർക്കാരിന് വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടണും പറഞ്ഞു.ഓസ്ട്രേലിയൻ സർക്കാർ തിരക്കിട്ടല്ല വാക്സിൻ വിതരണം ആരംഭിച്ചതെന്ന പറഞ്ഞ മന്ത്രി എല്ലാ തെളിവുകളും പരിശോധിക്കുമെന്നും, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സർക്കാർ വളരെ വേഗത്തിൽ ഇടപെടുമെന്നും കൂട്ടി ചേർത്തു. വാക്സിൻ സുരക്ഷിതമാണെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിദഗ്ദ്ധ ഉപദേശം, അതുകൊണ്ട് തന്നെ വാക്സിൻ വിതരണം തുടരുവാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശരീരത്തിലെ രക്തം കട്ടപിടിക്കാൻ വാക്സിൻ ഇടയാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഡെന്മാർക്ക്, ഐസ്ലാൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ആസ്ട്രാസെനക്ക വാക്സിൻ വിതരണം താത്കാലികമായി നിർത്തി വെച്ചത്. വിഷയത്തിൽ യൂറോപ്യൻ മെഡിസിൻസ് റെഗുലേറ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആസ്ട്രാസെനക്ക വാക്സിൻ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീ രക്തം കട്ടപിടിച്ച് മരിച്ചതിനെ തുടർന്നാണ് ഡെന്മാർക്കിൽ രണ്ടാഴ്ചത്തേക്ക് വാക്സിൻ വിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ഡാനിഷ് ആരോഗ്യ അധികൃതർ വ്യക്തമാക്കി.
രക്തം കട്ടപിടിക്കുന്നതും വാക്സിനും തമ്മിലുള്ള ബന്ധത്തെ പറ്റി ഇപ്പോൾ ഒരു നിഗമനത്തിൽ എത്താനാകില്ലെന്ന് പറഞ്ഞ ഡാനീഷ് ആരോഗ്യ മന്ത്രി, സർക്കാർ കരുതൽ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ ആവശ്യമാണെന്നും കൂട്ടി ചേർത്തു.
14 ദിവസത്തേക്കാണ് ഡെന്മാർക്ക് വാക്സിൻ വിതരണം നിർത്തി വച്ചിരിക്കുന്നത്.അതേ സമയം നോർവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം എത്ര ദിവസത്തേക്കാണെന്ന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (എഫ്എച്ച്ഐ) വ്യക്തമാക്കിയിട്ടില്ല. യൂറോപ്യൻ മെഡിസിൻസ് റെഗുലേറ്ററുടെ പരിശോധനാ ഫലം ലഭിക്കുന്നത് വരെ വാക്സിൻ വിതരണം നടത്തില്ലെന്ന് ഐസ് ലാൻഡും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം വാക്സിൻ വിതരണം നിർത്തി വയ്ക്കില്ലെന്ന് ഫ്രാൻസും ജർമ്മനിയും വ്യക്തമാക്കി. വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.