കഴിഞ്ഞയാഴ്ചയാണ് Migration Amendment (Strengthening the Character Test) Bill 2018 പാർലമെന്റിൽ അവതരിപ്പിച്ചത്.
കുറഞ്ഞത് രണ്ടു വർഷം ജയിൽ ശിക്ഷ കിട്ടാവുന്ന കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടവരുടെ വിസ റദ്ദാക്കുന്നതിനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. അവർക്ക് കോടതി നൽകുന്ന ശിക്ഷ ചെറുതാണെങ്കിൽ പോലും വിസ റദ്ദാക്കി നാടു കടത്തും.
പന്ത്രണ്ട് മാസത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുവദിക്കുന്നവരുടെ വിസ റദ്ദാക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്. ഇതോടൊപ്പമാണ് പുതിയ ഭേദഗതി കൂടെ കൊണ്ടുവരുന്നത്.
പുതിയ നിയമം നിലവിൽ വരുമ്പോൾ കുറ്റം തെളിയുന്നവർ ജയിൽ ശിക്ഷ അനുഭവിച്ചില്ലെങ്കിൽ പോലും അവരുടെ വിസ റദ്ദാക്കും.
രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഒരാൾക്ക് മേൽ ചുമത്തിയിട്ടുള്ളതെങ്കിൽ, അയാളുടെ കുറ്റം തെളിഞ്ഞുകഴിഞ്ഞാൽ വിസ റദ്ദാക്കി നാടു കടത്താനാണ് പുതിയ നിയമമെന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോൾമാൻ പറഞ്ഞു. അയാൾ ജയിൽ ശിക്ഷ അനുഭവിച്ചോ എന്നത് വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രേലിയൻ പൗരൻമാരല്ലാത്ത, ഏതെങ്കിലും വിസകളിൽ ഇവിടെ കഴിയുന്നവർക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.
ഓസ്ട്രേലിയയിലേക്ക് വരാനും ഇവിടെ ജീവിക്കാനും വിദേശപൗരൻമാർക്ക് അവകാശം നൽകുമ്പോൾ അവർ ഓസ്ട്രേലിയൻ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും, സ്വഭാവശുദ്ധിയുള്ളവരായിരിക്കണമെന്നും ഡേവിഡ് കോൾമാൻ പറഞ്ഞു.
ഏതൊക്കെ കേസുകളിൽ കുറ്റം തെളിയുന്നവരെയാണ് ഇത്തരത്തിൽ വിസ റദ്ദാക്കി നാടു കടത്താൻ കഴിയുന്നത് എന്നും ഈ നിയമഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.
- കൊലപാതകം, നരഹത്യ, തട്ടിക്കൊണ്ടുപോകൽ, സായുധ കൊള്ള, അക്രമഭീഷണി തുടങ്ങി മറ്റുള്ളവർക്കെതിരെ നടത്തുന്ന ഏത് അക്രമപ്രവർത്തികളും
- ലൈംഗിക അതിക്രമം, പരസ്പരസമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം, സമ്മതമില്ലാതെ അപമര്യാദയായി പെരുമാറൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കൽ
- മറ്റുള്ളവരുടെ സുരക്ഷ കരുതിയുള്ള കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ ഉത്തരവുകൾ ലംഘിക്കൽ
- ആയുധങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യൽ
- ഈ കുറ്റകൃത്യങ്ങളിൽ ഏതിലെങ്കിലും സഹായിക്കൽ
- രണ്ടുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യൽ
ഈ കുറ്റകൃത്യം ചെയ്യുന്നത് കുട്ടികളാണെങ്കിൽ അവർക്കും നിയമം ബാധകമാണ്. വിദേശത്തുവച്ചാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കിൽ പോലും വിസ റദ്ദാകും.
Share

