വിക്ടോറിയയിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് മൂന്ന് പുതിയ പ്രാദേശിക വൈറസ്ബാധ കൂടി സ്ഥിരീകരിച്ചു.
ഇതിൽ രണ്ട് പേർ രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് സജ്ജീവമായ കേസുകൾ 54 ആയി.
മെൽബണിലെ രണ്ട് ഏജ്ഡ് കെയറിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആർകെയർ മെയ്ഡസ്റ്റോൺ എന്ന ഏജ്ഡ് കെയറിലെ രണ്ട് ജീവനക്കാർക്കും 99 കാരിയായ താമസക്കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ച ജീവനക്കാരിക്ക് സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുള്ള രോഗബാധിതനുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി അറിയിച്ചു.
കൂടാതെ, ബ്ലൂ ക്രോസ്സ് സൺഷൈൻ എന്ന ഏജ്ഡ് കെയറിലെ ജീവനക്കാരിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ഏജ്ഡ് കെയറുകളും ലോക്ക്ഡൗൺ ചെയ്തിരുന്നു.
ആർകെയർ ഏജ്ഡ് കെയറിലെ രോഗബാധിതയായ അതെ ജീവനക്കാരി തന്നെയാണ് ബ്ലൂ ക്രോസ്സ് സൺഷൈൻ ഏജ്ഡ് കെയറിലും ജോലി ചെയ്തതെന്നും ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.
എന്നാൽ ആർകെയർ മെയ്ഡസ്റ്റോൺ ഏജ്ഡ് കെയറുമായി ബന്ധപ്പെട്ടപുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏജ്ഡ് കെയറിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഏജ്ഡ് കെയർ ജീവനക്കാർക്ക് വാക്‌സിനേഷന് മുൻഗണന നൽകാൻ തീരുമാനിച്ചു. കോമൺവെൽത്തിന്റെ കീഴിലുള്ള സ്വകാര്യ ഏജ്ഡ് കെയറിലെയും റെസിഡൻഷ്യൽ ഡിസബിലിറ്റി മേഖലയിലെയും ജീവനക്കാർക്കാണ് മുന്ഗണന നൽകുന്നത്.
ജൂൺ രണ്ട് മുതൽ ആറ് വരെ, രാവിലെ ഒമ്പത് മണിക്കും നാല് മണിക്കുമിടയിലാണ് ഇവർക്ക് വാക്‌സിനേഷൻ സ്വീകരിക്കാവുന്നതെന്ന് ഡിസബിലിറ്റി, ഏജിംഗ് ആൻഡ് കെയറർസ് മന്ത്രി ലൂക്ക് ഡണ്ണലൻ അറിയിച്ചു.
ഇവർക്ക് വാക്‌സിനേഷൻ ഹബുകളിൽ എത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. നിലവിൽ റെസിഡൻഷ്യൽ ഡിസബിലിറ്റി കെയർ മേഖലയിലുള്ള 22,000 ത്തോളം പേരിൽ 355 പേര് മാത്രമാണ് വാക്‌സിനേഷൻ സ്വീകരിച്ചിരിക്കുന്നത്.
വിറ്റിൽസി, പോർട്ട് മെൽബൺ, ആർ കെയർ മെയ്ഡസ്റ്റോൺ എന്നീ മൂന്ന് ക്ലസ്റ്ററുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും, എല്ലാ കേസുകളും തമ്മിൽ ബന്ധമുള്ളതാണെന്നും കൊവിഡ് ടെസ്റ്റിങ് കമാണ്ടർ ജെറോൺ വീമാർ പറഞ്ഞു.
രോഗബാധിതർ സന്ദർശിച്ച 320 സ്ഥലങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
42,699 പേരിലാണ് പരിശോധന നടത്തിയതെന്നും, സംസ്ഥാനത്ത് 20,484
പേർക്ക് വാക്‌സിനേഷൻ നൽകിയെന്നും സർക്കാർ അറിയിച്ചു.