നോർത്തേൺ ടെറിട്ടറിയിലെ ഹൊവാഡ് സ്പ്രിംഗ്സിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ബുധനാഴ്ച വെളുപ്പിനെയാണ് മൂന്ന് പേർ രക്ഷപ്പെട്ടത്. വെളുപ്പിനെ നാലരമണിയോടെ ഇവിടുത്തെ മതിൽ ചാടിയാണ് ഇവർ പോയത്.
ഇവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി തിരച്ചിൽ നടത്തിയിരുന്നു. കാറുകൾ തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു.
ആറ് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഇവർ രാജ്യാന്തര യാത്രക്കാരാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച നടത്തിയ കൊവിഡ് പരിശോധനയിൽ ഇവർ മൂന്ന് പേരും നെഗറ്റീവ് ആയിരുന്നു.
ഹൊവാഡ് സ്പ്രിംഗ്സിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് 27 വയസുള്ള ഒരാൾ വാരാന്ത്യത്തിൽ രക്ഷപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇവിടെ എത്തിയ ഒരാൾക്ക് കഴിഞ്ഞ ദിവസം ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സിഡ്‌നിയിൽ ഒരു ഒമിക്രോൺ കൂടി
നൈജീരിയയിൽ നിന്ന് സിഡ്‌നിയിലെത്തിയ ഒരാളിൽ കൂടി ഒമിക്രോൺ ബാധ കണ്ടെത്തി.
ദോഹ വഴി സിഡ്‌നിയിൽ എത്തിയ 40ന് മേൽ പ്രായമുള്ളയാൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് ഒമിക്രോൺ വകഭേദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായി ജനിതക പരിശോധന നടത്തി വരികയാണ്.
സിഡ്‌നിയിൽ റിപ്പോർട്ട് ചെയ്ത മറ്റ് കേസുകൾക്കൊപ്പം യാത്ര ചെയ്തയാളാണ് ഇത്. ഇതോടെ സംസ്ഥാനത്ത് കണ്ടെത്തുന്ന ആറാമത്തെ കേസാണിത്.
ഇയാൾ സമൂഹത്തിൽ സജീവമായിരുന്നെന്നും ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയിൽ ആഫ്രിക്കയിൽ നിന്ന് എത്തിയവർ പരിശോധനക്കായി മുൻപോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കുള്ള പിഴ വർദ്ധിപ്പിച്ചു. നിയമം ലംഘിക്കുന്നവർക്ക് 5,000 ഡോളർ പിഴയും, നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 10,000 ഡോളർ പിഴയുമാണ് ലഭിക്കുക.
അതേസമയം, ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രീമിയർ ഡൊമിനിക് പെറോറ്റെ പറഞ്ഞു.