സാമ്പത്തിക വര്‍ഷത്തിന്റെ തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ആഭ്യന്തര ഉത്പാദന നിരക്ക് (GDP) ഇടിയുമ്പോഴാണ് ഒരു രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് (recession) പോയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തികവര്‍ഷ പാദത്തില്‍ GDP 0.3 ശതമാനം ഇടിഞ്ഞിരുന്നു. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉത്പാദനം ഏഴു ശതമാനം ഇടിഞ്ഞു എന്ന കണക്കാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്.
ഇതോടെയാണ് രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയി എന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പ്രഖ്യാപിച്ചത്.
28 വര്‍ഷം നീണ്ട റെക്കോര്‍ഡ് സാമ്പത്തിക വളര്‍ച്ച ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു. കാരണം, നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുള്ള മഹാമാരി ജോഷ് ഫ്രൈഡന്‍ബര്‍ഗ്
കൊവിഡ് ബാധയും, അതോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുമാണ് ഏഴു ശതമാനം ഇടിവിലേക്ക് നയിച്ചതെന്ന് ABS അക്കൗണ്ട്‌സ് മേധാവി മൈക്കല്‍ സ്‌മെഡെസ് പറഞ്ഞു.

1991നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത്. എന്നാല്‍ അന്നത്തേതിനെക്കാള്‍ രൂക്ഷമാണ് ഇപ്പോഴത്തെ ഇടിവ്.
1.3 ശതമാനവും, 0.1 ശതമാനവുമായിരുന്നു 1991ല്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ GDP ഇടിഞ്ഞത്.
7% ഇടിവ് ചരിത്രത്തില്‍ ആദ്യം
ഒരു പാദത്തില്‍ ഏഴു ശതമാനം ഇടിവ് എന്നത് ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.
1959ലാണ് GDP രേഖപ്പെടുത്തി തുടങ്ങിയത്.
അതിനു ശേഷം ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത് 1974ലായിരുന്നു.
2.0 ശതമാനമായിരുന്നു അന്നത്തെ റെക്കോര്‍ഡ് GDP ഇടിവ്.
ട്രഷറി വകുപ്പ് മുന്‍കൂട്ടി കണ്ടിരുന്നതു പോലെയാണ് ഇപ്പോള്‍ സാമ്പത്തികരംഗം പോകുന്നതെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.
ഇത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ട് മറ്റ് വികസിത രാജ്യങ്ങളുടേതിന് സമാനമായ മോശം സാഹചര്യം ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീഡനെ പോലെ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യമോ, ഫ്രാന്‍സിനെ പോലെ തീവ്രമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യമോ ഓസ്‌ട്രേലിയയില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുകാരണം മറ്റെല്ലാ വികസിത രാജ്യങ്ങളെക്കാളും മികച്ച സ്ഥിതിയിലാണ് ഓസ്‌ട്രേലിയ ഇപ്പോഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സര്‍ക്കാരിന്റെ ജോബ്‌മേക്കര്‍, ജോബ്‌ട്രെയിനര്‍ പദ്ധതികള്‍ പോലുള്ള നടപടികളിലൂടെ ഈ മാന്ദ്യത്തില്‍ നിന്ന് പുറത്തുവരാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിയുമെന്നും ട്രഷറര്‍ പറഞ്ഞു.
ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് ബിസിനസുകള്‍ തുറക്കുകയും, ലക്ഷണക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ജോലിയിലേക്ക് തിരിച്ചെത്തിക്കുകയുമാണ് സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുല്‌ള മാര്‍ഗ്ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)

