ന്യൂസിലാന്റിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച യാത്രാ ബബ്ളിന്റെ ഭാഗമായുള്ള ആദ്യ വിമാനമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.
സിഡ്നിയിലേക്കാണ് ഈ വിമാനം എത്തിയിരിക്കുന്നത്.
ഓക്ക്ല്ന്റിൽ നിന്ന് 200ഓളം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനമാണ് സിഡ്നിയിൽ എത്തിയത്. നിരവധി ആവശ്യങ്ങൾക്കായി ന്യൂസിലന്റിലേക്ക് പോയ ശേഷം തിരിച്ചെത്താൻ കഴിയാതെ പോയ നിരവധി ഓസ്ട്രേലിയക്കാരും ഇതിലുണ്ട്.
- ആദ്യ ദിവസം എത്തുന്നത് മൂന്നു വിമാനങ്ങൾ
- ഹോട്ടൽ ക്വാറന്റൈൻ വേണ്ടിവരില്ല
- ന്യൂസിലാന്റിലേക്ക് യാത്ര ചെയ്യാൻ ബബ്ൾ പ്രകാരം കഴിയില്ല
യാത്രാ ബബ്ൾ തുടങ്ങി ആദ്യ ദിവസം തന്നെ രണ്ടു വിമാനങ്ങൾ കൂടി ന്യൂസിലന്റിൽ നിന്ന് എത്തുന്നുണ്ട്. ആകെ 350ഓളം പേരാകും ആദ്യ ദിവസം എത്തുന്നത്.
മാർച്ച് 29 മുതലായിരുന്നു തിരിച്ചെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ തുടങ്ങിയത്.
എന്നാൽ ട്രാവൽ ബബ്ളിന്റെ ഭാഗമായി ന്യൂസിലന്റിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
അതേസമയം, അവർക്ക് രോഗലക്ഷണങ്ങളില്ല എന്ന് ഉറപ്പാക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു.
വിമാനത്താവളത്തിൽ ഇവർക്ക് പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുമായി ഈ യാത്രക്കാർ സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്.
കഴിഞ്ഞ 14 ദിവസമെങ്കിലും ന്യൂസിലാന്റിൽ ഉണ്ടായിരുന്നവർക്കാണ് ട്രാവൽ ബബ്ളിന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയുക.
സിഡ്നിയിലേക്കും ഡാർവിനിലേക്കും മാത്രമാണ് ഇപ്പോഴത്തെ യാത്ര.
ന്യൂസിലന്റിലേ ഹോട്ട്സ്പോട്ടുകളിലേക്ക് യാത്ര ചെയ്തിട്ടുള്ളവർക്ക് ബബ്ളിന്റെ ഭാഗമാകാൻകഴിയില്ല എന്നാണ് വ്യവസ്ഥ. എന്നാൽ നിലവിൽ ന്യൂസിലന്റിൽ ഹോട്ട്സ്പോട്ടുകളൊന്നുമില്ല.
അതേസമയം, ഓസ്ട്രേലിയക്കാർക്ക് തിരിച്ച് ന്യൂസിലാന്റിലേക്ക് പോകാൻ ഈ ബബ്ളിന്റെ ഭാഗമായി കഴിയില്ല.
എന്നാൽ ന്യൂസിലന്റിലേക്കുള്ള യാത്രയും വൈകാതെ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂസിലന്റ് സർക്കാർ അറിയിച്ചു.